പാലക്കാട്: പൈനാപ്പിൾ വില റെക്കോർഡിലേക്ക്. പൈനാപ്പിൾ ഒരെണ്ണത്തിന് മൊത്ത വില 60 രൂപയായി. 80 രൂപ വരെയാണ് ചില്ലറവില. കഴിഞ്ഞയാഴ്ച മൊത്തവില 35 രൂപ വരെയായി താഴ്ന്നിരുന്നു. ദിവസങ്ങൾ കഴിയും മുമ്പാണ് വില കുതിച്ചുയർന്നത്. വില ഇനിയും കൂടുമെന്നാണ് സൂചന. മലയോര മേഖലയിൽ വൻ തോതിൽ പൈനാപ്പിൾ കൃഷി വ്യാപകമായിട്ടുണ്ട്.
മെയ്, ജൂൺ മാസങ്ങളിൽ പൈനാപ്പിൾ വില 20 രൂപയായി കുത്തനെ ഇടിഞ്ഞിരുന്നു. ഇടവിട്ടുള്ള മഴയായിരുന്നു വിലയിടിവിന്റെ പ്രധാന കാരണം. എന്നാൽ അതിനുശേഷം പൈനാപ്പിൾ വില പടിപടിയായി ഉയർന്നത് കർഷകർക്ക് ആശ്വാസമായി. നിലവിൽ പച്ചയ്ക്ക് 58 രൂപ വരെയാണ് മൊത്തവില. ഉൽപ്പാദനത്തിലുണ്ടായ വലിയ കുറവും വിപണിയിലെ വൻ ഡിമാൻഡുമാണ് പൈനാപ്പിൾ വില കുതിച്ചുയരാൻ കാരണം. കേരളത്തിൽ നിന്ന് വിവിധ സംസ്ഥാനങ്ങളിലേക്ക് പൈനാപ്പിൾ വലിയ തോതിൽ കയറ്റി പോകുന്നുമുണ്ട്. കാലാവസ്ഥ വ്യതിയാനം മൂലം പൈനാപ്പിൾ മൂത്ത് പഴുക്കുന്നതിനു സാധാരണയിലും കൂടുതൽ ദിവസം എടുത്തതു മൂലം മാർക്കറ്റിൽ പൈനാപ്പിൾ എത്തുന്നതിൽ കുറവുണ്ടായതും വില വർദ്ധനയ്ക്കു കാരണമായി. വില വർദ്ധന കർഷകർക്ക് ആശ്വാസമായിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |