സർക്കാരിന്റെ നിരന്തരമുള്ള വേട്ടയാടലുകൾ നിയമവഴിയിലൂടെ മറികടന്ന പോരാളിയാണ് ഐ.എ.എസിലെ മിന്നുംതാരമായ ഡോ.ബി. അശോക്. 'കേരളകൗമുദി"യിൽ 2013-ൽ എഴുതിയ 'നരേന്ദ്രമോദി ശിവഗിരിയിൽ വരുന്നതിൽ കുഴപ്പമെന്ത്" എന്ന ലേഖനത്തിന്റെ പേരിൽ സർക്കാർ അശോകിന് കുറ്റപത്രം നൽകുകയും മാസങ്ങളോളം സ്ഥാനക്കയറ്റം തടയുകയും ചെയ്തിരുന്നു. സുപ്രീംകോടതി ഉത്തരവോടെയാണ് ഈ നടപടികൾ അവസാനിച്ചത്. അവിടം മുതൽ സർക്കാരുകളുടെ നോട്ടപ്പുള്ളിയായിരുന്നു എന്നും അശോക്. അതേസമയം, സിവിൽ സർവീസിൽ മികവു പ്രകടമാക്കിയ ഓഫീസറും.
സർക്കാരിനു പുറത്തേക്ക് അശോകിനെ തെറിപ്പിക്കാൻ തദ്ദേശ ഭരണപരിഷ്കരണ കമ്മിഷനിലും അടച്ചുപൂട്ടാറായ കെ.ടി.ഡി.എഫ്.സിയിലും, അതിനു പിന്നാലെ ഭരണപരിഷ്കാര വകുപ്പിലേക്കും അടിക്കടി മാറ്റിയെങ്കിലും ഇതെല്ലാം അഡ്‌മിനിസ്ട്രേറ്റീവ് ട്രൈബ്യൂണൽ തടഞ്ഞത് സർക്കാരിന് പ്രഹരമായി. ഉടൻ ചീഫ്സെക്രട്ടറി ഗ്രേഡിലേക്ക് സ്ഥാനക്കയറ്റം ലഭിക്കേണ്ട അശോകിനെ ഒതുക്കുകയായിരുന്നു ലക്ഷ്യം. അതിനിടെ ലോകബാങ്ക് സഹായത്തോടെയുള്ള 'കേര" പദ്ധതിയിലെ വാർത്താചോർച്ചയുടെ പേരിൽ അശോകിനെ കേസിൽ കുടുക്കാനും ശ്രമമുണ്ടായി.
നേട്ടങ്ങളുടെ തുടർക്കഥ
കൊല്ലം സ്വദേശിയായ അശോക് 1998-ൽ ഐ.എ.എസ് നേടിയതാണ്. 27വർഷമായി സംസ്ഥാനത്തും കേന്ദ്രത്തിലും സുപ്രധാന പദവികളിലെ മികവാർന്ന പ്രവർത്തനങ്ങളാണ് അദ്ദേഹത്തെ പലരുടെയും കണ്ണിലെ കരടാക്കിയത്. ഏഴു വർഷമായി ഫയലിലുറങ്ങിയ കാർഷിക- മൂല്യവർദ്ധിത- കാലാവസ്ഥാ പ്രതിരോധ പദ്ധതിയായ 'കേര"യ്ക്ക് 2400 കോടി ലോകബാങ്ക് സഹായം നേടിയെടുത്തു. 40 വർഷത്തിനുശേഷം കൃഷി വകുപ്പിലെത്തുന്ന ലോകബാങ്ക് പദ്ധതിയാണിത്. കർഷകരക്ഷയ്ക്ക് അഗ്രോ ബിസിനസ് കമ്പനി യാഥാർത്ഥ്യമാക്കി. ദേശീയ റാങ്കിംഗിൽ 29-ാമതായിരുന്ന കാർഷിക സർവകലാശാലയെ വി.സിയുടെ മിന്നുംപ്രകടനത്തിലൂടെ ഏഴാം റാങ്കിലെത്തിച്ചു. കാർഷിക വിവരമാനേജ്‌മെന്റ് സിസ്റ്റമായ 'കതിർ" 10 ലക്ഷം കർഷകരിലെത്തിച്ചു.
2011-ൽ വെറ്ററിനറി സർവകലാശാലയുടെ പ്രഥമ വി.സിയായിരിക്കെയും സർക്കാർ അദ്ദേഹത്തിന്റെ കസേര തെറിപ്പിച്ചു. പത്തുമാസത്തിനു ശേഷം സുപ്രീംകോടതി ഉത്തരവോടെ വി.സിയായി തിരിച്ചെത്തി. 2015-ൽ ഗവ.സെക്രട്ടറിയായ അശോക് വൈദ്യുതി, ജലവിഭവ, കൃഷി വകുപ്പുകളിലും പ്രിൻസിപ്പൽ സെക്രട്ടറിയായി ആയുഷ്, സ്പോർട്സ്, തദ്ദേശ വകുപ്പുകളിലും പ്രവർത്തിച്ചു. ജല അതോറിട്ടി എം.ഡി, സപ്ലൈകോയുടെയും കെ.എസ്.ഇ.ബിയുടെയും ചെയർമാൻ പദവികളും വഹിച്ചു. 746 കോടി പ്രവർത്തന മിച്ചത്തിലേക്ക് കെ.എസ്.ഇ.ബിയെ നയിച്ചു. യൂണിയനുകൾ എതിർത്തെങ്കിലും സ്മാർട്ട് മീറ്ററിംഗ്, ബാറ്ററി സ്റ്റോറേജ്, ഫ്‌ളോട്ടിംഗ് സോളാർ അടക്കം അശോക് കൊണ്ടുവന്ന പരിഷ്കാരങ്ങൾ ഇപ്പോഴും തുടരുന്നു. കേന്ദ്ര കൃഷി- ഭക്ഷ്യ മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയുമായിരുന്നു. മസൂറിയിലെ ഐ.എ.എസ് അക്കാഡമിയിൽ ഡെപ്യൂട്ടി ഡയറക്ടറുമായിട്ടുണ്ട്. വിദ്യാഭ്യാസ വിദഗ്ദ്ധൻ, എഴുത്തുകാരൻ, പ്രഭാഷകൻ, അക്കാഡമിഷ്യൻ, കോളമിസ്റ്റ് എന്നീ നിലകളിലും പ്രഗത്ഭനാണ് അശോക്.
ഐ.എ.എസിലെ എല്ലാവർക്കുമായി
ഒരു തസ്തികയിൽ മിനിമം ടേം നൽകാതെ ഐ.എ.എസുകാരെ സ്ഥലംമാറ്റുന്നതിനെതിരെ ഐ.എ.എസ് അസോസിയേഷൻ പ്രസിഡന്റ് എന്ന നിലയിൽ കേന്ദ്ര അഡ്‌മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിൽ നിന്ന് ഉത്തരവു നേടി. രാജ്യത്ത് ആദ്യമായിരുന്നു ഇത്. പ്രതികാര മനോഭാവത്തോടെയുള്ള സ്ഥലംമാറ്റങ്ങളിൽ അസോസിയേഷൻ ഇടപെടുന്നു. ചട്ടവിരുദ്ധതയുണ്ടെങ്കിൽ പൊതുഭരണ വകുപ്പിനെ അറിയിക്കുന്നു, ട്രൈബ്യൂണലിൽ ഹർജിനൽകുന്നു. നിയമനങ്ങളിൽ മിനിമം കാലാവധി പാലിക്കണം, കമ്മിഷനുകളിലേക്ക് ഐ.എ.എസുകാരുടെ നിയമനാധികാരം കേന്ദ്രത്തിനാണ്, സീനിയർ ഉദ്യോഗസ്ഥരെ കേഡറിനു പുറത്തേക്കു മാറ്റി തരംതാഴ്‌ത്തരുത് എന്നിങ്ങനെ അശോക് നേടിയ കോടതി ഉത്തരവുകൾ ഐ.എ.എസുകാർക്കാകെ പ്രയോജനകരമാണ്. മറ്റ് സംസ്ഥാനങ്ങളിലെ ഐ.എ.എസുകാർ 'ബി.അശോക് വേഴ്സസ് യൂണിയൻ ഒഫ് ഇന്ത്യ" എന്ന കേസ് ഉദ്ധരിച്ചാണ് ഹൈക്കോടതികളിലും ട്രൈബ്യൂണലുകളിലും നിയമപോരാട്ടം നടത്തുന്നത്. അശോകിന് വൈസ്ചാൻസലർ പദവി തിരികെ കിട്ടിയ ഉത്തരവ് ദേശീയ നിയമ സർവകലാശാലയിലെ പാഠ്യവിഷയവുമാണ്.
സർവീസിലിരിക്കെ ഇംഗ്ലണ്ടിലെയും ഇറ്റലിയിലെയും സർവകലാശാലകളിൽ നിന്ന് മാസ്റ്റർ ബിരുദങ്ങൾ നേടി. അമൃത വിശ്വവിദ്യാപീഠം സർവകലാശാലയിൽ നിന്ന് സോഷ്യൽ സയൻസിൽ ഡോക്ടറേറ്റും നേടി. 'സ്‌കോപ്പസ്" നിലവാരമുള്ള ജേണലുകളിൽ ശാസ്ത്രീയ പ്രസിദ്ധീകരണങ്ങളുണ്ട്. ചീഫ് സെക്രട്ടറി ഗ്രേഡിലേക്ക് സ്ഥാനക്കയറ്റം നൽകുന്നതിനു മുന്നോടിയായി മസൂറി സിവിൽ സർവീസ് അക്കാഡമിയിലെ പരിശീലനത്തിൽ മികച്ച നയരൂപീകരണ നിർദ്ദേശ രേഖയ്ക്കുള്ള അവാർഡ് അശോകിനായിരുന്നു. ഇംഗ്ലീഷിൽ അഞ്ചെണ്ണം അടക്കം എട്ടു പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചു. അമ്മയെക്കുറിച്ചുള്ള ഓർമ്മ- 'സന്യാസിനിയുടെ സ്മരണയ്ക്ക്" പുസ്തകമായി. 1991-96ൽ കാർഷിക സർവകലാശാലാ വിദ്യാർത്ഥിയായിരിക്കെ ജനറൽ കൗൺസിൽ അംഗവും വിദ്യാർത്ഥി നേതാവും ദേശീയ-സൗത്ത് സോൺ ഡിബേറ്റിംഗ് ചാമ്പ്യനുമായിരുന്നു. വി.എസ്.എസ്.സിയിലെ സീനിയർ സയന്റിസ്റ്റ് എൻജിനിയറായ ലക്ഷ്മിപ്രീതി മണി ഭാര്യയും, ഡോ. അർപ്പിത അശോക് ഏക മകളുമാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |