പണ്ടുകാലത്ത് പ്രകൃതിദത്തമായി ലഭിച്ചിരുന്ന കസ്‌തൂരിമഞ്ഞൾ, പയറുപൊടി എന്നിവയാണ് ചർമ സംരക്ഷണത്തിനായി ഉപയോഗിച്ചിരുന്നത്. എന്നാൽ, സോഷ്യൽ മീഡിയയുടെ വളർച്ചയോടെ ഇന്ന് യൂട്യൂബിലും ഇൻസ്റ്റഗ്രാമിലുമെല്ലാം കാണുന്ന പല വസ്‌തുക്കളും ഭൂരിഭാഗംപേരും പരീക്ഷിച്ച് നോക്കാറുണ്ട്. പല തരത്തിലുള്ള സിറം, മാസ്‌കുകൾ എന്നിവയെല്ലാം ഇതിൽ ഉൾപ്പെടുന്നുണ്ട്. ഇവയെല്ലാം നല്ല വിലകൂടിയതുമായിരിക്കും.
ഇതിന്റെയെല്ലാം ആവശ്യമുണ്ടോ?
'യൂട്യൂബിൽ പല ഇൻഫ്ലുവൻസർമാരും ചർമസംരക്ഷണത്തിനുള്ള വസ്‌തുക്കൾ പരിചയപ്പെടുത്താറുണ്ട്. ഇവയിൽ ഭൂരിഭാഗവും പണം വാങ്ങിയുള്ള പ്രൊമോഷന്റെ ഭാഗമായിട്ടുള്ളതാണ്. മാത്രമല്ല, അവർ പരിചയപ്പെടുത്തുന്നതെല്ലാം അവരുടെ ചർമത്തിന് യോജിച്ച വസ്‌തുക്കളാണ്. ഓരോ വ്യക്തിയുടെയും ചർമവും അതിലെ പ്രശ്‌നങ്ങളും വളരെ വ്യത്യസ്‌തമാണ്. അതിനാൽ, ഊഹാപോഹത്തിൽ വിശ്വസിച്ച് ഇത്തരം സാധനങ്ങൾ വാങ്ങി പുരട്ടുന്നത് വലിയ അബദ്ധമാണ് '- യേൽ സ്കൂൾ ഓഫ് മെഡിസിനിലെ ഡെർമറ്റോളജി പ്രൊഫസർ ഡോ. കാത്‌ലീൻ സുവോസി പറഞ്ഞു.
നിലവിൽ സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർമാർ വൈറലാക്കിയിട്ടുള്ള പല സാധനങ്ങളും അനാവശ്യമെന്നാണ് ഡെർമറ്റോളജിസ്റ്റുകൾ പറയുന്നത്. ആദ്യം ഫലം തരുമെങ്കിലും പിന്നീട് ഇവയെല്ലാം ചർമത്തിനും ശരീരത്തിനും വളരെയധികം ദോഷകരമായി മാറുമെന്നും അവർ പറയുന്നു.
സ്വയം സ്‌നേഹിക്കൂ!
ശരീരത്തിലെ മറ്റ് ഭാഗങ്ങളെ അപേക്ഷിച്ച് വളരെ മൃദുവായ ചർമമാണ് മുഖത്തേത്. എല്ലാവരുടെയും ചർമവും വ്യത്യസ്‌തമാണ്. ചിലരുടേത് എണ്ണമയമുള്ള ചർമമാകാം, ചിലരുടേത് വരണ്ടതാകാം, മറ്റുചിലരുടേത് ഇവ രണ്ടും ചേർന്നതാകാം. കൃത്യമായി ചർമം സംരക്ഷിക്കുന്നതിനായി ദിവസവും മൂന്ന് കാര്യങ്ങൾ ചെയ്യണമെന്നാണ് വിദഗ്ദ്ധർ പറയുന്നത്. ക്ലെൻസർ, മോയ്‌സ്ചറൈസർ, സൺസ്‌ക്രീൻ എന്നിവയാണത്. ഇവ നിർബന്ധമായും ഉപയോഗിക്കേണ്ടതാണ്. ഇവ പല ബ്രാൻഡുകളുടേതും വിപണിയിൽ ലഭ്യമാണ്. എന്നാൽ, സ്വന്തം ചർമത്തിന് അനുയോജ്യമായത് മാത്രം തിരഞ്ഞെടുക്കുക. ഇതിനായി ഒരു ഡോക്‌ടറെ സമീപിക്കുന്നതാകും നല്ലത്.
'അമിതമായി വെയിൽ കൊള്ളുന്നതും ഒഴിവാക്കേണ്ട കാര്യമാണ്. എത്തുന്ന രോഗികളിൽ ഭൂരിഭാഗംപേരും സൂര്യനിൽ നിന്നുള്ള യുവി വികിരണം മൂലമുള്ള പ്രശ്‌നമേറ്റവരാണ്. ചുളിവുകൾ, കറുത്ത പാടുകൾ, വരണ്ട ചർമം എന്നിവയെല്ലാം സൂര്യപ്രകാശം മൂലം കൂടുതൽ വഷളാകുന്നു' - ബെയ്‌ലർ കോളേജ് ഓഫ് മെഡിസിനിലെ സ്കിൻ ഓഫ് കളർ ക്ലിനിക്കിന്റെ ഡയറക്ടർ ഡോ. ഒയെറ്റേവ അസെമ്പ പറഞ്ഞു.
റെറ്റിനോൾ ഉപയോഗിക്കാറുണ്ടോ?
വാർദ്ധക്യം തടയുമെന്ന വാഗ്ദാനത്തോടെയാണ് റെറ്റിനോൾ ക്രീമുകളും കെമിക്കൽ എക്സ്ഫോളിയന്റുകളും വിൽക്കപ്പെടുന്നത്. ചിലത് ഡെർമറ്റോളജിസ്റ്റുകൾ ശുപാർശ ചെയ്യുന്നവയാണ്. എന്നാൽ ചിലത് ചർമത്തിന് ഒട്ടും പ്രയോജനമില്ലാത്തതുമാണ്. പ്രായം കൂടുംതോറും ചർമത്തിലെ കൊളാജൻ ഉൽപ്പാദനം മന്ദഗതിയിലാകുന്നു. ഇത് ചർമം ചുളുങ്ങുന്നതിന് കാരണമാകുന്നു. ഇവ മാറ്റാൻ റെറ്റിനോയിഡുകളും റെറ്റിനോൾ ക്രീമുകളും സഹായിക്കുമെന്നാണ് ഡെർമറ്റോളജിസ്റ്റുകൾ പറയുന്നത്. 30 വയസോ അതിൽ കൂടുതലോ ഉള്ളവർ മാത്രമേ ഇത് ഉപയോഗിക്കാൻ പാടുള്ളു. അല്ലെങ്കിൽ പല തരത്തിലുള്ള പ്രശ്‌നങ്ങൾ ചർമത്തിലുണ്ടായേക്കാം.
എക്സ്ഫോളിയേഷൻ ചെയ്യുന്നത് നിർജ്ജീവമായ ചർമ്മം നീക്കാൻ സഹായിക്കും. എന്നാൽ, ഇതിനായി ലവണങ്ങൾ, പഞ്ചസാര എന്നിവ ഉപയോഗിക്കുന്നത് ഒഴിവാക്കാനാണ് ഡെർമറ്റോളജിസ്റ്റുകൾ ശുപാർശ ചെയ്യുന്നത്. പകരം ആൽഫ - ഹൈഡ്രോക്സി ആസിഡുകൾ അല്ലെങ്കിൽ ബീറ്റാ-ഹൈഡ്രോക്സി ആസിഡുകൾ ഉപയോഗിച്ച് കെമിക്കൽ എക്സ്ഫോളിയേഷൻ ചെയ്യുക. ഇവ ചെയ്‌തതിന് ശേഷം സൺസ്‌ക്രീൻ ഉപയോഗിക്കാൻ ഒരിക്കലും മറക്കരുത്.
ഒഴിവാക്കേണ്ടവ
ലൈറ്റ് തെറാപ്പി മാസ്കുകൾ വളരെ ജനപ്രിയമാണ്. ഇവയിൽ ചിലതെല്ലാം ഉപയോഗിക്കുന്നത് നല്ലതാണെന്ന് ഡെർമറ്റോളജിസ്റ്റുകൾ പറയുന്നു. ട്രെൻഡിന് പുറകേ ഓടാതിരിക്കുക. നിങ്ങൾക്ക് അനുയോജ്യമായത് മാത്രം തിരഞ്ഞെടുക്കുക. പ്രത്യേകിച്ച് മൃഗക്കൊഴുപ്പുകൾ ചേർന്നിട്ടുള്ളവയെല്ലാം ചർമത്തിന് ദോഷം വരുത്തും.
വില കൂടിയത് ഫലപ്രദമെന്നല്ല
പല ചെലവേറിയ ട്രീറ്റ്‌മെന്റുകളും ലഭ്യമാണ്. ചർമത്തിന്റെ നിറം വർദ്ധിപ്പിക്കാൻ തുടങ്ങി രൂപം മാറ്റാൻ വരെയുള്ള ട്രീറ്റ്‌മെന്റുകളുണ്ട്. ഇതിൽ നിങ്ങൾക്ക് യോജിക്കുന്നത് ഡെർമറ്റോളജിസ്റ്റിനെ കണ്ട് തിരഞ്ഞെടുക്കുക. ചർമത്തിന് ദോഷം വരുന്നതൊന്നും ചെയ്യാതിരിക്കുക. ചർമത്തിൽ അമിതമായ പരീക്ഷണങ്ങൾ നടത്താതിരിക്കുന്നതാണ് ഉത്തമം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |