പമ്പ: ശബരിമല മാസ്റ്റർപ്ലാൻ നടപ്പാക്കാൻ പമ്പയിലും സന്നിധാനത്തും നിരവധി കെട്ടിടങ്ങൾ പൊളിക്കണമെന്ന് മാസ്റ്റർ പ്ലാനിനെ അടിസ്ഥാനമാക്കി തിരുവനന്തപുരം ഗവ. എൻജിനിയറിംഗ് കോളേജ് തയ്യാറാക്കിയ രൂപരേഖയിൽ പറയുന്നു. അയ്യപ്പ സംഗമത്തിൽ ശബരിമല മാസ്റ്റർ പ്ലാനിനെക്കുറിച്ചു നടന്ന സെഷനിലാണ് രൂപരേഖ അവതരിപ്പിച്ചത്.സന്നിധാനത്ത് അയ്യപ്പക്ഷേത്രം എവിടെ നിന്ന് നോക്കിയാലും കാണാൻ കഴിയണം. ഇപ്പോൾ കോൺക്രീറ്റ് കെട്ടിടങ്ങളുടെ ബാഹുല്യമാണ്. ക്ഷേത്രത്തിന്റെ താഴികക്കുടത്തേക്കാൾ ഉയരത്തിലുള്ള കെട്ടിടങ്ങൾ സന്നിധാനത്ത് ആവശ്യമില്ല. ഉപയോഗിക്കാതെ കിടക്കുന്ന കെട്ടിടങ്ങളും പൊളിക്കണം.മേലേ തിരുമുറ്റത്തോട് അടുത്തുനിൽക്കുന്ന കെട്ടിടങ്ങൾ ക്ഷേത്രപവിത്രയെ ബാധിക്കുന്നതിനാൽ പൊളിക്കണം
പമ്പാ നദിയുടെ 50 മീറ്റർ തീരം ബഫർസോൺ ആയതിനാൽ അവിടങ്ങളിലുള്ള കെട്ടിടവും പൊളിച്ചു നീക്കണം തുടങ്ങിയ നിർദ്ദേശങ്ങൾ രൂപരേഖയിലുണ്ട്.
മുൻ ചീഫ് സെക്രട്ടറി കെ.ജയകുമാറാണ് ചർച്ച നയിച്ചത്. പ്രൊഫ.ബെജൻ എസ്. കോത്താരി, ഡോ. പ്രിയാഞ്ജലി പ്രഭാകരൻ, പ്രൊഫ . ബി. സുനിൽ കുമാർ തുടങ്ങിയവർ വിഷയങ്ങൾ അവതരിപ്പിച്ചു.
അയ്യപ്പസംഗമം മാറുന്ന
കാലത്തിന്റെ ആവശ്യം
ഇത്ര കാലവുമില്ലാതിരുന്ന അയ്യപ്പസംഗമം ഇപ്പോൾ നടത്തുന്നത് എന്തുകൊണ്ടാണ് എന്നാണ് ചിലർ ചോദിക്കുന്നത്. മാറുന്ന കാലത്തിന് അനുസരിച്ച് തീർത്ഥാടകപ്രവാഹം വർദ്ധിക്കുമ്പോൾ അത് ആവശ്യപ്പെടുന്ന രീതിയിൽ ഉയർന്നു ചിന്തിക്കേണ്ടതുകൊണ്ടാണ് എന്നാണ് ഇതിനുത്തരമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അയ്യപ്പ സംഗമ വേദിയിൽ പറഞ്ഞു. അയ്യപ്പസംഗമം തടയാൻ ചിലർ കോടതിയിൽ വരെ പോയത് ഖേദകരമാണ്. അയ്യപ്പനോടുള്ള ഭക്തിയോ വനപരിപാലനത്തിലുള്ള താൽപര്യമോ വിശ്വാസപരമായ ശുദ്ധിയോ ഒന്നുമല്ല അവരെ ഇതിനൊക്കെ പ്രേരിപ്പിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.
ശബരിമലയിൽ എ.ഐ സംവിധാനം
പ്രയോജനപ്പെടുത്തണം
തിരക്ക് നിയന്ത്രണത്തിനും ആരോഗ്യപരിപാലനത്തിനും പാർക്കിംഗിനും ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ ആധുനിക സാദ്ധ്യതകൾ പ്രയോജനപ്പെടുത്തണമെന്ന് ആഗോള അയ്യപ്പ സംഗമത്തിൽ പൊലീസിന്റെ നിർദ്ദേശം. ശബരിമലയിലെ ആൾക്കൂട്ട നിയന്ത്രണവും തയ്യാറെടുപ്പുകളുമെന്ന ചർച്ചയിലാണ് എ.ഡി.ജി.പി. എസ്. ശ്രീജിത്ത് ഇക്കാര്യം പറഞ്ഞത്. കോന്നി മെഡിക്കൽ കോളേജിനെ ശബരിമലയുടെ ബേസ് ഹോസ്പിറ്റലാക്കണമെന്ന് ആലപ്പുഴ ഗവ.മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഡോ.ബി. പത്മകുമാർ പറഞ്ഞു. നിലയ്ക്കൽ, പമ്പ, സന്നിധാനം എന്നിവിടങ്ങളിൽ ഒന്നിൽ കൂടുതൽ തീർത്ഥാടകർക്ക് ഹൃദയ സംബന്ധമായതോ ട്രോമാ കെയർ ചികിത്സയോ ലഭ്യമാക്കേണ്ടിവന്നാൽ അതിനുള്ള സൗകര്യം നിലവിലില്ല. മല കയറുന്ന തീർത്ഥാടകരുടെ ആരോഗ്യസ്ഥിതി ജി.പി.എസ് സംവിധാനമുപയോഗിച്ച് പരിശോധിക്കണമെന്നും അദ്ദേഹം നിർദ്ദേശിച്ചു. മുൻ ഡി.ജി.പി ജേക്കബ് പുന്നൂസ്, ഡി.ജി.പി അജിത ബീഗം എന്നിവരും തീർത്ഥാടകരും ചർച്ചയിൽ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |