പത്തനംതിട്ട : ആഗോള അയ്യപ്പ സംഗമം വൻ വിജയമെന്നും പ്രതീക്ഷിച്ചതിൽ കൂടുതൽ പങ്കാളിത്തമുണ്ടായെന്നും മന്ത്രി വി.എൻ. വാസവൻ പറഞ്ഞു. സമാപനത്തിന് ശേഷം നടന്ന വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി. ഉദ്ഘാടന സമ്മേളനത്തിൽ 4126 പേർ പങ്കെടുത്തു. 14 സംസ്ഥാനങ്ങളിൽ നിന്നായി 2125 പേരെത്തി. ഏറ്റവും കൂടുതൽ പേർ വന്നത് തമിഴ്നാട്ടിൽ നിന്നാണ്. 1545 പേർ. ആന്ധ്ര ,കർണാടക. ഉത്തർപ്രദേശ് , ഗുജറാത്ത് തുടങ്ങിയ സംസ്ഥാനങ്ങളിൽ നിന്നുള്ളവരും പങ്കെടുത്തു. 15 രാജ്യങ്ങളിൽ നിന്നായി 182 പേരും എത്തി. ശ്രീലങ്കയിൽ നിന്നാണ് ഏറ്റവും കൂടുതൽ ആളുകൾ വന്നത്. 39 പേർ. മലേഷ്യ, കാനഡ, അമേരിക്ക, ഷാർജ, ഖത്തർ തുടങ്ങിയ രാജ്യങ്ങളിൽ നിന്നും പ്രതിനിധികളെത്തി. 28 സമുദായ സംഘടനാ പ്രതിനിധികളടക്കം കേരളത്തിൽനിന്ന് 1819 പേർ പങ്കെടുത്തു.
ഉദ്ഘാടന സമ്മേളനത്തിൽ പങ്കെടുത്തവർ എല്ലാവരും ചർച്ചയുടെ ഭാഗമായിട്ടില്ല. ചർച്ചയിൽ താത്പര്യമില്ലാത്തവരാണ് പങ്കെടുക്കാതിരുന്നത്. അവർ പ്രദർശനം കണ്ട് മടങ്ങി. 623 പേർ മാത്രം രജിസ്റ്റർ ചെയ്തു എന്ന് ചിലർ പറഞ്ഞത് ഒരു കൗണ്ടറിലെ കണക്കാണ്. ചർച്ചകളിൽ ക്രിയാത്മകമായ നിർദ്ദേശങ്ങൾ ഉയർന്നു. ശബരിമല വികസനത്തിന് സഹായവുമായി സ്പോൺസർമാർ വന്നിട്ടുണ്ടെന്നും അടുത്ത തീർത്ഥാടനത്തിനുള്ള മുന്നൊരുക്കങ്ങൾ ഉടൻ തുടങ്ങുമെന്നും മന്ത്രി പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |