ദുബായ്: ഏഷ്യാ കപ്പ് ഫൈനൽ ലക്ഷ്യമിട്ട് ഇന്ന് നിർണായകമായ സൂപ്പർ ഫോർ പോരാട്ടത്തി ഇന്ത്യയും ബംഗ്ലാദേശും തമ്മിൽ ഏറ്റുമുട്ടും. ദുബായിൽ ഇന്ത്യൻ സമയം രാത്രി 8 മുതലാണ് മത്സരം. ടൂർണമെന്റിൽ ഇതുവരെയും ഒരു മത്സരം പോലും തോൽക്കാത്ത ഇന്ത്യ സൂപ്പർ ഫോറിലെ ആദ്യ മത്സരത്തിൽ പാകിസ്ഥാനെ കീഴടക്കിയാണ് ഇന്ന് ബംഗ്ലാദേശിനെതിരെ ഇറങ്ങുന്നത്. മറുവശത്ത് പ്രാഥമിക റൗണ്ടിൽ തങ്ങളെ തോൽപ്പിച്ച ശ്രീലങ്കയെ സൂപ്പർ ഫോറിൽ കീഴടക്കിയതിന്റെ ആത്‌മവിശ്വാസത്തിലാണ് ബംഗ്ലാദേശ് ഇന്ന് പാഡ് കെട്ടുന്നത്. മത്സരത്തിൽ ജയിക്കുന്ന ടീമിന് ഫൈനൽ ഏറെക്കുറെ ഉറപ്പിക്കാം.
ഇന്ത്യ പാകിസ്ഥാനെതിരെ കളിച്ച ആതേ ടീമുമായായിരിക്കും കളത്തിലിറങ്ങുക. മറുവശത്ത് ബംഗ്ലാദേശ് ക്യാപ്ടൻ ലിറ്റൺ ദാസിന് പരിശീലനത്തിനിടെ പുറം വേദനയുണ്ടായിരുന്നെങ്കിലും അദ്ദേഹം ഇന്ന് കളിക്കുമെന്ന് തന്നെയാണ് വിവരം.
ലൈവ്
സോണി സ്പോർട്സ് നെറ്റ്വർക്ക്, സോണി ലിവ്, ഫാൻ കോഡ്.
ശ്രീലങ്കയെ തോൽപ്പിച്ച് പാകിസ്ഥാൻ
അബുദാബി: ഇന്നലെ നിർണായകമായ സൂപ്പർ ഫോർ മത്സരത്തിൽ പാകിസ്ഥാൻ 5 വിക്കറ്റിന് ശ്രീലങ്കയെ കീഴടക്കി. ആദ്യം ബാറ്റ് ചെയ്ത ശ്രീലങ്ക 20 ഓവറിൽ 8 വിക്കറ്റ് നഷ്ടത്തിൽ 133 റൺസെടുത്തു. മറുപടിക്കിറങ്ങിയ പാകിസ്ഥാൻ ഇടയ്‌ക്ക് പതറിയെങ്കിലും 12 പന്ത് ബാക്കി നിൽക്കെ 5 വിക്കറ്റ് നഷ്‌ടപ്പെടുത്തി വിജയലക്ഷ്യത്തിലെത്തി (138/5). 11.1 ഓവറിൽ 80/5 എന്ന നിലയിൽ ക്രീസിൽ ഒന്നിച്ച ഹുസൈൻ തലാത്തിന്റെയും (32 നോട്ടൗട്ട്), മൊഹമ്മദ് നവാസിന്റെയും (24 പന്തിൽ 38 നോട്ടൗട്ട്) ഇന്നിംഗ്‌സുകളാണ് പാകിസ്ഥാന് ജയമൊരുക്കിയത്. ഓപ്പണർ ഷിബ്‌സദ ഫർഹാനും (24) ഭേദപ്പെട്ട പ്രകടനം നടത്തി. ലങ്കയ്ക്കായി തീക്ഷണയും ഹസരങ്കയും 2 വിക്കറ്റ് വീതം വീഴ്‌ത്തി.
നേരത്തേ തുടക്കത്തിലേ ഓപ്പണർമാരായ പതും നിസ്സാങ്കയേയും (8), കുശാൽ മെൻഡിസിനെയും (1) പുറത്താക്കി ഷഹീൻ അഫ്രീദി പാകിസ്ഥാന് ബ്രേക്ക് ത്രൂ നൽകി. അർദ്ധ സെഞ്ച്വറി നേടിയ കാമിൻഡു മെൻഡിസിന്റെ (50) പോരാട്ടമാണ് ശ്രീലങ്കയെ പൊരുതാവുന്ന സ്കോറിൽ എത്തിച്ചത്. അഫ്രീദി 3 വിക്കറ്റ് വീഴ്‌ത്തി. കളിച്ച രണ്ട് മത്സരങ്ങളും തോറ്റ ശ്രീലങ്കയ്‌ക്ക് ഫൈനലിലേക്ക് ഇപ്പോഴും വളരെ നേരിയ സാധ്യത നിലനിൽക്കുന്നുണ്ട്. പക്ഷേ അതിന് അടുത്ത രണ്ട് മത്സരങ്ങളും ബംഗ്ലാദേശ് ജയിക്കുകയും ഇന്ത്യ ശ്രീലങ്കയെ തോൽപ്പിക്കുകയും മികച്ച റൺറേറ്റ് ലങ്ക നേടുകയും വേണം.
കേരളത്തിന് വെള്ലിയും വെങ്കലവും
ഗുണ്ടൂർ: ആന്ധ്രാ പ്രദേശിലെ ഗുണ്ടൂരിൽ തുടങ്ങിയ സൗത്ത് സോൺ ജൂനിയർ അത്‌ലറ്റിക് ചാമ്പ്യൻഷിപ്പിൽ അണ്ടർ 16 പെൺകുട്ടികളുടെ 80 മീറ്റർ ഹർഡിലിൽ ദേവശ്രീ ടി.വി വെള്ളിയും ഭൂമിക സഞ്ജീവ് വെങ്കലവും നേടി.
കേരളത്തിന് തോൽവി
ദോഹ: ഒമാൻ പര്യടനത്തിലെ ആദ്യ മല്സരത്തിൽ കേരള ക്രിക്കറ്റ് ടീമിന് തോൽവി. 40 റൺസിനാണ് ഒമാൻ ചെയർമാൻ ഇലവൻ കേരളത്തെ തോല്പിച്ചത്. ആദ്യം ബാറ്റ് ചെയ്ത ചെയർമാൻ ഇലവൻ 20 ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 143 റൺസെടുത്തു. മറുപടിക്കിറങ്ങിയ കേരളം 16.1 ഓവറിൽ 103 റൺസിന് ഓൾ ഔട്ടാവുകയായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |