തിരുവനന്തപുരം: കാവിക്കൊടിയേന്തിയ ഭാരതാംബ ചിത്രത്തെച്ചൊല്ലി ഗവർണറുമായുള്ള ഏറ്റുമുട്ടലിനുശേഷം ആദ്യമായി ഒരു ഔദ്യോഗിക പരിപാടിക്ക് മുഖ്യമന്ത്രി പിണറായി വിജയൻ ഞായറാഴ്ച രാജ്ഭവനിലെത്തുന്നു. ഗവർണറുടെയും രാജ്ഭവന്റെയും വിശേഷങ്ങളും പരിപാടികളുമടങ്ങിയ 'രാജഹംസ് ' ജേർണലിന്റെ പ്രകാശനമാണ് ചടങ്ങ്. രാവിലെ 10.30ന് മുഖ്യമന്ത്രിയാണ് ജേർണൽ പ്രകാശനം ചെയ്യുന്നത്. ഏറ്റുവാങ്ങുന്നത് ശശിതരൂർ എം.പി. അദ്ധ്യക്ഷൻ ഗവർണർ ആർ.വി. ആർലേക്കർ. പരിപാടിക്കെത്തുമെന്ന് മുഖ്യമന്ത്രി ഗവർണറെ അറിയിച്ചിട്ടുണ്ട്.
അതേസമയം, മുഖ്യമന്ത്രി പങ്കെടുക്കുന്ന രാജ്ഭവനിലെ ചടങ്ങിൽ ഭാരതാംബ ചിത്രമുണ്ടാവുമോ എന്നതിലാണ് സസ്പെൻസ്. ചിത്രമൊഴിവാക്കുന്നതിനെ കുറിച്ച് ഗവർണർ നിർദ്ദേശം നൽകിയിട്ടില്ല. വേദിയിൽ ഭാരതാംബ ചിത്രമുണ്ടെങ്കിൽ മുഖ്യമന്ത്രി സ്വീകരിക്കുന്ന നിലപാടും നിർണായകമാകും.
പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ, വി.കെ. പ്രശാന്ത് എം.എൽ.എ എന്നിവരെയുൾപ്പെടെ ചടങ്ങിലേക്ക് ക്ഷണിച്ചിട്ടുണ്ട്. ഗവർണറുടെ പരിപാടികളിലെ പ്രസംഗങ്ങളും ചിത്രങ്ങളും വിഴിഞ്ഞം തുറമുഖ ഉദ്ഘാടനത്തിന് പ്രധാനമന്ത്രി എത്തിയതിന്റെ വിവരങ്ങളും ഉന്നത വിദ്യാഭ്യാസത്തിലടക്കം കേരളത്തിന്റെ നേട്ടങ്ങളെക്കുറിച്ചുമാണ് ജേർണലിലുള്ളത്.
രാജ്ഭവൻ ചടങ്ങുകളിൽ ഭാരതാംബചിത്രം കണ്ട് മന്ത്രി പി.പ്രസാദ് പരിപാടി റദ്ദാക്കുകയും മന്ത്രി വി.ശിവൻകുട്ടി ഇറങ്ങിപ്പോവുകയും ചെയ്തത് വിവാദമായിരുന്നു. പിന്നാലെ ഭാരതാംബചിത്രം ചടങ്ങുകളിൽ ഉപയോഗിക്കുന്നതിൽ വിട്ടുവീഴ്ചയില്ലെന്ന് കാട്ടി ഗവർണർ മുഖ്യമന്ത്രി കത്തു നൽകി. ഔദ്യോഗിക ചടങ്ങുകളിൽ നിന്ന് ഭാരതാംബചിത്രം ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിയും കത്ത് നൽകിയിരുന്നു.
ചിത്രം വയ്ക്കുന്നത് ഭരണഘടനാ വിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി കേസുകൊടുക്കാനും സർക്കാർ നീക്കം നടത്തിയിരുന്നു. കേരള സർവകലാശാലയിൽ ഗവർണറുടെ ചടങ്ങിലെ ഭാരതാംബ ചിത്രത്തെച്ചൊല്ലി സംഘർഷമുണ്ടാവുകയും രജിസ്ട്രാർ ഡോ.അനിൽകുമാർ സസ്പെൻഷനിലാവുകയും ചെയ്തിരുന്നു.
സർക്കാർ നിലപാട്
1. ഔദ്യോഗിക ചടങ്ങുകളിൽ ഭരണഘടന അംഗീകരിച്ച ദേശീയചിഹ്നങ്ങൾ മാത്രമേ ഉപയോഗിക്കാവൂ എന്നാണ് സർക്കാർ രേഖാമൂലം ഗവർണറെ അറിയിച്ചിട്ടുള്ളത്
2. ചടങ്ങുകളിൽ ഉപയോഗിക്കാവുന്ന ചിഹ്നങ്ങളും ചിത്രങ്ങളുമടങ്ങിയ പ്രോട്ടോക്കോളും തയ്യാറാക്കിയിരുന്നു
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |