കൊച്ചി: സ്ഥലംമാറ്റത്തെ ചോദ്യം ചെയ്ത് മുതിർന്ന ഐ.എ.എസ് ഉദ്യോഗസ്ഥൻ ഡോ.ബി. അശോക് നൽകിയ ഹർജിയിൽ ഗവർണറെ കക്ഷി ചേർത്തതിലടക്കം കേന്ദ്ര അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണൽ (സി.എ.ടി) ഉടൻ തീരുമാനമെടുക്കണമെന്ന് ഹൈക്കോടതി. വിഷയം തുടർച്ചയായി പരിഗണിച്ച് തീരുമാനമെടുക്കാൻ ചീഫ് ജസ്റ്റിസ് നിതിൻ ജാംദാർ, ജസ്റ്റിസ് ബസന്ത് ബാലാജി എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ച് നിർദ്ദേശിച്ചു.
അശോകിന്റെ സ്ഥലംമാറ്റം തടഞ്ഞ് സി.എ.ടി ഉത്തരവിട്ടതിനെതിരെ സർക്കാർ നൽകിയ ഹർജിയാണ് പരിഗണിച്ചത്. ട്രൈബ്യൂണൽ ഇന്നലെ വിഷയം പരിഗണിക്കാനിരിക്കെയാണ് സർക്കാർ ഹൈക്കോടതിയെ സമീപിച്ചത്. ഒരേ കാര്യത്തിൽ സമാന്തര നിയമനടപടി അഭികാമ്യമല്ലെന്ന് വിലയിരുത്തിയ ഡിവിഷൻ ബെഞ്ച് ട്രൈബ്യൂണലിന്റെ അന്തിമ തീരുമാനം അറിയേണ്ടതുണ്ടെന്ന് വ്യക്തമാക്കി.
ഇന്നലെ ഉച്ചകഴിഞ്ഞ് വിഷയം പരിഗണിച്ച ട്രൈബ്യൂണലിൽ ഇന്നും വാദം തുടരും. 29ന് വിഷയം വീണ്ടും ഹൈക്കോടതിയിലെത്തും. കൃഷിവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയായ അശോകിനെ ആദ്യം കെ.ടി.ഡി.എഫ്.സി ചെയർമാനായും പിന്നീട് പഴ്‌സണൽ ആൻഡ് അഡ്മിനിസ്‌ട്രേറ്റീവ് റിഫോംസ് വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയുമായാണ് സ്ഥലംമാറ്റിയത്. ഇത് രണ്ടും ട്രൈബ്യൂണൽ നിലവിൽ തടഞ്ഞിരിക്കുകയാണ്.
കേരള ഐ.എ.എസ് ഓഫീസേഴ്‌സ് അസോസിയേഷന് അനുകൂലമായി 2023ൽ ട്രൈബ്യൂണൽ പുറപ്പെടുവിച്ച ഇടക്കാല ഉത്തരവിനെയും സർക്കാർ ഹൈക്കോടതിയിൽ ചോദ്യം ചെയ്യുകയാണ്.
സിവിൽ സർവീസ് ഉദ്യോഗസ്ഥരുടെ നിയമനവും സ്ഥലമാറ്റവും നടത്താൻ സിവിൽ സർവീസ് ബോർഡിന്റെ (സി.എസ്.ബി) ശുപാർശ വേണമെന്ന ഉത്തരവിനെയാണ് ചോദ്യം ചെയ്യുന്നത്. സർക്കാരിന്റെ എക്‌സിക്യുട്ടീവ് അധികാരത്തിലുള്ള ഇടപെടലാണിതെന്നാണ് വാദം.
ഉത്തരവ് റദ്ദാക്കണമെന്നും ആവശ്യപ്പെടുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |