കേന്ദ്രസർക്കാർ നടപ്പാക്കിയ ജി.എസ്.ടി പരിഷ്കാരങ്ങൾ നിലവിൽ വരുന്നതോടെ അവശ്യ സാധനങ്ങളുടെ വില ഗണ്യമായി കുറയും. ഇതോടെ ടിവി, ഫ്രീഡ്ജ്, സ്കൂട്ടർ, ബൈക്ക്, കാർ എന്നിവ ഉൾപ്പെടെയുള്ളവ കുറഞ്ഞ വിലയ്ക്ക് വാങ്ങാനാവും. നിത്യോപയോഗ സാധനങ്ങൾക്കും കൺസ്യൂമർ ഉത്പന്നങ്ങൾക്കും അഞ്ചു ശതമാനമാകുമ്പോൾ,ഇലക്ട്രോണിക് ഉത്പന്നങ്ങൾക്ക് 18 ശതമാനമായി കുറയും. കെട്ടിട നിർമ്മാണ മേഖലയ്ക്കും ആശ്വാസകരമാണ് ജി.എസ്.ടി 2.0. വീട് നിർമ്മാണത്തിന് ചെലവാകുന്ന തുകയിൽ ചതുരശ്ര മീറ്ററിന് 1000 രൂപവരെ കുറയുമെന്നാണ് വിലയിരുത്തൽ. പ്രധാനമന്ത്രി ആവാസ് യോജന പദ്ധതിയിലൂടെ എല്ലാവർക്കും വീട് എന്ന ദൗത്യത്തിന് സഹായകരമാകുന്ന രീതിയിലാണ് ജി.എസ്.ടി പരിഷ്കാരം ഏർപ്പെടുത്തിയിരിക്കുന്നത്.
ജി.എസ്.ടി പരിഷ്കാരങ്ങൾ നടപ്പിലാകുന്നതോടെ റസിഡൻഷ്യൽ, റീട്ടെയിൽ, റിയൽ എസ്റ്റേറ്റ് മേഖലയിൽ ഉണർവുണ്ടാകും എന്നാണ് ബിൽഡർമാരുടെ പ്രതീക്ഷ. നിർമ്മാണ ചെലവ് കുറയുന്നതോടെ ഈ മേഖലയിൽ വീട് നിർമ്മാണവും നിക്ഷേപവും വർദ്ധിക്കുമെന്നാണ് വിലയിരുത്തൽ.
കെട്ടിട നിർമ്മാണത്തിലെ അവശ്യവസ്തുവായ സിമെന്റിന്റെ നികുതിയിൽ കാര്യമായ കുറവുണ്ടായതാണ് ഏറ്റവും അനുകൂല ഘടകം. പുതിയ ജി.എസ്.ടി പ്രകാരം സിമന്റ്, റെഡിമിക്സ് കോൺക്രീറ്റ് എന്നിവയ്ക്ക് 18 ശതമാനമാണ് നിലവിൽ ജി.എസ്.ടി. 10 ശതമാനത്തിന്റെ കുറവാണ് ഉണ്ടായിരിക്കുന്നത്. ഇഷ്ടികകൾ, ടൈലുകൾ, മണൽ എന്നിവയുടെ ജി.എസ്.ടി 18ൽ നിന്നും 5 ശതമാനമായി കുറഞ്ഞു. പെയിന്റുകൾക്കും വാർണീഷുകൾക്കും 18 ശതമാനമാണ് പുതുക്കിയ ജി,എസ്.ടി. പ്രധാന നിർമ്മാണ സാമഗ്രികൾക്ക് ജി.എസ്.ടി കുറയുന്നതിലൂടെ നിർമ്മാണ ചെലവ് 3 മുതൽ 5 ശതമാനം കുറഞ്ഞേക്കും. പുതിയ വീടുകൾ വാങ്ങുമ്പോൾ ഇപ്പോഴത്തെ വിലയിൽ നിന്ന് 115 ശതമാനം വരെ വില കുറയാനാണ് സാദ്ധ്യത. ഇതോടെ വീടുകളുടെയും ഫ്ലാറ്റുകളുടെയും വില സാധാരണക്കാർക്ക് താങ്ങാവുന്ന രീതിയിലേക്ക് മാറും. അതേസമയം ലക്ഷ്വറി, പ്രീമിയം പ്രോപ്പർട്ടികളുടെ വിലയിൽ നിർമ്മാണ സാമഗ്രികളുടെ വിലയിൽ ഉണ്ടാകുന്ന കുറവ് പ്രതിഫലിക്കില്ലെന്നും റിപ്പോർട്ടുണ്ട്. എന്നാൽ റിയൽ എസ്റ്റേറ്റ് മേഖലയിൽ കൂടുതൽ നിക്ഷേപം ഉണ്ടാകുമെന്നും പ്രതീക്ഷിക്കുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |