തൃശൂർ: സംസ്ഥാനത്തെ കാർഷിക പ്രതിസന്ധികളെ കുറിച്ച് പഠിക്കാൻ കേന്ദ്രസർക്കാർ നിയോഗിച്ച വിദഗ്ദ്ധസംഘം 23ന് കേരളത്തിലെത്തും. ഉച്ചയ്ക്ക് രണ്ടിന് കൊച്ചി സി.എം.എഫ്.ആർ.ഐയിൽ ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ രാജീവ് ചന്ദ്രശേഖറിന്റെ സാന്നിദ്ധ്യത്തിൽ സംയുക്ത കർഷകവേദി ഭാരവാഹികളും കാർഷികവിദഗ്ദ്ധരും കൃഷി ശാസ്ത്രജ്ഞന്മാരുമായി കൂടിക്കാഴ്ച നടത്തും. 24ന് രാവിലെ എട്ടിന് കുട്ടനാട്ടിലെയും മങ്കൊമ്പിലെയും പാടശേഖരങ്ങളും അപ്പർ കുട്ടനാട്ടിലെ പെരിങ്ങനാട്,തിരുവല്ല,കരിപ്പുഴ പ്രദേശങ്ങളും സന്ദർശിക്കും. കർഷക കൂട്ടായ്മകളുടെ യോഗത്തിൽ പങ്കെടുക്കും. കുട്ടനാടിന്റെ സമഗ്ര വികസനത്തിനുള്ള ഗ്രേറ്റർ കുട്ടനാട് വികസന അതോറിറ്റി സംഘത്തിന് മുന്നിൽ സമർപ്പിക്കും. 25ന് ഒന്നിന് തൃശൂർ മുരിയാട് കോൾ പടവ്,മരത്താക്കര റോഷൻ ഫിഷറീസ്,അടാട്ട് കോൾപടവ് എന്നിവിടങ്ങളിൽ സന്ദർശനം നടത്തിയ ശേഷം നിവേദനങ്ങൾ സ്വീകരിക്കും. 26ന് പാലക്കാട്ടെ കർഷകരുമായി ആശയവിനിമയം നടത്തും. കാർഷികപ്രശ്നം പഠിക്കാൻ കുമ്മനം രാജശേഖരൻ,സംസ്ഥാന വൈസ് പ്രസിഡന്റ് കൃഷ്ണകുമാർ,കർഷകമോർച്ച സംസ്ഥാന അദ്ധ്യക്ഷൻ ഷാജി രാഘവൻ എന്നിവരെ ഉൾപ്പെടുത്തി രാജീവ് ചന്ദ്രശേഖർ സമിതി രൂപീകരിച്ചിരുന്നു. രണ്ടാമത്തെ പഠന സംഘമാണ് 23ന് എത്തുന്നത്.
വികസന സദസിന്
ഇന്ന് തുടക്കം
തിരുവനന്തപുരം: പ്രാദേശിക തലത്തിൽ വികസന ആശയങ്ങൾ കണ്ടെത്താനും പൊതുജനാഭിപ്രായം രൂപപ്പെടുത്താനുമായി സംഘടിപ്പിക്കുന്ന വികസന സദസ്സിന് ഇന്ന് തുടക്കം. സംസ്ഥാനതല ഉദ്ഘാടനവും തിരുവനന്തപുരം നഗരസഭ വികസന സദസും രാവിലെ 9.30ന് നിശാഗന്ധി ഓഡിറ്റോറിയത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ നിർവ്വഹിക്കും. മന്ത്രി എം.ബി രാജേഷ് അദ്ധ്യക്ഷനാകും. മന്ത്രിമാരായ വി. ശിവൻകുട്ടി,ജി.ആർ അനിൽ,മേയർ ആര്യ രാജേന്ദ്രൻ എന്നിവർ പങ്കെടുക്കും. ഒക്ടോബർ 20 വരെയാണ് പഞ്ചായത്ത്,മുനിസിപ്പാലിറ്റി,കോർപറേഷൻ തലങ്ങളിൽ വികസന സദസുകൾ . തദ്ദേശ സ്ഥാപനങ്ങളുടെ ഭാവി വികസനത്തിനുതകുന്ന നിർദ്ദേശങ്ങളും അഭിപ്രായങ്ങളും സ്വീകരിക്കുന്നതിനൊപ്പം സംസ്ഥാന സർക്കാരിന്റെയും തദ്ദേശ സ്ഥാപനങ്ങളുടെയും വികസന നേട്ടങ്ങളും മുന്നേറ്റങ്ങളും ജനങ്ങളെ അറിയിക്കാനും സദസ്സിലൂടെ ലക്ഷ്യമിടുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |