തിരുവനന്തപുരം: സാമ്പത്തിക വളർച്ചയും പാരിസ്ഥിതിക സുസ്ഥിരതയും സന്തുലിതമാക്കുന്ന നീല സമ്പദ് വ്യവസ്ഥാ കാഴ്ചപ്പാട് കേരളം സ്വീകരിക്കുന്നുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സംസ്ഥാന ഫിഷറീസ് വകുപ്പ് കേന്ദ്ര സർക്കാരിന്റെയും യൂറോപ്യൻ യൂണിയന്റെയും സഹകരണത്തോടെ 'രണ്ട് തീരങ്ങൾ,ഒരേ കാഴ്ചപ്പാട്' എന്ന പ്രമേയത്തിൽ സംഘടിപ്പിച്ച ബ്ലൂ ടൈഡ്സ്:കേരള യൂറോപ്യൻ യൂണിയൻ കോൺക്ലേവ് കോവളം ലീലാ റാവിസിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. യൂറോപ്യൻ യൂണിയനുമായുള്ള സഹകരണം,നവീകരണം,സുസ്ഥിരത എന്നിവയിലെ നാഴികക്കല്ലായ ഈ സമ്മേളനം സംഭാഷണത്തിന് വേണ്ടി മാത്രമല്ല,പൊതു ഭാവി രൂപപ്പെടുത്താനുമാണ്.
സംസ്ഥാനത്ത് ഒരു ദശലക്ഷത്തിലധികം ആളുകൾ നേരിട്ടോ അല്ലാതെയോ മത്സ്യബന്ധനത്തെയും അനുബന്ധ പ്രവർത്തനങ്ങളെയും ആശ്രയിക്കുന്നുണ്ട്. മത്സ്യത്തൊഴിലാളികളെ സമുദ്ര ജൈവവൈവിദ്ധ്യത്തിന്റെയും പരമ്പരാഗത അറിവിന്റെയും സംരക്ഷകരായിട്ടാണ് കേരളം കണക്കാക്കുന്നത്. വടക്ക് തെക്ക് ഭാഗങ്ങളെ നാല് മണിക്കൂറിനുള്ളിൽ ബന്ധിപ്പിക്കുന്ന സിൽവർ ലൈൻ സെമി ഹൈസ്പീഡ് റെയിൽ പദ്ധതി അനുയോജ്യമായ സൗകര്യങ്ങൾ നിർമ്മിക്കുന്നതിനുള്ള കേരളത്തിന്റെ പ്രതിബദ്ധതയെ പ്രതിഫലിപ്പിക്കുന്നതാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
സുസ്ഥിരവും സ്വീകാര്യവുമായ സംരംഭങ്ങളിലൂടെ രാജ്യത്തിന്റെ നീല സമ്പദ് വ്യവസ്ഥ വികസിപ്പിക്കുക എന്ന കേന്ദ്ര സർക്കാരിന്റെ കാഴ്ചപ്പാടിൽ കേരളം സുപ്രധാന പങ്ക് വഹിക്കുന്നുണ്ടെന്ന് വിശിഷ്ടാതിഥിയായ കേന്ദ്ര ഫിഷറീസ് മൃഗസംരക്ഷണ ക്ഷീരവികസന മന്ത്രി രാജീവ് രഞ്ജൻ സിംഗ് പറഞ്ഞു. കേന്ദ്ര സർക്കാർ സംരംഭങ്ങളുടെ ഫലമായി രാജ്യത്തിന്റെ മത്സ്യ ഉത്പാദനം ഗണ്യമായി വർദ്ധിച്ചു. ഇത് കയറ്റുമതി മേഖലയ്ക്ക് ഗുണം ചെയ്തുവെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. പ്രമുഖ വ്യവസായിയും നോർക്ക റൂട്ട്സ് വൈസ് ചെയർമാനുമായ എം.എ യൂസഫലി സംസ്ഥാനത്തെ മത്സ്യ സംസ്‌കരണ മേഖലയിൽ മൂലധന നിക്ഷേപം നടത്തുന്നതിനുള്ള ലുലു ഗ്രൂപ്പിന്റെ താത്പര്യം അറിയിച്ചു.
കേന്ദ്ര തുറമുഖ ഷിപ്പിംഗ് ജലപാത മന്ത്രി സർബാനന്ദ സോനോവാൾ ഓൺലൈൻ പ്രഭാഷണം നടത്തി. കേന്ദ്ര മന്ത്രി ജോർജ് കുര്യൻ,ഇന്ത്യയിലെ യൂറോപ്യൻ യൂണിയൻ അംബാസഡർ ഹെർവ് ഡെൽഫിൻ,മന്ത്രിമാരായ കെ.എൻ ബാലഗോപാൽ,സജി ചെറിയാൻ,കെ.രാജൻ,രാമചന്ദ്രൻ കടന്നപ്പള്ളി,പി.എ മുഹമ്മദ് റിയാസ്,വീണ ജോർജ്,ജെ. ചിഞ്ചുറാണി,കേരള സർക്കാരിന്റെ ഡൽഹി പ്രതിനിധി കെ.വി തോമസ്,ഫിഷറീസ് ഡയറട്കർ ചെൽസാസിനി വി. എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
സംസ്ഥാന ചീഫ് സെക്രട്ടറി ഡോ. എ.ജയതിലക് സ്വാഗതവും സംസ്ഥാന ഫിഷറീസ് വകുപ്പ് സ്‌പെഷ്യൽ സെക്രട്ടറി അബ്ദുൾ നാസർ ബി. നന്ദിയും രേഖപ്പെടുത്തി.18 യൂറോപ്യൻ യൂണിയൻ രാജ്യങ്ങളിൽ നിന്നുള്ള അംബാസഡർമാരും പ്രതിനിധികളും സമ്മേളനത്തിൽ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |