ശിവഗിരി: ശ്രീനാരായണ ഗുരുദേവന്റെ മഹാപരിനിർവാണ ദിനം ലോക ശാന്തിദിനമായി ആചരിക്കണമെന്ന് ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ. ഗുരുദേവൻ ജാതിമതദേശ ചിന്തകൾക്കതീതമായി ദൈവമയച്ച ശാന്തി ദൂതനായിരുന്നു. അദ്ദേഹത്തിന്റെ മഹാസമാധി ദിനം ലോകശാന്തി ദിനമായി ആചരിക്കേണ്ടതാണ്. ഭക്തജനങ്ങൾ പ്രഭാത ഗുരുപൂജയ്ക്ക് ശേഷം എട്ടോടെ ശിവഗിരിയിലെ പോലെ അഷ്ടാക്ഷരി അഖണ്ഡനാമജപയജ്ഞവും ഉപവാസയജ്ഞവും നടത്തണം. ഗുരുസ്തവം, ദൈവദശകം, ഗദ്യ പ്രാർത്ഥന, സഹോദരൻ അയ്യപ്പനെഴുതിയ സമാധിഗാനം, സമർപ്പണ ശ്ലോകങ്ങൾ എന്നിവ ചൊല്ലി മഹാസമാധി പൂജ നിർവഹിക്കണം. ആവശ്യമെങ്കിൽ അഷ്ടാക്ഷരി നാമജപത്തോടെ മഹാശാന്തി യാത്രയും നടത്താമെന്നും അദ്ദേഹം പറഞ്ഞു. തുടർന്ന് അന്നദാനവും ശാന്തി സമ്മേളനവും. ആയിരക്കണക്കിന് ടൺ അരിയുടെ അന്നദാനം മഹാസമാധി ദിനത്തിലെ പോലെ മറ്റേതെങ്കിലും ഒരു പുണ്യ ദിനത്തിൽ കേരളത്തിലോ ഭാരതത്തിലോ നടക്കുന്നുണ്ടെന്ന് പറയാനാകില്ല. വൈവിധ്യമാർന്ന പരിപാടികളോടെ രാജ്യമൊട്ടാകെ നടക്കുന്ന മഹാസമാധി ദിനാചരണ പരിപാടി എല്ലാവർക്കും ശാന്തിദായകമാകട്ടെയെന്നും സ്വാമി സച്ചിദാനന്ദയും ധർമ്മസംഘം ട്രസ്റ്റ് ജനറൽ സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ , ട്രഷറർ സ്വാമി ശാരദാനന്ദ എന്നിവരും ആശംസിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |