ന്യൂഡൽഹി: ഡൽഹി വസന്ത്‌കുഞ്ചിലെ ശ്രീശാരദാ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് മാനേജ്മെന്റ് കെയർടേക്കർ സ്വാമി ചൈതന്യാനന്ദ സരസ്വതിക്കെതിരെ 17 വിദ്യാർത്ഥിനികളുടെ പീഡനപരാതി. ഒളിവിൽപ്പോയ ചൈതന്യാനന്ദയെ (പാർത്ഥസാരഥി എന്നും പേര്) ആശ്രമം പുറത്താക്കി. ദേശീയ വനിതാകമ്മിഷൻ സ്വമേധയാ കേസെടുത്തു.
ലൈംഗികാതിക്രമം, ഫോൺ വഴി അശ്ളീല സന്ദേശം, വഴങ്ങാനായി പ്രലോഭനം തുടങ്ങിയവയാണ് ആരോപിച്ചിരിക്കുന്നത്. ആഗസ്റ്റ് നാലിനാണ് വസന്ത്കുഞ്ച് നോർത്ത് പാെലീസ് സ്റ്റേഷനിൽ ആദ്യ പരാതിയെത്തിയത്. പരാതിപ്രവാഹമായതോടെ കൂടുതൽ എഫ്.ഐ.ആറുകൾ രജിസ്റ്റർ ചെയ്തു. 32 വിദ്യാർത്ഥിനികളുടെ മൊഴി രേഖപ്പെടുത്തിയപ്പോൾ 17 പേരും ലൈംഗികാതിക്രമമുണ്ടായെന്ന് വെളിപ്പെടുത്തി.
സാമ്പത്തിക സംവരണ വിഭാഗത്തിലുള്ളവരാണ് ഇരകൾ. പി.ജി ഡിപ്ലോമ കോഴ്സുകൾക്ക് സ്കോളർഷിപ്പോടെ ഹോസ്റ്റലിൽ നിന്നു പഠിക്കുകയാണ്. ശൃംഗേരി ശ്രീശാരദാ പീഠത്തിന്റെ കീഴിലുള്ളതാണ് സ്ഥാപനം.
ചൈതന്യാനന്ദ തന്റെ മുറിയിലേക്ക് വിളിച്ചുവരുത്തി അതിക്രമങ്ങൾ നടത്തിയെന്നാണ് മൊഴി. ഒഡിഷ സ്വദേശിയായ ഇയാൾ 12 വർഷമായി കെയർടേക്കറാണ്. ഒട്ടേറെ വിദ്യാർത്ഥിനികളെ ബ്ലാക് മെയിൽ ചെയ്‌തു. ലൈംഗികാവശ്യത്തിന് സഹകരിച്ചാൽ വിദേശയാത്രയും വാഗ്ദാനം ചെയ്‌തു. ഹോസ്റ്റലിലെ വാർഡന്മാരും ഇൻസ്റ്റിറ്റ്യൂട്ട് ജീവനക്കാരും ഒത്താശ ചെയ്തെന്ന് വിദ്യാർത്ഥിനികൾ ആരോപിച്ചു. സ്ഥാപനത്തിലെ സി.സി.ടി.വി ദൃശ്യങ്ങൾ പൊലീസ് ശേഖരിച്ചു. ചൈതന്യാനന്ദയുടെ മുറിയും പരിശോധിച്ചു.
ആഡംബരക്കാറിന്
വ്യാജ നമ്പർ
നയതന്ത്ര ഉദ്യോഗസ്ഥർ ഉപയോഗിക്കുന്ന ഡിപ്ലോമാറ്റിക് നമ്പരാണ് ചൈതന്യാനന്ദ ആഡംബരക്കാറിൽ പതിപ്പിച്ചിട്ടുള്ളത്. നമ്പർ വ്യാജമായി നിർമ്മിച്ചതാണെന്ന് പൊലീസ് കണ്ടെത്തി. രാജ്യം വിടാതിരിക്കാൻ വിമാനത്താവളങ്ങളിൽ ജാഗ്രതാനിർദ്ദേശം നൽകി. ഇയാൾ പോകാൻ സാദ്ധ്യതയുള്ള സ്ഥലങ്ങളിൽ ഉൾപ്പെടെ തെരച്ചിൽ തുടരുകയാണ്.
മുൻപും പീഡനക്കേസുകൾ
2009ലും 2016ലും ചൈതന്യാനന്ദ സരസ്വതിക്കെതിരെ പീഡന ആരോപണമുയർന്നിട്ടുണ്ട്
കാര്യമായ നടപടി അന്ന് ആശ്രമം അധികൃതരുടെ ഭാഗത്തു നിന്നുണ്ടായില്ല
ഇയാളുടെ സ്വത്തുവകകളെക്കുറിച്ചും ദുരൂഹത ഉയർന്നിട്ടുണ്ട്. ഇതും പരിശോധിക്കും
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |