തിരുവനന്തപുരം: സർക്കാരിന്റെ വികസന സദസിനോട് മുഖംതിരഞ്ഞ് നിൽക്കുന്നത് ശരിയായ സമീപനമല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. വികസനത്തെ കുറിച്ച് അഭിപ്രായവ്യത്യാസമുണ്ടെങ്കിൽ തുറന്ന മനസോടെ ചർച്ച ചെയ്യാം. ചിലരിൽ ആ തുറന്ന മനസ് കാണുന്നില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. വികസന സദസിന്റെ സംസ്ഥാനതല ഉദ്ഘാടനം നിശാഗന്ധി ഓഡിറ്റോറിയത്തിൽ നിർവഹിക്കുകയായിരുന്നു അദ്ദേഹം.
വികസന സദസ് ബഹിഷ്കരിക്കാനുള്ള പ്രതിപക്ഷത്തിന്റെ തീരുമാനത്തിനെതിരെയാണ് മുഖ്യമന്ത്രിയുടെ വിമർശനം. നാട്ടിലെ എല്ലാ വികസനവും സംസ്ഥാനത്തിന്റെയും രാജ്യത്തിന്റെയും വികസനമാണ്. പ്രതിപക്ഷത്തിനും അതിൽ പങ്കില്ലേ? ഇക്കാര്യത്തിലെങ്കിലും ഒന്നിച്ചുനിൽക്കണം. രാഷ്ട്രീയ വിഷയങ്ങളിൽ അഭിപ്രായം പറയാൻ ഒരുപാട് അവസരങ്ങളുണ്ടല്ലോ. നാടിന്റെ വികസന കാര്യത്തിൽ പ്രതികൂലമായി ബാധിക്കുന്ന രീതിയിൽ എതിർപ്പുകൾ മാറാൻ പാടില്ല. വികസന സദസിൽ മറ്റൊരു അജണ്ടയുമില്ല.
വികസന കാര്യത്തിലും ആസൂത്രണങ്ങളിലും താഴേത്തട്ടിൽ നിന്നുള്ള ജനപങ്കാളിത്തം യാഥാർത്ഥ്യമാക്കാനാണ് ഉദ്ദേശിക്കുന്നത്. എല്ലാ തദ്ദേശ സ്ഥാപനങ്ങളിലും ഒരു മാസത്തിനകം വികസന സദസുകൾ നടത്തി അഭിപ്രായങ്ങളും നിർദ്ദേശങ്ങളും ക്രോഡീകരിക്കാനാണ് ലക്ഷ്യമാക്കുന്നതെന്നും ഇതിലൂടെ സർക്കാരും ജനങ്ങളും തമ്മിലുള്ള ഇഴയടുപ്പം വർദ്ധിക്കുമെന്നും മുഖ്യമന്ത്റി പറഞ്ഞു.
എല്ലാ തദ്ദേശസ്ഥാപനങ്ങളുടെയും വികസന പ്രവർത്തനങ്ങളിൽ വേർതിരിവില്ലാത്ത പിന്തുണയാണ് സർക്കാർ നൽകുന്നത്. 2026 മാർച്ചോടെ ചില ഭാഗങ്ങളൊഴികെ ദേശീയപാത പൂർത്തിയാകും.
തിരുവനന്തപുരം നഗരസഭയുടെ ആഭിമുഖ്യത്തിൽ നടത്തിയ ചടങ്ങിൽ മന്ത്റി എം.ബി.രാജേഷ് അദ്ധ്യക്ഷത വഹിച്ചു. മന്ത്റി വി.ശിവൻകുട്ടി മുഖ്യാതിഥിയായി. എം.എൽ.എമാരായ ആന്റണി രാജു, വി.കെ.പ്രശാന്ത്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡി.സുരേഷ് കുമാർ, മേയർ ആര്യ രാജേന്ദ്രൻ, വിവിധ വകുപ്പുകളുടെ സെക്രട്ടറിമാരായ ടിങ്കു ബിസ്വാൾ, എസ്.ഹരികിഷോർ, ടി.വി. അനുപമ തുടങ്ങിയവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |