ചണ്ഡിഗഡ്: പ്രായപരിധി വിഷയത്തിൽ തർക്കമുണ്ടെങ്കിലും ജനറൽ സെക്രട്ടറി സ്ഥാനത്ത് ഡി.രാജയ്‌ക്ക് ഒരവസരം കൂടി നൽകാൻ ചണ്ഡിഗഡിൽ ഇന്ന് സമാപിക്കുന്ന സി.പി.ഐ 25-ാം പാർട്ടി കോൺഗ്രസ് അനുമതി നൽകിയേക്കും.ഇന്നലെ രാത്രി വൈകി ദേശീയ കൗൺസിലിൽ ഇതു സംബന്ധിച്ച് ധാരണയായെന്ന് സൂചന.
പകരം പരിഗണിക്കേണ്ട പഞ്ചാബിൽ നിന്നുള്ള അമർജിത് കൗറിനെ അപേക്ഷിച്ച്, ദളിത് നേതാവായതും ദേശീയ തലത്തിലെ പ്രവർത്തന മികവും രാജയ്‌ക്ക് അനുകൂലമാണ് .
75 വയസ് പ്രായ പരിധി നടപ്പാക്കണമെന്ന് ശക്തമായി വാദിക്കുന്ന കേരള ഘടകം വിട്ടുവീഴ്‌ചയ്‌ക്ക് തയ്യാറായെന്നാണ് അറിഞ്ഞത്. ഉടൻ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്ന ബിഹാർ അടക്കം വടക്കേ ഇന്ത്യൻ ഘടകങ്ങൾ രാജയ്‌ക്കൊപ്പമാണ്. കേരളത്തിനൊപ്പം തമിഴ്നാട്, ആന്ധ്ര, തെലങ്കാന, മഹരാഷ്‌ട്ര ഘടകങ്ങളുടെ നിലപാട് നിർണായകം. ജനറൽ സെക്രട്ടറിയെ തിരഞ്ഞെടുക്കാൻ വോട്ടെടുപ്പിലേക്ക് പോകില്ലെന്ന് സി.പി.ഐ നേതാക്കൾ വ്യക്തമാക്കിയിരുന്നു.വീണ്ടും തിരഞ്ഞെടുക്കപ്പെട്ടാൽ രാജയ്‌ക്കിത് മൂന്നാമൂഴമാകും. 2019ൽ സുധാകർ റെഡ്ഡി ആരോഗ്യകാരണങ്ങളാൽ ഒഴിഞ്ഞപ്പോൾ സ്ഥാനമേറ്റ രാജയ്‌ക്ക് 2022ലെ വിജയവാഡ പാർട്ടി കോൺഗ്രസിൽ തുടർച്ച ലഭിച്ചിരുന്നു.
പ്രകാശ് ബാബുവും സന്തോഷ്
കുമാറും സെക്രട്ടേറിയറ്റിൽ?
വിജയവാഡ പാർട്ടി കോൺഗ്രസിൽ ദേശീയ എക്‌സിക്യൂട്ടീവിലെത്തിയ പി. സന്തോഷ് കുമാർ എം.പിയും കെ. പ്രകാശ് ബാബുവും സെക്രട്ടേറിയറ്റിലെത്തിയേക്കും. നിലവിലെ സെക്രട്ടേറിയറ്റിൽ അഞ്ച് പേർ 75 വയസ് പിന്നിട്ടവരാണ്.
വിജയവാഡയിൽ തിരഞ്ഞെടുക്കപ്പെട്ട 11 അംഗ സി.പി.ഐ ദേശീയ സെക്രട്ടേറിയറ്റിൽ നിന്ന് അന്തരിച്ച കാനം രാജേന്ദ്രൻ, അതുൽ കുമാർ അൻജാൻ എന്നിവർക്ക് പകരം ആനിരാജ, ഗിരീഷ് ശർമ്മ എന്നിവരെ പിന്നീടുൾപ്പെടുത്തിയിരുന്നു. ഡി. രാജ, അമർജിത് കൗർ, ഡോ.കെ. നാരായണ, ഡോ. ബാലചന്ദ്രകുമാർ കാംഗോ, ബിനോയ് വിശ്വം, പല്ലഭ് സെൻ ഗുപ്ത, രാമകൃഷ്ണ പാണ്ഡെ, സയ്യിദ് അസീസ് പാഷ, നാഗേന്ദ്രനാഥ് ഓഝ എന്നിവരാണ് മറ്റ് അംഗങ്ങൾ.
125 അംഗ ദേശീയ കൗൺസിലിൽ കേരളത്തിൽ നിന്നുള്ള 11 പേരിൽ മുൻ മന്ത്രി ഇ. ചന്ദ്രശേഖരന് പകരം മുൻ മന്ത്രി വി.എസ് സുനിൽ കുമാർ, സി.എൻ. ചന്ദ്രൻ തുടങ്ങിയവരുടെ പേര് പറഞ്ഞു കേൾക്കുന്നു.നിലവിലെ അംഗങ്ങൾ:കെ. പ്രകാശ് ബാബു, കെ.പി. രാജേന്ദ്രൻ, ജെ. ചിഞ്ചുറാണി, അഡ്വ.പി. വസന്തം, രാജാജി മാത്യു തോമസ്, പി. പ്രസാദ്, കെ. രാജൻ, പി.പി. സുനീർ, ജി.ആർ. അനിൽ, ചിറ്റയം ഗോപകുമാർ, ടി.ടി. ജിസ്‌മോൻ (കാൻഡിഡേറ്റംഗം). കൺട്രോൾ കമ്മിഷനിൽ സത്യൻ മൊകേരിയുമുണ്ട്.
ഭരണഘടനാ ദേദഗതിയില്ലാതെ സി.പി.ഐ പാർട്ടി കോൺഗ്രസ്
ഭരണഘടനാ ഭേദഗതിയില്ലാതെയാണ് 25-ാം സി.പി.ഐ പാർട്ടി കോൺഗ്രസ് ഇന്ന് ചണ്ഡിഗഡിൽ കൊടിയിറങ്ങുക. പാർട്ടി കോൺഗ്രസിൽ അവതരിപ്പിച്ച കരട് രാഷ്ട്രീയ പ്രമേയം, രാഷ്ട്രീയ വിശകലന റിപ്പോർട്ട്, സംഘടനാ റിപ്പോർട്ട് എന്നിവ സംബന്ധിച്ചാണ് ഇന്നലെ പ്രതിനിധികളുടെ കമ്മിഷൻ ചർച്ചകൾ നടന്നത്. 75 വയസ് പ്രായ പരിധി നടപ്പാക്കാനുള്ള ഭരണഘടനാ ഭേദഗതിക്ക് 2022ലെ വിജയവാഡ പാർട്ടി കോൺഗ്രസ് നിർദ്ദേശിച്ചിരുന്നു. അത്തരം നീക്കങ്ങൾ ചണ്ഡിഗഡിലുണ്ടാകില്ലെന്നുറപ്പായി.
സാമൂഹികമായും ആനുകാലികമായും വരുത്തേണ്ട ഭരണഘടനാ ഭേദഗതികൾ നിർദ്ദേശിക്കാൻ പാർട്ടി കോൺഗ്രസ് പ്രത്യേക പ്രോഗ്രാം കമ്മിഷന് രൂപം നൽകുമെന്ന് ദേശീയ സെക്രട്ടേറിയറ്റ് അംഗം ആനി രാജ അറിയിച്ചു. പ്രോഗ്രാം കമ്മിഷൻ ആറുമാസത്തിനുള്ളിൽ ഭേദഗതി റിപ്പോർട്ട് സമർപ്പിക്കും.പത്തു വർഷം മുൻപ് ഭരണഘടന ഭേദഗതി ചെയ്ത ശേഷം നിരവധി മാറ്റങ്ങൾ വന്നിട്ടുണ്ട്. അതിനനുസരിച്ചുള്ള ഭേദഗതികൾ വരുത്തുകയാണ് ദൗത്യം
പാർട്ടി കോൺഗ്രസിൽ അവതരിപ്പിച്ച രാഷ്ട്രീയ, അവലോകന, സംഘടനാ റിപ്പോർട്ടുകളിലുയർന്ന ഭേദഗതികൾ ഇന്നലെ ചേർന്ന മൂന്ന് കമ്മിഷനുകൾ അംഗീകരിച്ചു. രാഷ്ട്രീയ കമ്മിഷന് ജനറൽ സെക്രട്ടറി ഡി.രാജ, സംഘടനാ കമ്മിഷന് സെക്രട്ടേറിയറ്റ് അംഗം രാമകൃഷ്ണ പാണ്ഡെ, അവലോകന കമ്മിഷൻ സെക്രട്ടേറിയറ്റ് അംഗം ഡോ. ബാലചന്ദ്ര കുമാർ കാംഗോ എന്നിവർ നേതൃത്വം നൽകി. ഫെഡറലിസം നേരിടുന്ന ഭീഷണി, പ്രതിരോധ നിർമ്മാണ മേഖലയിലെ സ്വകാര്യവത്ക്കരണം, ദളിത്-ആദിവാസി വിഭാഗങ്ങൾക്കെതിരായ ആക്രമണം, വിശാഖപട്ടണം സ്റ്റീൽ പ്ളാന്റ് സ്വകാര്യവത്ക്കരണം, ഊർജ്ജ മേഖലയിലെ സ്വകാര്യവത്ക്ക്ണം, തൊഴിലുറപ്പ് പദ്ധതിയിലെ പാളിച്ചകൾ എന്നിവയുമായി ബന്ധപ്പെട്ട പ്രമേയങ്ങൾ അംഗീകരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |