ഏഷ്യാകപ്പിൽ ഇന്ത്യ - പാകിസ്ഥാൻ ഫൈനൽ
ഈ ഏഷ്യാകപ്പിലെ മൂന്നാം ഇന്ത്യ - പാക് പോരാട്ടം
പാകിസ്ഥാൻ ഫൈനലിലെത്തിയത് ബംഗ്ളാദേശിനെ തോൽപ്പിച്ച്
ഫൈനൽ ഞായറാഴ്ച രാത്രി 8ന്
ദുബായ് : ഇക്കുറി ഏഷ്യാകപ്പിന്റെ ഫൈനലിൽ ഇന്ത്യയും പാകിസ്ഥാനും തമ്മിൽ ഏറ്റുമുട്ടും. ഇന്നലെ സൂപ്പർ ഫോർ റൗണ്ടിലെ നിർണായക മത്സരത്തിൽ ബംഗ്ളാദേശിനെ 11 റൺസിന് തോൽപ്പിച്ചാണ് പാകിസ്ഥാൻ ഫൈനലിന് ടിക്കറ്റെടുത്തത്. ഇത് മൂന്നാം വട്ടമാണ് പാകിസ്ഥാനും ഇന്ത്യയും ഈ ഏഷ്യാകപ്പിൽ ഏറ്റുമുട്ടുന്നത്. ഗ്രൂപ്പ് റൗണ്ടിലും സൂപ്പർ ഫോറിലും നടന്ന മത്സരങ്ങളിൽ ഇന്ത്യയാണ് ജയിച്ചിരുന്നത്.
ഇന്നലെ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ പാകിസ്ഥാൻ നിശ്ചിത 20 ഓവറിൽ 135/8 എന്ന സ്കോർ ഉയർത്തിയ ശേഷം ബംഗ്ളാദേശിനെ 124/9 എന്ന സ്കോറിൽ ഒതുക്കുകയായിരുന്നു. രണ്ട് വിക്കറ്റുകൾ വീതം വീഴ്ത്തിയ ടാസ്കിൻ അഹമ്മദും മെഹ്ദി ഹസനും റിഷാദ് ഹൊസൈനും ചേർന്നാണ് പാകിസ്ഥാൻ ബാറ്റിംഗിനെ വരിഞ്ഞുമുറുക്കിയത്. 31 റൺസ് നേടിയ മുഹമ്മദ് ഹാരിസും 25 റൺസ് നേടിയ മുഹമ്മദ് നവാസുമാണ് പാക് നിരയിൽ അൽപ്പമെങ്കിലും പിടിച്ചുനിന്നത്. നായകൻ സൽമാൻ ആഗയും ഷഹീൻ ഷാ അഫ്രീദിയും 19 റൺസ് വീതം നേടി.
മൂന്ന് വിക്കറ്റ് വീതം വീഴ്ത്തിയ ഷഹീൻ ഷാ അഫ്രീദിയും ഹാരീസ് റൗഫും രണ്ട് വിക്കറ്റ് നേടിയ സെയിം അയൂബും ചേർന്നാണ് ബംഗ്ളാ ബാറ്റർമാരെ പിടിച്ചുനിറുത്തിയത്. 30 റൺസടിച്ച ഷമീം ഹൊസൈനാണ് പൊരുതിനോക്കിയത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |