ഇസ്‌ലാമാബാദ്: സ്വന്തം പ്രവിശ്യയിൽ പാകിസ്ഥാൻ വ്യോമസേന നടത്തിയ ബോംബാക്രമണത്തിൽ സ്ത്രീകളും കുട്ടികളുമടക്കം 30 പേർ മരിച്ചതായി റിപ്പോർട്ട്. ഖൈബർ പഖ്തുൻഖ്വ പ്രവിശ്യയിലെ മാത്രേ ദാര ഗ്രാമത്തിൽ രാവിലെ രണ്ടുമണിയോടെയാണ് ബോംബാക്രമണമുണ്ടായത്. ജെ എഫ്-17 ഫൈറ്റർ ജെറ്റുകളിൽ നിന്നായാണ് എൽ എസ്-6ന്റെ എട്ടുബോംബുകൾ പാക് വ്യോമസേന വർഷിച്ചത്. ബോംബാക്രമണത്തിൽ ഗ്രാമത്തിന്റെ ഭൂരിഭാഗവും തകർന്നതായാണ് റിപ്പോർട്ട്. അനേകം പേർക്ക് ഗുരുതരമായി പരിക്കേറ്റതായും വിവരമുണ്ട്.
പ്രദേശത്ത് ഒളിച്ചിരിക്കുകയായിരുന്ന തഹ്‌രീക് -ഇ-താലിബാൻ പാകിസ്ഥാൻ (ടിടിപി) പ്രവർത്തകരെ ലക്ഷ്യംവച്ചായിരുന്നു വ്യോമസേന ആക്രമണം നടത്തിയതെന്നാണ് പ്രാദേശിക മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. എന്നാൽ മരണപ്പെട്ടവരെല്ലാം സാധാരണക്കാരാണ്. അഫ്‌ഗാനിസ്ഥാനുമായി അതിർത്തി പങ്കിടുന്ന പ്രവിശ്യയാണ് ഖൈബർ പഖ്തുൻഖ്വ. അടുത്തകാലത്തായി നിരവധി ഭീകരവിരുദ്ധ ഓപ്പറേഷനുകൾ ഇവിടെ നടന്നിരുന്നു. സെപ്തംബർ 13, 14 തീയതികളിൽ ഖൈബർ പഖ്തുൻഖ്വ നടന്ന രണ്ട് വ്യത്യസ്ത ഏറ്റുമുട്ടലുകളിലായി 31 ടിടിപി തീവ്രവാദികൾ കൊല്ലപ്പെട്ടിരുന്നു.
ഇന്നലെ ദേരാ ഇസ്‌മായിൽ ഖാൻ ജില്ലയിൽ നടന്ന ഏറ്റുമുട്ടലിൽ ഏഴ് തീവ്രവാദികളെ വധിച്ചതായി സൈന്യം പ്രഖ്യാപിച്ചിരുന്നു. ഇവരിൽ മൂന്നുപേർ അഫ്‌ഗാൻ പൗരന്മാരും രണ്ടുപേർ ചാവേറുകളുമായിരുന്നുവെന്നാണ് സൈന്യത്തിന്റെ മാദ്ധ്യമ വിഭാഗമായ ഇന്റർ സർവീസസ് പബ്ളിക് റിലേഷൻസ് വ്യക്തമാക്കിയത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |