കൊടിവച്ചതും അല്ലാത്തതുമായ ആഡംബര കാറുകളിലിരുന്ന് പ്രവർത്തകരെ കൈയുർത്തി അഭിവാദ്യം ചെയ്യുന്ന നേതാക്കളാണ് ഡൽഹിയിലേറെയും. അവർക്കിടയിൽ വ്യത്യസ്‌തനാണ് റോഡരികിൽ സാധാരണക്കാർക്കൊപ്പം നടക്കുന്ന തമിഴ്നാട്ടുകാരനായ ദൊരൈസ്വാമി രാജ എന്ന ഡി. രാജ (76). സി.പി.ഐയെ നയിക്കാൻ 76 വയസ് പ്രായപരിധി പിന്നിട്ടിട്ടും, കേരള ഘടകത്തിന്റെ ശക്തമായ എതിർപ്പ് മറികടന്ന് ജനറൽ സെക്രട്ടറി പദവിയിൽ തുടർച്ച ലഭിച്ചത് ഇതടക്കമുള്ള കാരണങ്ങളാലാണ്.
പ്രതിപക്ഷത്തെ വലിയ കക്ഷിയായ കോൺഗ്രസിനെപ്പോലെ ദളിത് നേതാവ് നയിക്കുന്ന പാർട്ടിയെന്ന പ്രാധാന്യം രാജയിലൂടെ സി.പി.ഐ ആവർത്തിക്കുന്നു. പിന്നാക്ക പോരാട്ടങ്ങളിലും ദളിത്- ആദിവാസി അവകാശ വിഷയങ്ങളിലും പാർട്ടിക്ക് ഇത് മുതൽക്കൂട്ടാണ്. ഇന്ത്യയിലെ മുഖ്യധാരാ കമ്യൂണിസ്റ്റ് പാർട്ടികളുടെ തലപ്പത്തെത്തുന്ന ആദ്യ ദളിത് നേതാവാണ് രാജ. ഉപരാഷ്‌ട്രപതി പദം അടക്കം നൽകി തമിഴ്‌നാട്ടിൽ ആധിപത്യമുറപ്പിക്കാൻ ബി.ജെ.പി ശ്രമിക്കുമ്പോൾ അവിടെ നിന്നുള്ള നേതാവിന് പാർട്ടി നേതൃസ്ഥാനത്ത്മൂന്നാമൂഴം ലഭിക്കുന്നു എന്നതും ശ്രദ്ധേയം.
ബി.ജെ.പി വിരുദ്ധ, മതേതര ജനാധിപത്യ വിശാല പ്രതിപക്ഷ ഐക്യം എന്ന ലക്ഷ്യം നടപ്പാക്കാനും ഏറ്റവും യോഗ്യൻ രാജയാണെന്ന് പാർട്ടി കരുതുന്നു. രാഹുൽ ഗാന്ധി അടക്കം കോൺഗ്രസ് നേതാക്കളുമായും മറ്റ് പ്രതിപക്ഷ നേതാക്കളുമായും രാജയ്‌ക്കുള്ള ഉറ്റ സൗഹൃദം പ്രതിപക്ഷ മുന്നണിയുടെ കെട്ടുറപ്പിനും സഹായകം. തമിഴ്നാട്ടിൽ നിന്നുള്ള ദളിത് നേതാവായതിനാൽ ബി.ജെ.പിയുടെ ആക്രമണങ്ങളെ പ്രതിരോധിക്കാനുമാകും. ശക്തികേന്ദ്രം കേരളമാണെങ്കിലും പ്രായപരിധി വിഷയത്തിൽ അടക്കം രാജയെ പിന്തുണച്ചത് വടക്കെ ഇന്ത്യൻ ഘടകങ്ങൾ. ഇത് കേരളത്തിനു പുറത്ത് പാർട്ടിയെ ശക്തിപ്പെടുത്താനുള്ള നടപടികൾക്ക് കരുത്തേകും.
1980കളിൽ പാർട്ടിയുടെ യുവജന സംഘടനയായ എ.ഐ.വൈ.എഫ് ജനറൽ സെക്രട്ടറിയായപ്പോൾ മുതൽ ഡൽഹി കേന്ദ്രീകരിച്ചാണ് രാജയുടെ പ്രവർത്തനം. വടക്കേയിന്ത്യൻ നേതാക്കളുമായി അടുപ്പമുണ്ടാക്കാനും അതുവഴി സാധിച്ചു. 40 വർഷത്തിലേറെയായി ഡൽഹിയിലാണ് പ്രവർത്തനമെങ്കിലും അദ്ദേഹം ഹിന്ദിക്ക് വഴങ്ങിയിട്ടില്ല. ഡൽഹിയിൽ തിളങ്ങാൻ കഷ്‌ടപ്പെട്ട് ഹിന്ദി പഠിക്കുന്ന നേതാക്കളിൽ നിന്ന് വ്യത്യസ്‌തമായി ഹിന്ദി ബെൽറ്റ് നേതാക്കളെയും തമിഴ് ശൈലിയിലുള്ള ഇംഗ്ളീഷിലാണ് രാജ വിശ്വാസത്തിലെടുക്കുന്നത്.
തന്റെ താമസസ്ഥലമായ വി.പി. ഹൗസിനും പത്രമാദ്ധ്യമങ്ങളുടെ ഓഫീസുകൾ സ്ഥിതി ചെയ്യുന്ന ഐ.എൻ.എസ് മന്ദിരത്തിനും ഇടയിലുള്ള റോഡരികിൽ (റാഫി മാർഗ്) സാധാരണക്കാരിലൊരാളായി രാജയെ എപ്പോഴും കാണാം; കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ വലിയ നേതാവാണെന്ന ജാഡയില്ലാതെ. കുർത്തയും പൈജാമയും, അല്ലെങ്കിൽ മുണ്ട് ഒക്കെ ധരിക്കുന്ന ഡൽഹി നേതാക്കളുടെ വസ്‌ത്രധാരണ ശൈലിയുമല്ല രാജയുടേത്. അരക്കൈയൻ ഷർട്ട് ഇൻസേർട്ട് ചെയ്‌ത് വയറിനു മുകളിൽ ബെൽറ്റിട്ട് മുറുക്കിയ സ്റ്റൈലിലാണ് എപ്പോഴും രാജ.
തമിഴ്നാട്ടിൽ പഴയ മദ്രാസ് പ്രവിശ്യയിലെ ചിത്തത്തൂരിൽ പി. ദൊരൈസാമിയുടെയും നായഗത്തിന്റെയും മകനായി ജനിച്ച രാജ വളർന്നത് ദാരിദ്യത്തിന്റെ കഷ്‌ടതകൾ പിന്നിട്ട്. സ്‌കൂൾ ഉച്ചഭക്ഷണം ഇല്ലാത്ത ദിവസങ്ങളിൽ പട്ടിണി കിടന്നു. അത്തരം കഷ്‌ടതകൾ അദ്ദേഹത്തിലെ തീക്ഷ്ണ കമ്മ്യൂണിസ്റ്റിനെ പരുവപ്പെടുത്തുന്നതിൽ നിർണായകമായി. എ.ഐ.എസ്.എഫിലൂടെ വിദ്യാർത്ഥി രാഷ്‌ട്രീയത്തിൽ സജീവമായി. 1975-80 കാലത്ത് എ.ഐ.വൈ.എഫ് സംസ്ഥാന സെക്രട്ടറിയായി. അവിടെ നിന്നാണ് ദേശീയ തലത്തിലേക്കു വന്നത്.
1994 മുതൽ 2019വരെ സി.പി.ഐ ദേശീയ സെക്രട്ടറി. 2019-ൽ എസ്. സുധാകർ റെഡ്ഡി ആരോഗ്യപരമായ കാരണങ്ങളാൽ പദവി ഒഴിഞ്ഞപ്പോൾ ജനറൽ സെക്രട്ടറി. 2022 വിജയവാഡ പാർട്ടി കോൺഗ്രസിൽ തർക്കമൊന്നുമില്ലാതെ വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു. 2007- 2019 കാലത്ത് രാജ്യസഭാംഗം. ഭാര്യ സി.പി.ഐ ദേശീയ സെക്രട്ടേറിയറ്റ് അംഗവും ദേശീയ വനിതാ ഫെഡറേഷൻ ജനറൽ സെക്രട്ടറിയുമായ ആനി രാജയെ കണ്ടുമുട്ടിയത് എ.ഐ.വൈ.എഫ് കാലത്ത്. മകൾ അപരാജിത രാജ ഗവേഷക വിദ്യാർത്ഥിയാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |