കോട്ടയം : കോഴിത്തീറ്റയുടെയും കോഴിക്കുഞ്ഞുങ്ങളുടെയും വില കുതിച്ചുയർന്നതോടെ കർഷകർ ദുരിതത്തിൽ. 50 കിലോയുടെ ഒരുചാക്ക് കോഴിത്തീറ്റയ്ക്ക് കൂടിയത് 90 രൂപയാണ്. കോഴിക്കുഞ്ഞിനെ വളർത്തി ഒരുകിലോ തൂക്കം വരുത്തുന്നതിന് 90 രൂപ കർഷകർക്ക് ചെലവ് വരും. കോഴികൾക്ക് പ്രീസ്റ്റാർട്ടർ, സ്റ്റാർട്ടർ, ഫിനിഷർ എന്നിങ്ങനെയാണ് തീറ്റ നൽകുന്നത്. കുഞ്ഞായിരിക്കേ നൽകേണ്ട തരിയില്ലാത്ത തീറ്റയാണ് പ്രീ സ്റ്റാർട്ടർ, പ്രോട്ടീൻ കൂടുതലുള്ളതാണ് സ്റ്റാർട്ടർ. എല്ലാത്തിനും ചാക്കിന് 90 രൂപ വീതം വില കൂടിയിട്ടുണ്ട്. 45ദിവസം വരെയാണ് കോഴികളെ വളർത്തേണ്ടത്. ഒന്നിന് കുറഞ്ഞത് മൂന്നുകിലോ തീറ്റ വേണ്ടിവരും. വൈദ്യുതി, അറക്കപ്പൊടി എന്നിവയുടെ ചെലവ് കൂടി കൂട്ടിയാൽ നഷ്ടം പിന്നെയും കൂടും. രോഗങ്ങൾ കാരണം കോഴികൾ ചാകുന്നതും നഷ്ടം കൂട്ടും. കോഴിക്കുഞ്ഞുങ്ങളുടെ വിലയും ഇരട്ടിയോളമാണ് വർദ്ധിച്ചത്. 22-23 രൂപ വരെയായിരുന്ന കോഴിക്കുഞ്ഞുങ്ങൾക്ക് ഇപ്പോൾ 40 രൂപയാണ് വില. തമിഴ്നാട്ടിൽ നിന്നാണ് കോഴിക്കുഞ്ഞുങ്ങൾ എത്തുന്നത്.
അധിക നികുതി ഇരട്ടിപ്രഹരം
കോഴി വളർത്തൽ മേഖലയിൽ നിലവിലുള്ള അശാസ്ത്രീയ നിയമങ്ങളും ചട്ടങ്ങളും വൻ തിരിച്ചടിയാണെന്നാണ് കർഷകർ പറയുന്നത്. വലിയ കെട്ടിടങ്ങൾക്ക് ഏർപ്പെടുത്തുന്ന അതേ നികുതി തന്നെയാണ് ഷീറ്റിട്ടവ ആണെങ്കിൽക്കൂടി പൗൾട്രി ഫാമുകൾക്ക് ഈടാക്കുന്നത്. കൂടാതെ, 1,000 സ്‌ക്വയർ ഫീറ്റിന് മുകളിലുള്ള ഫാമുകൾക്ക് ഒറ്റത്തവണ ആഡംബര നികുതി നൽകണം. 5,000 കോഴികളുള്ള ഒരു ഫാമിന് 6,000 സ്‌ക്വയർ ഫീറ്റുണ്ടാകും. യഥാർത്ഥത്തിൽ 6,000 മുതൽ 10,000 കോഴികളുണ്ടെങ്കിലേ ഫാമുകളിൽ നിന്ന് ഒരു കുടുംബത്തിന് ഉപജീവനത്തിനുള്ള വരുമാനം ലഭിക്കൂ.
സർക്കാർ ഇടപെടൽ വേണം
വലിയ തുക മുടക്കി കോഴികൃഷി നടത്തിയാൽ വേണ്ട കച്ചവടം ലഭിക്കുമോ എന്ന ആശങ്കയിലാണവർ
കോഴിത്തീറ്റ നിർമ്മാണ കമ്പനികൾ ഇടയ്ക്കിടെ വിലവർദ്ധിപ്പിക്കുന്നതിൽ സർക്കാർ ഇടപെടൽ നടത്തണം
കോഴിത്തീറ്റ വില (ചാക്കിന്)
പ്രീ സ്റ്റാർട്ടർ : 2240
സ്റ്റാർട്ടർ : 2200
ഫിനിഷർ : 2150
''അധിക നികുതികളെല്ലാം ഒഴിവാക്കി കൃഷിയുടെ പരിധിയിൽ ഉൾപ്പെടുത്തണം. കോഴിത്തീറ്റയുടെ തുടർച്ചയായ വിലവർദ്ധന കർഷകരെ വലിയ തോതിൽ ബാധിക്കുന്നുണ്ട്. പൗൾട്രി കർഷകരുടെ ആശങ്ക പരിഹരിക്കാൻ അടിയന്തരമായി സർക്കാർ ഇടപെടണം.
മുരളി, കോഴിക്കർഷകൻ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |