ജയിലിലടച്ചാൽ പ്രതിഷേധം ശക്തമാകുമെന്ന് വാങ്‌ചുക്
50ലേറെ പേർ അറസ്റ്റിൽ
ന്യൂഡൽഹി: ലഡാക്കിൽ ആളിക്കത്തിയ സംഘർഷത്തിൽ കൊല്ലപ്പെട്ടവർ അഞ്ചായി. ഗുരുതര പരിക്കേറ്റ് ചികിത്സയിലായിരുന്നയാളാണ് മരിച്ചത്. സംഘർഷവുമായി
ബന്ധപ്പെട്ട് 50ലേറെ പേരെ അറസ്റ്റ് ചെയ്തു. അതിനിടെ സാമൂഹിക പ്രവർത്തകൻ സോനം വാങ്‌ചുക്കിന്റെ എൻ.ജി.ഒയായ സ്റ്റുഡന്റ്സ് എജ്യുക്കേഷണൽ ആൻഡ് കൾച്ചറൽ മൂവ്മെന്റ് ഒഫ് ലഡാക്കിന്റെ വിദേശ ഫണ്ട് സ്വീകരിക്കുന്നതിനുള്ള ലൈസൻസ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം റദ്ദാക്കി. വിദേശ സംഭാവന നിയന്ത്രണ നിയമം ലംഘിച്ചെന്ന ആരോപണത്തെ തുടർന്ന് എൻ.ജി.ഒയ്ക്കും വാങ്‌ചുക് സ്ഥാപിച്ച ഹിമാലയൻ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ആൾട്ടർനേറ്റീവ്‌സ് ലഡാക്കിനുമെതിരെ സി.ബി.ഐ അന്വേഷണം ആരംഭിച്ചതിന് പിന്നാലെയാണ് നടപടി. രണ്ട് സ്ഥാപനങ്ങളുടെയും അക്കൗണ്ടുകൾ കഴിഞ്ഞ ദിവസം സി.ബി.ഐ ഉദ്യോഗസ്ഥർ പരിശോധിച്ചിരുന്നു.
വാങ്‌ചുക്കിന്റെ പ്രകോപനപരമായ പ്രസംഗങ്ങളാണ് സംഘർഷത്തിന് കാരണമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഇന്നലെ ആരോപിച്ചു. "അറബ് വസന്തത്തിന്റെ ശൈലിയിലുള്ള പ്രതിഷേധത്തെക്കുറിച്ചും നേപ്പാളിലെ ജെൻ സീ പ്രതിഷേധങ്ങളെക്കുറിച്ചും പ്രകോപനപരമായ പരാമർശങ്ങൾ നടത്തി വാങ്‌ചുക് ജനങ്ങളെ തെറ്റിദ്ധരിപ്പിച്ചു. നിരാഹാര സമരം അവസാനിപ്പിച്ച വാങ്‌ചുക് ഗ്രാമത്തിലേക്ക് മടങ്ങിയെന്നും സംഘർഷം അവസാനിപ്പിക്കാൻ ശ്രമിച്ചില്ലെന്നും" ആരോപണമുയർന്നു. എന്നാൽ തന്നെ ബലിയാടാക്കാനുള്ള നീക്കമാണിതെന്നും ജയിലിലടച്ചാൽ പ്രതിഷേധം ശക്തമാകുമെന്നുമാണ് വാങ്‌ചുക്കിന്റെ പ്രതികരണം. പ്രതിഷേധം അക്രമാസക്തമായതിന് പിന്നിൽ കോൺഗ്രസാണെന്ന് ബി.ജെ.പി ആരോപിച്ചു. കോൺഗ്രസ് കൗൺസിലർ ഫണ്ട്‌സോഗ് സ്റ്റാൻസിൻ സെപാഗിനെതിരെ കേസെടുത്തിട്ടുണ്ട്.
കർഫ്യൂ തുടരുന്നു
അതേസമയം, ലേയിൽ കർഫ്യൂ തുടരുകയാണ്. സംഘർഷത്തിന് പിന്നിൽ ഗൂഢാലോചനയുണ്ടെന്ന് ലെഫ്റ്റനന്റ് ഗവർണർ കവിന്ദർ ഗുപ്ത പ്രതികരിച്ചു. ബുധനാഴ്ച രാവിലെ 11.30 ഓടെയാണ് നിരാഹാര സമര വേദിയിൽ നിന്ന് പ്രതിഷേധക്കാർ തെരുവിലിറങ്ങിയത്. ലഡാക്കിന് സംസ്ഥാനപദവി നൽകുക, പ്രദേശത്തെ ആറാം ഷെഡ്യൂളിൽ ഉൾപ്പെടുത്തുക എന്നീ ആവശ്യങ്ങളുന്നയിച്ചാണ് പ്രതിഷേധം നടക്കുന്നത്. വിഷയത്തിൽ ഒക്ടോബർ ആറിന് ചർച്ച നടത്താൻ കേന്ദ്രം നേരത്തേ തീരുമാനിച്ചിരുന്നു. അതിനു മുമ്പേ യോഗങ്ങൾ നടത്താൻ ആലോചനയുണ്ട്.
ചരിത്രത്തിലെ ഇരുണ്ട ദിനം
ലഡാക്കിന്റെ ചരിത്രത്തിലെ ഇരുണ്ട ദിനങ്ങളിലൊന്നാണിതെന്ന് ലഡാക്ക് എം.പി മുഹമ്മദ് ഹനീഫ. ഈ ദുരന്തം സൈന്യത്തെ ഉപയോഗിച്ചല്ല, വിവേകത്തോടെയും സംയമനത്തോടെയും സംഭാഷണങ്ങളിലൂടെയുമാണ് നേരിടേണ്ടതെന്നും ഹനീഫ എക്‌സിൽ കുറിച്ചു. ലഡാക്ക് ജനത വർഷങ്ങളായി സമാധാനപരമായി അവരുടെ ആവശ്യങ്ങൾ ഉന്നയിക്കുകയാണെന്നും അവർക്കെതിരെ സേനയെ ഉപയോഗിക്കുന്നത് അംഗീകരിക്കാനാകില്ലെന്നും അദ്ദേഹം പറഞ്ഞു. മരിച്ചവരുടെ കുടുംബങ്ങൾക്ക് ദുരിതാശ്വാസം നൽകണമെന്നും സംഭവത്തിൽ നിഷ്പക്ഷമായ അന്വേഷണം നടക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |