ന്യൂയോർക്ക്:യു.എസ് മണ്ണിൽ ലോകരാജ്യങ്ങൾ സമ്മേളിച്ച് നയതന്ത്ര നീക്കം ശക്തമാക്കിയതിനി ടെ ഗാസയിൽ കൂട്ടക്കൊല തുടർന്ന് ഇസ്രയേൽ.ഗാസ സിറ്റിയിൽ കൂടുതൽ മേഖലകളിൽ കരസേനയെ വിന്യസിച്ച് ആക്രമണം ശക്തമാക്കിയട്ടുണ്ട്.തിങ്കളാഴ്ച്ച മാത്രം 30ലേറെ പേർ കൊല്ലപ്പെട്ടു.ഗാസയിലുടനീളം ആക്രമണങ്ങളിലായി 37 പേരുടെ മരണം സ്ഥിരീകരിച്ചു.അതിനിടെ,ഗാസ സിറ്റിയിലെ തൽ അൽ ഹവയിൽ ഇസ്രയേലി മെർക്കാവ ടാങ്ക് ഹമാസ് സായുധ വിഭാഗം തകർത്തു.വെസ്റ്റ് ബാങ്കിൽ ഇസ്രായേൽ നിയന്ത്രണത്തിലുള്ള കിങ് ഹുസൈൻ പാലം അടച്ചു.യമൻ തീരത്തുനിന്ന് അകലെ ഏദൻ കടലിൽ കപ്പൽ ആക്രമിക്കപ്പെട്ടതായും റിപ്പോർട്ടുണ്ട്.
ഇസ്രയേൽ സൈനികനെ ഹമാസ് വധിച്ചു
ഗാസ: ഗാസയിൽ ഇസ്രയേലി സൈനികനെ ഹമാസ് വധിച്ചു. കഴിഞ്ഞ ദിവസം നടന്ന ആക്രമണത്തിലാണ് ആംഡ് ബ്രിഗേഡിന്റെ 77-ം ബറ്റാലിയൻ കമ്പനി കമാൻഡർ മേജർ ഷഹർ നെറ്റനെൽ ബൊസാഗ്ലോ (27) കൊല്ലപ്പെട്ടത്.തിങ്കളാഴ്ച ഗാസ സിറ്റിയിൽ ഇയാൾ സഞ്ചരിച്ച 77-ാമത് ബറ്റാലിയന്റെ ടാങ്കിന് നേരെ ഹമാസ് ആക്രമിക്കുകയായിരുന്നെന്ന് ഇസ്രയേൽ പ്രതിരോധ സേന അറിയിച്ചു. സാരമായി പരിക്കേറ്റ ബൊസാഗ്ലോയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കഴിഞ്ഞ ആഴ്ച ഗാസ സിറ്റിയിൽ ഇസ്രയേൽ മനുഷ്യക്കുരുതി ആരംഭിച്ച ശേഷം കൊല്ലപ്പെടുന്ന ആദ്യ ഇസ്രയേലി സൈനികനാണ്.
ഹമാസ് പ്രതിരോധ പ്രസ്ഥാനം -ഉർദുഗാൻ
ഇസ്താംബുൾ:ഹമാസിനെ തീവ്രവാദസംഘടനയായി കാണുന്നില്ലെന്നെന്നും അത് പ്രതിരോധ പ്രസ്ഥാനമായാണെന്നും തുർക്കിയ പ്രസിഡന്റ് റജബ് ത്വയ്യിബ് ഉർദുഗാൻ.പാലസ്തീനുമായി ബന്ധപ്പെട്ട യു.എൻ സമ്മേളനത്തിന് മുമ്പായി മാദ്ധ്യമങ്ങളോട് സംസാരിക്കുമ്പോഴായിരുന്നു പരാമർശം. ഗാസയിൽ ഇസ്രയേൽ നടത്തുന്ന ആക്രമണം പാലസ്തീൻ രാഷ്ട്രമെന്ന സങ്കൽപ്പം തന്നെ ഇല്ലാതാക്കുന്നതാണെന്നും ഉർദുഗാൻ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |