ഇന്ന് പ്രാബല്യത്തിലാകുന്ന ജി.എസ്.ടി പരിഷ്കരണം കാർഷിക, കാർഷിക അനുബന്ധ മേഖലയുമായി ബന്ധപ്പെട്ട് ഉത്പാദനച്ചെലവ് കുറയ്ക്കാനും, ഉത്പന്നങ്ങൾക്ക് സുസ്ഥിര വിപണി ഉറപ്പുവരുത്താനും സഹായിക്കും. രാജ്യത്ത് 2017-ൽ ഏകീകരിച്ച് ചരക്കു- സേവന നികുതി പ്രാബല്യത്തിൽ വന്നത് നികുതി സമ്പ്രദായത്തിൽ വലിയൊരു മാറ്റമായിരുന്നു. കേന്ദ്ര- സംസ്ഥാന സർക്കാരുകളുടെ വിവിധ നികുതികൾ ഏകീകരിച്ച് ഒരു പൊതുവായ രീതിയിലാക്കിയത് വ്യപാരവും വാണിജ്യവും സുഗമമാക്കുന്നതിനായിരുന്നു.
എന്നാൽ, ജി.എസ്.ടി യുക്തിവൽക്കരണ പ്രിക്രിയ (rationalisation) വിവിധ മേഖലകളിൽ, പ്രത്യേകിച്ച് കൃഷി, മൃഗസംരക്ഷണം, ക്ഷീരവ്യവസായം, മത്സ്യബന്ധനം തുടങ്ങിയ പ്രാഥമിക മേഖലകളിൽ എങ്ങനെയെല്ലാം സ്വാധീനം ചെലുത്തുമെന്നതും, അതിന്റെ അനന്തരഫലം എന്തെന്നതും വളരെ പ്രാധാന്യമർഹിക്കുന്നു. വിത്തുകൾ, രാസവളം, കീടനാശിനി, കാർഷിക യന്ത്രങ്ങൾ തുടങ്ങി പല ഇൻപുട്ടുകൾക്കും ജി.എസ്.ടി ബാധകമാണ്. എന്നാൽ, പലപ്പോഴും 0- 5 ശതമാനം കുറഞ്ഞ നിരക്കിൽ മാത്രമാണ് ഇവയ്ക്ക് നികുതി ചുമത്തിയിരിക്കുന്നത്. എന്നാൽ ഇൻപുട്ടുകൾക്ക് ഏകീകൃത നികുതി നിരക്ക് നടപ്പാക്കുമ്പോൾ ചില മേഖലകളിൽ ചെലവ് കൂടാനും മറ്റു ചിലയിടത്ത് കുറയാനും സാദ്ധ്യതയുണ്ട്. ഉദാഹരണത്തിന്, വിത്തുകൾക്കും, കാർഷിക യന്ത്രങ്ങൾക്കും നികുതി ഒഴിവാക്കിയാൽ ഉത്പാദന ചെലവ് കുറയും.
സപ്ലൈ ചെയിൻ എളുപ്പത്തിലാകും മുമ്പ് സംസ്ഥാനങ്ങൾക്കിടയിൽ ഉണ്ടായിരുന്ന എൻട്രി ടാക്സ്, ഒക്ട്രോയ് തുടങ്ങിയ തടസങ്ങൾ നീക്കം ചെയ്തതിലൂടെ ഉത്പന്നങ്ങൾ വിപണിയിലെത്തുന്നത് വേഗത്തിലാകും. കർഷകർ നേരിട്ട് ജി.എസ്.ടി അടയ്ക്കുന്നില്ലെങ്കിലും, ഇടനിലക്കാരിലൂടെ വരുന്ന ചെലവ് വർദ്ധന അവരെ പരോക്ഷമായി ബാധിക്കുന്നു.
പാൽ, മുട്ട, മാംസം തുടങ്ങിയ അടിസ്ഥാന ഭക്ഷ്യവസ്തുക്കൾക്ക് ജി.എസ്.ടി ഒഴിവാക്കിയിട്ടുണ്ട്. എന്നാൽ പശുവിനുള്ള തീറ്റ, മൃഗസംരക്ഷണ ഉപകരണങ്ങൾ, വെറ്ററിനറി മരുന്നുകൾ തുടങ്ങിയവയ്ക്ക് 5 ശതമാനം വരെ നികുതി ബാധകമാണ്. വെണ്ണ, നെയ്യ്, മറ്റ് ക്ഷീരോത്പന്നങ്ങൾ, കോഴിത്തീറ്റ തുടങ്ങിയവയുടെ ജി.എസ്.ടി നിരക്ക് 12-ൽ നിന്നും അഞ്ചു ശതമാനമായി കുറച്ചിട്ടുണ്ട്. ഇന്ത്യയിൽ നിന്ന പാലും, പാലുത്പന്നങ്ങളും അടുത്തകാലത്തായി യു.എസിലേക്ക് കൂടുതലായി കയറ്റുമതി ചെയ്തുവരുന്നു. എന്നാൽ ട്രംപിന്റെ അധിക തീരുവ പാലുത്പന്ന കയറ്റുമതിയെ ബാധിക്കാൻ തുടങ്ങിയിട്ടുണ്ട്. ജി.എസ്.ടി തീരുവ കുറച്ചത് ഇത് മറികടക്കാൻ കുറച്ചത് ഏറെ സഹായിക്കും. പാൽ ഉത്പാദന ചെലവ് കുറച്ച്, മൂല്യ വർദ്ധിത ഉത്പന്നങ്ങൾ കുറഞ്ഞ വിലയ്ക്ക് വിപണിയിൽ ലഭ്യമാക്കുന്നതോടെ ആഭ്യന്തര ഉപഭോഗം വർദ്ധിപ്പിക്കാനും ക്ഷീര മേഖല കൂടുതൽ ലാഭകരമാക്കാനും സാധിക്കും.
കേന്ദ്ര ഭക്ഷ്യ സംസ്കരണ മന്ത്രാലയം കോൾഡ് ചെയിൻ പ്രൊജക്ടിലൂടെ സംസ്കരണത്തിന് 10 കോടി രൂപ വരെ സബ്സിഡി നൽകുന്നുണ്ട്. തീറ്റയുടെ വിലയിൽ ചെറിയ വർദ്ധന ഉണ്ടായാൽത്തന്നെ പാൽ ഉത്പാദന ചെലവിൽ നേരിട്ടുള്ള വർദ്ധനവുണ്ടാകും. ജി.എസ്.ടി യുക്തിവൽക്കരണം വഴി തീറ്റ, മരുന്നുകൾ, യന്ത്രങ്ങൾ എന്നിവയ്ക്ക് കുറഞ്ഞ നിരക്ക് നടപ്പിലാക്കുന്നത്തിലൂടെ ഉത്പാദനച്ചെലവ് കുറച്ച് പാൽ ഉത്പാദനം ലാഭകരമാക്കാൻ സാധിക്കും. സംഘടിത, അസംഘടിത മേഖലകൾക്ക് (ഡെയറി സഹകരണ സംഘങ്ങൾക്കും സ്വകാര്യ കമ്പനികൾക്കും) സമാനമായ നികുതി സംവിധാനം നിലവിൽ വരുന്നത് വിപണിയിൽ സുതാര്യത ഉറപ്പുവരുത്തും.
മത്സ്യ മേഖലയുമായി ബന്ധപ്പെട്ട് ജി.എസ്.ടി ബാധകമാകുന്ന മേഖലകൾ പ്രധാനമായും മത്സ്യബന്ധന ഉപകരണങ്ങൾ, വലകൾ, ബോട്ടുകളുടെ സ്പെയർപാർട്സ്, കോൾഡ് സ്റ്റോറേജ് സൗകര്യങ്ങൾ എന്നിവയാണ്. ഇവയുടെ ജി.എസ്.ടി യിൽ വരുത്തിയ ഏകീകരണം ഗുണകരമാകും. ഇന്ധനത്തിന് ജി.എസ്.ടി ബാധകമല്ലെങ്കിലും മറ്റ് ഇൻപുട്ടുകൾക്ക് നികുതി ബാധകമായതിനാൽ മത്സ്യബന്ധന ചെലവിൽ ചെറിയ വർദ്ധന വരും. രാജ്യാന്തര കയറ്റുമതികൾക്ക് ജി.എസ്.ടി തിരിച്ചുപിടിക്കൽ (input tax credit refund) ലഭിക്കുന്നതിനാൽ മത്സ്യ കയറ്റുമതിക്കാർക്ക് നേട്ടം കൈവരിക്കാം. മത്സ്യ വിപണി സുസ്ഥിരത കൈവരിക്കുകയും ചെയ്യും.
ഉത്പന്നങ്ങൾക്ക് സംസ്ഥാനങ്ങൾക്കിടയിലെ വിലവ്യത്യാസം കുറയുകയും വിപണിയിൽ മത്സരം വർദ്ധിക്കുകയും ചെയ്യും. സർക്കാർ നൽകുന്ന കാർഷിക സബ്സിഡികൾ സുതാര്യമായി നടപ്പാക്കാൻ ജി.എസ്.ടി ഡാറ്റ സഹായിക്കും. കൃഷി, പശുപാലനം, മത്സ്യബന്ധനം എന്നിവ ഇന്ത്യയിലെ ഭക്ഷ്യസുരക്ഷയ്ക്കും ഗ്രാമീണ സമ്പദ്വ്യവസ്ഥയ്ക്കും ആധാരമായ മേഖലകളാണ്. അതിനാൽ ജി.എസ്.ടി യുക്തിവൽക്കരണത്തിൽ ഇവയുടെ പ്രത്യേകത പരിഗണിച്ച് കുറഞ്ഞ നികുതി നിരക്കുകൾ ഏർപ്പെടുത്തുന്നത് ഉത്പാദകർക്ക് ഗുണകരമാകും.
സമ്പദ്വ്യവസ്ഥയെ ഏകോപിപ്പിക്കുകയും വിപണി സുഗമമാക്കുകയും ചെയ്യുന്ന പരിഷ്കരമാണ് ഇപ്പോഴത്തേതെങ്കിലും കൃഷി, പശുപരിപാലനം, മൃഗസംരക്ഷണം, മത്സ്യബന്ധനം എന്നീ മേഖലകൾക്ക് സാമൂഹ്യ സുരക്ഷാ പ്രാധാന്യമുള്ളതിനാൽ അവയ്ക്ക് അനുകൂലമായ രീതിയിൽ നികുതി ക്രമീകരണം നിർബന്ധമാണ്. അത് നടപ്പിലാക്കുമ്പോൾ ഗ്രാമീണ വികസനം, ഭക്ഷ്യസുരക്ഷ, തൊഴിൽസ്ഥിരത എന്നിവയ്ക്ക് സുസ്ഥിര ഭാവി ഉറപ്പാക്കാനാകും.
(വെറ്ററിനറി സർവകലാശാലാ മുൻ ഡയറക്ടറും, Grant Thornton Bharat ന്റെ അസ്സോസിയേറ്റ് ഡയറക്ടറുമാണ് ലേഖകൻ)
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |