ന്യൂഡൽഹി : പമ്പയിൽ ആഗോള അയ്യപ്പ സംഗമം നടന്ന ഇന്നലെ ഡൽഹിയിൽ ബദൽ അയ്യപ്പ സംഗമം സംഘടിപ്പിച്ചു. ശബരിമലയിലെ ആചാര സംരക്ഷണത്തിനായി നാമജപം നടത്തിയവർക്കെതിരെയെടുത്ത കേസുകൾ സർക്കാർ പിൻവലിക്കണം, ശബരിമലയെ ദേശീയ തീർത്ഥാടന കേന്ദ്രമായി പ്രഖ്യാപിക്കണം തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് പ്രമേയം പാസാക്കി. ആർ.കെ. പുരത്തെ അയ്യപ്പ ക്ഷേത്രത്തിലായിരുന്നു അയ്യപ്പ ഭക്ത സംഗമം. ചെങ്കോട്ടുകോണം ശ്രീരാമദാസ ആശ്രമം അദ്ധ്യക്ഷൻ ശക്തി ശാന്താനന്ദ മഹർഷി ഉദ്ഘാടനം ചെയ്‌തു. ബി.ജെ.പി എം.പിയായ ബാൻസുരി സ്വരാജ്, ആർ.കെ.പുരം എം.എൽ.എ അനിൽ ശർമ്മ, സിനിമാ നിർമ്മാതാവ് ജി. സുരേഷ് കുമാർ എന്നിവർ സംസാരിച്ചു. ആയിരത്തോളം വിശ്വാസികൾ പങ്കെടുത്തു. വിവിധ സമുദായ സംഘടനകൾ, അയ്യപ്പപൂജാ സമിതികൾ, ഡൽഹിയിലെ കേരള പശ്ചാത്തലമുള്ള ക്ഷേത്രങ്ങളുടെ ഭരണസമിതികൾ എന്നിവയുടെ പിന്തുണയുണ്ടായിരുന്നു. സംഗമത്തിൽ വിശ്വാസികൾ അയ്യപ്പ ജ്യോതി തെളിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |