ഗുവാഹത്തി: വിടപറയാനാകാതെ ലക്ഷങ്ങൾ നിലവിളിച്ചു. ഒരു നോക്ക് കാണാൻ കിലോമീറ്ററുകളോളം നീണ്ട വരി. രാജ്യം കണ്ടിട്ടില്ലാത്ത യാത്ര അയപ്പാണ്
ബോളിവുഡ് ഗായകനും അസാമീസ് കലാകാരനുമായ സുബിൻ ഗാർഗിന് നാടൊരുക്കിയത്. അക്ഷരാർത്ഥത്തിൽ അസാം കണ്ണീർ കടലായി. മന്ത്രങ്ങളും സുബീന്റെ ഗാനങ്ങളും മാത്രം അന്തരീക്ഷത്തിൽ മുഴങ്ങി. അദ്ദേഹത്തിന്റെ ഭാര്യ ഗരിമ ഇതെല്ലാം കണ്ട് അടുത്തുതന്നെയിരുന്നു.സംസ്‌കാരത്തിന് മുമ്പ് ഗുവാഹത്തിയിലെ സരുസജായ് സ്റ്റേഡിയത്തിൽ പൊതു ദർശനത്തിന് സൗകര്യം ഒരുക്കിയിരുന്നു. അസാമിലെ കാമർകുച്ചിയിൽ ഇന്നലെ പൂർണ ഔദ്യോഗിക ബഹുമതികളോടെ സംസ്കരിച്ചു .പരമ്പരാഗത ആചാരങ്ങളോടെ സുബീന്റെ സഹോദരി പാം ബോർത്താകൂറും ശിഷ്യനായ സംഗീതസംവിധായകൻ രാഹുൽ ഗൗതവും ചിതയ്ക്ക് തീ കൊളുത്തി. അദ്ദേഹത്തെ ജ്വാലകൾ ഏറ്റുവാങ്ങുമ്പോൾ സുബീൻ, സുബീൻ എന്ന വിളി ഉയർന്നു. അവസാനമായി ഒരു നോക്കുകാണാൻ അപ്പോഴും ആളുകൾ ഒഴുകിക്കൊണ്ടിരുന്നു.
പ്രധാനമന്ത്രിയുടെ നിർദ്ദേശപ്രകാരം കേന്ദ്രമന്ത്രി കിരൺ റിജിജു അടക്കമുള്ള നേതാക്കൾ പങ്കെടുത്തു.
ഇന്നലെ രാവിലെ അദ്ദേഹത്തിന്റെ മൃതദേഹം വീണ്ടും പോസ്റ്റ്‌മോർട്ടം നടത്തിയിരുന്നു. എയിംസിലെ ഡോക്ടർമാരുടെ നേതൃത്വത്തിലാണിത് നടന്നത്. സിംഗപൂരിൽ നടത്തിയ പോസ്റ്റ് മോർട്ടത്തിൽ രേഖപ്പെടുത്തിയത് മുങ്ങിമരണം എന്നായിരുന്നു. മരണ കാരണത്തിൽ ചിലർ സംശയം പ്രകടിപ്പിച്ചതോടെയാണ് വീണ്ടും പോസ്റ്റ്മോർട്ടം നടത്തിയത്. കഴിഞ്ഞ വെള്ളിയാഴ്ച സിംഗപൂരിൽ നോർത്ത് ഈസ്റ്റ് ഇന്ത്യ ഫെസ്റ്റിവലിനെത്തിയ സുബീൻ സ്‌കൂബ ഡൈവിംഗിനിടെ മരണപ്പെടുകയായിരുന്നു.
വേൾഡ് റെക്കാഡ്
ഈ മാസം 21 ന് ഗുവാഹത്തിയിൽ മൃതദേഹം എത്തിച്ചത് മുതൽ ലക്ഷക്കണക്കിന് പേരാണ് തെരുവുകളിൽ തുടർന്നത്. വിലാപയാത്ര ലിംക ബുക്ക് ഓഫ് റെക്കാഡ്സിൽ രേഖപ്പെടുത്തപ്പെട്ടു. മൈക്കിൾ ജാക്സൺ, പോപ്പ് ഫ്രാൻസിസ്, എലിസബത്ത് രാജ്ഞി എന്നിവരുടേത് കൂടാതെ കൂടുതൽ പേർ എത്തിയ വിലാപയാത്രയാണ് ഗാർഗിന്റേത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |