നമ്മുടെ വീടിന് സമീപമുള്ള രോഗം പരത്തുന്നവയും കൃഷിയടക്കം നശിപ്പിക്കുന്നവയുമായ പല ജന്തുക്കളെയും ആഹാരമാക്കുന്ന ജീവികളാണ് പാമ്പുകൾ. ഇവ പൊതുവെ ശല്യക്കാരല്ലെങ്കിലും വിഷമുള്ള പാമ്പുകൾ ഏറെയുള്ളതിനാൽ നമ്മൾ മലയാളികൾക്ക് പൊതുവെ പാമ്പിനോട് ഭയമുണ്ട്. വീടിനും പരിസരത്തുമായി പാമ്പുണ്ടെങ്കിൽ അവ പലപ്പോഴും വീട്ടിൽ കയറിവരുന്ന പ്രശ്‌നമുണ്ട്. വീട്ടിലുള്ള ചില പ്രത്യേക മണങ്ങൾ പാമ്പുകളെ ആകർഷിക്കാറുണ്ടെന്നാണ് വന്യജീവി വിദഗ്ദ്ധർ അഭിപ്രായപ്പെടുന്നത്. അവ അകറ്റാനായാൽ അപകടങ്ങൾ ഒഴിവാക്കാം.
എലികാഷ്‌ടം: പാമ്പിന്റെ പ്രധാന ആഹാരങ്ങളിലൊന്നാണല്ലോ എലികൾ. പെരുച്ചാഴികളും എലികളും മിക്ക വീടുകളിലും ഇവയുണ്ടാകും. എലികളുടെ കാഷ്‌ടം വീട്ടിൽ ഉണ്ടാകാം. ഇങ്ങനെ കാഷ്‌ടത്തിന്റെ ഗന്ധം ലഭിച്ചാൽ പാമ്പുകൾ വീട്ടിലെത്താം. അതിനാൽ പാമ്പിനെ അകറ്റാൻ വീട്ടിലെ എലിശല്യം ഇല്ലാതാക്കണം.
പക്ഷികാഷ്ടം: പക്ഷികളെ വളർത്തുന്നവർ വളരെ ശ്രദ്ധിക്കേണ്ട കാര്യമാണ് ഇത്. പക്ഷികളെയും അവയുടെ മുട്ടയെയും ഭക്ഷണമാക്കുന്നവരാണ് പാമ്പുകൾ. പക്ഷികാഷ്‌ടത്തിന്റെ മണം തീർച്ചയായും ആഹാരം ഇവിടെയുണ്ടെന്ന വിവരം പാമ്പിന് നൽകും. അത് അവ വീട്ടിലെത്താനും ഇടയാക്കും. വീടിന് സമീപം പക്ഷിക്കൂടുകളുണ്ടെങ്കിലും ചെറിയ കുറ്റിക്കാടുകളുണ്ടെങ്കിലും ശ്രദ്ധിക്കണം. പക്ഷികളെ ഇഷ്‌ടപ്പെടുന്നവർ അവയ്‌ക്ക് വെള്ലവും ആഹാരവും നൽകാൻ സംവിധാനം ചെയ്യുന്നതും പാമ്പിനെ ആകർഷിക്കും.
മീനുകൾ, തവളകൾ: വീട്ടിൽ തുറന്ന സ്ഥലത്ത് മീനുകളെ വളർത്തുന്നവർ പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്. വെള്ളത്തിൽ നിന്നും മത്സ്യങ്ങളെ പിടിക്കുന്ന പാമ്പുകൾ ഇവയുടെ ഗന്ധമറിഞ്ഞ് തേടിവരാം. തവളകൾ വീടിലും പരിസരമുണ്ടെങ്കിലും അവിടെ പാമ്പ് തേടിവരാം. ഇക്കാര്യങ്ങൾ ശ്രദ്ധിച്ചേ മതിയാകൂ. വീട്ടിലെ കുളങ്ങളും ജലസ്രോതസുകളും വൃത്തിയും തെളിമയും ഉള്ളതാക്കാൻ മനസുവയ്‌ക്കണം.
മറ്റ് പാമ്പുകളുടെ ഗന്ധം: പാമ്പുകൾ ഓരോന്നിനും പ്രത്യേക ഗന്ധമുണ്ട്. ഫിറോമോണുകൾ എന്നാണ് ഇവയ്ക്ക് പറയുന്നത്. ഒരു പാമ്പ് മറ്റൊന്നിന്റെ സാന്നിദ്ധ്യം അറിയുന്നത് ഫിറോമോണുകൾ വഴിയാണ്. ഇവ ഇത്തരത്തിൽ ഇണകളെ തേടിയെത്തുന്നതോ ശത്രുക്കളെ തുരത്താൻ വരുകയോ ചെയ്യുന്നത് ചിലപ്പോൾ നമ്മുടെ താമസ സ്ഥലത്ത് ആകാം. അതിനാൽ ഇക്കാര്യങ്ങളറിഞ്ഞ് ഇവയെ അകറ്റുന്നതാണ് നല്ലത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |