SignIn
Kerala Kaumudi Online
Sunday, 28 September 2025 9.19 AM IST

മൃഗഹത്യയ്ക്കൊരു രാജകല്പന

Increase Font Size Decrease Font Size Print Page
kadu

കേന്ദ്ര വന്യജീവി സംരക്ഷണ നിയമം ഭേദഗതി ചെയ്ത്,​ 2025- ലെ വന്യജീവി സംരക്ഷണ ഭേദഗതി ബിൽ മന്ത്രിസഭാ യോഗം അംഗീകരിച്ചതോടെ മനുഷ്യവാസ മേഖലകളിൽ മനുഷ്യർക്കോ കൃഷിക്കോ നാശം വിതയ്ക്കുന്ന വന്യജീവികളെ ഉന്മൂലനം ചെയ്യുവാനുള്ള വ്യവസ്ഥയായി. ഇതിനുള്ള അധികാരം ചീഫ് വൈൽഡ് ലൈഫ് വാർഡന് നൽകുന്നതാണ് നിയമം. ഇങ്ങനെയൊരു ബിൽ പാസാക്കുന്ന ഭാരതത്തിലെ ആദ്യ സംസ്ഥാനമായി മാറിയിരിക്കുകയാണ് കേരളം.

മനുഷ്യരുടെ ജീവനാശത്തിനും കൃഷിനാശത്തിനും കാരണമാവുകയും അനിയന്ത്രിതമായി പെറ്റുപെരുകുകയും ചെയ്യുന്ന വന്യജീവികളെ ക്ഷുദ്രജീവികളായി കണക്കാക്കുകയും അവയെ നശിപ്പിക്കുകയും ചെയ്യാമെന്ന വ്യവസ്ഥ ബില്ലിൽ ഉൾപ്പെടുന്നുണ്ട്. മനുഷ്യരെ അപകടപ്പെടുത്തുകയും കൃഷിനാശം വരുത്തുകയും ചെയ്യുന്ന കാട്ടുപന്നി മുതലായവയെ കൊല്ലാനായുള്ള അനുമതി നേരത്തേ തന്നെ തദ്ദേശ സ്വയംഭരണ വകുപ്പ് അധികൃതർക്ക് സർക്കാർ നൽകിയിരുന്നു. ഈ ഉത്തരവ് വിവാദങ്ങൾ സൃഷ്ടിക്കുകയും മുഖ്യമന്ത്രി തന്നെ അതിന് തക്കതായ മറുപടി നൽകുകയും ചെയ്തിരുന്നു.

വിനാശം വിതയ്ക്കുന്ന വന്യമൃഗങ്ങൾക്കെതിരെ സാഹചര്യമനുസരിച്ച് കാലതാമസം കൂടാതെ നടപടിയെടുക്കുവാൻ പുതിയ ബിൽ പ്രകാരം അധികൃതർക്ക് അധികാരം ലഭിക്കും. എന്നാൽ നിയമപരമായി സംരക്ഷണം ലഭിക്കേണ്ട വന്യമൃഗ ഇനങ്ങളെ ഇതിൽ നിന്ന് ഒഴിവാക്കുകയും അവയെ തുടർന്നും സംരക്ഷിക്കുവാനുള്ള വ്യവസ്ഥകൾ ഉൾപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. മനുഷ്യരുടെ ജീവനാശവും കൃഷിനാശവും വിതയ്ക്കുന്ന വന്യമൃഗങ്ങളെ ഉന്മൂലനം ചെയ്യുവാനുള്ള നടപടികൾക്ക് ചരിത്രവും സാക്ഷിയാണ്!

കൊളോണിയൽ,​ രാജവാഴ്ച കാലങ്ങളിലെ മൃഗവേട്ട വിനോദത്തിനായിരുന്നെങ്കിലും മറുവശത്ത് പെറ്റുപെരുകുന്ന വന്യമൃഗങ്ങളെ കൃഷിസ്ഥലങ്ങളിൽ നിന്നും മനുഷ്യരുടെ വാസമേഖലകളിൽ നിന്നും ഒഴിച്ചുനിറുത്തുവാൻ കൂടിയുള്ളതായിരുന്നതായി ചരിത്ര രേഖകൾ ചൂണ്ടിക്കാട്ടുന്നു. ഒരുപക്ഷേ ഭാരതത്തിൽ ആദ്യമായിത്തന്നെ വിനാശം വിതയ്ക്കുന്ന വന്യമൃഗങ്ങളെ ഉന്മൂലനം ചെയ്യുവാനുള്ള അധികാരം ജനങ്ങൾക്ക് നൽകികൊണ്ടുള്ള വിളംബരം പുറപ്പെടുവിച്ചത് തിരുവിതാംകൂറിലായിരിക്കണം. തിരുവിതാംകൂറിന്റെ സാമ്പത്തിക അടിത്തറ കാർഷികവൃത്തിയിലായിരുന്നു. കൃഷി നശിപ്പിക്കുന്ന വന്യമൃഗങ്ങളെ പല വിധേന ഒളിഞ്ഞും തെളിഞ്ഞും ഉന്മൂലനം ചെയ്യുന്നത് നൂറ്റാണ്ടുകളായി നടന്നിരുന്ന ഒരു അലിഖിത വ്യവസ്ഥയായിരുന്നു.

വന്യമൃഗ നാശത്തിന് സർക്കാരിന്റെ ഓദ്യോഗികമായ അംഗീകാരം ലഭിക്കുന്നത് 1817- ൽ റാണി ഗൗരീ പാർവതിഭായിയുടെ ഒരു വിളംബരത്തിലൂടെയാണ്. കാട്ടുമൃഗങ്ങളുടെ ശല്യം അധികമാകുകയും കൃഷി നാശം ഉൾപ്പെടെ ഉണ്ടാകുകയും ചെയ്തിരുന്നതിനാൽ അവയെ നശിപ്പിക്കുവാനായി ജനങ്ങൾ തോക്ക് മുതലായ ആയുധങ്ങൾ അനുമതിയില്ലാതെ കൈവശം വയ്ക്കുകയും,​ പ്രയോഗിക്കുകയും ചെയ്തിരുന്നു. മൃഗശല്യം വർദ്ധിക്കുകയും അവയെ ഉന്മൂലനം ചെയ്യാൻ നിയമപരമായി വ്യവസ്ഥയില്ലാതിരിക്കുകയും ചെയ്ത സാഹചര്യത്തിലാണ് നാശം വിതയ്ക്കുന്ന വന്യജീവികളെ ഉന്മൂലനം ചെയ്യുവാനുള്ള അധികാരം ജനങ്ങൾക്ക് നൽകുവാൻ സർക്കാർ നിർബന്ധിതമായത്.

രാജകല്പന പ്രകാരം, കൃഷിയിടങ്ങളിൽ നാശം വിതയ്ക്കുന്ന കാട്ടുമൃഗങ്ങളെ വെടിവച്ചുകൊല്ലുവാൻ കൃഷിക്കാർക്ക് അനുമതി നൽകുകയും,​ തോക്കിനും മറ്റും ആവശ്യമായ വെടിയുണ്ടയും വെടിമരുന്നും തീക്കല്ലും മറ്റും അതത് പ്രദേശത്തെ ഭരണകേന്ദ്രങ്ങളിൽ (മണ്ടപത്തുംവാതുക്കൽ) സർക്കാർ ചെലവിൽ തികച്ചും സൗജന്യമായി ലഭ്യമാക്കുകയും,​ ആവശ്യം പോലെ വാങ്ങി ഉപദ്രവകാരികളായ കാട്ടുമൃഗങ്ങളെ നശിപ്പിക്കുകയും ചെയ്യാൻ സർക്കാർ സംവിധാനമൊരുക്കി. കൂടാതെ ഇതിനായി,​ കൈവശമുള്ള രജിസ്റ്റർ ചെയ്യാത്ത തോക്കുവകകൾ മുദ്ര കുത്തിച്ച് ഉപയോഗിക്കാമെന്നും വ്യവസ്ഥ ചെയ്തു.

നൂറ്റാണ്ടുകളായി നടക്കുന്ന മനുഷ്യ മൃഗസംഘട്ടനങ്ങളെ സംബന്ധിച്ചും സർക്കാർ നിലപാടുകളെ സംബന്ധിച്ചും വെളിച്ചം വീശുന്ന ചരിത്ര സാക്ഷ്യങ്ങളാകുന്ന ഈ പുരാരേഖകൾ മനുഷ്യ നിലനില്പിന്റെയും പ്രതിരോധത്തിന്റെയും ആവാസവ്യവസ്ഥാ സന്തുലനത്തിന്റെയും കാലാന്തരത്തിലുള്ള വ്യവസ്ഥാപിത നയങ്ങളെയും നമ്മുടെ മുന്നിൽ അവതരിപ്പിക്കുന്നു. കേരള സർക്കാർ കൈകൊണ്ട ഈ തീരുമാനം ഒട്ടും അസാധാരണമല്ലെന്നും,​ അവയ്ക്ക് ചരിത്രത്തിന്റെയും മനുഷ്യജീവ സംരക്ഷണത്തിന്റെയും ദുരിത നിവാരണത്തിന്റെയും പിൻബലമുണ്ടെന്നതും നിസ്‌‌തർക്കമായ വസ്തുതയാണ്. ഈ വിഷയത്തിൽ കേരള സർക്കാരിനെ പ്രതിരോധത്തിലാക്കുന്നത് തികച്ചും അവിവേക പൂർണമാണെന്നും മനുഷ്യ ജീവസംരക്ഷണത്തിന് അതത് കാലങ്ങളിൽ നടപ്പാക്കിയിട്ടുള്ള നിയമങ്ങളെക്കുറിച്ചുള്ള അജ്ഞതയും ചരിത്രബോധമില്ലായ്മയും ആണെന്നും കരുതേണ്ടിയിരിക്കുന്നു.

(ചെമ്പഴന്തി ശ്രീനാരായണ കോളേജ് ചരിത്രവിഭാഗം അസി. പ്രൊഫസറും ഗവേഷണ മാർഗദർശിയുമാണ് ലേഖകൻ)

1817-ൽതിരുവിതാകൂർ മഹാറാണി

ഗൗരി പാർവതീഭായി പുറപ്പെടുവിച്ച കല്പന

(പഴയ മലയാളം)​

.................................

ശ്രീപാർവതീഭായി മഹാറാണി തിരുമനസ്സുകൊണ്ട്

നമ്പർ 37.

ME- 993

AD - 1817

പത്മനാഭസെവ നീ വഞ്ചിധർമ്മവർദ്ധനീ രാജരാജെശ്വരീ റാണി പാർവതീഭായി മഹാരാജാവ അവർകൾ സകലമാന ജനങ്ങൾക്കും പ്രസിദ്ധപ്പെടുത്തുന്ന വിളംബരം.

എന്തെന്നാൽ,​ ഈ രാജ്യത്തു കുടിയാനവന്മാരുൾപ്പട്ട ആളുകൾ തൊക്കു മുതലായ ആയുധങ്ങൾ ഉത്തരവുകൂടാതെ കൊണ്ടുനടക്കരുതെന്നു ചട്ടംകെട്ടിയിരിക്കുന്നതിനാൽ കുടിയാനവന്മാരുടെ പക്കൽ ഇരിപ്പുള്ള തൊക്കു വെളിയിൽ എടുക്കാതെ ഭയപ്പെട്ടു ഒളിച്ചുവച്ചു കൈകാര്യങ്ങൾ ചെയ്തുവരുന്നപ്രകാരവും അതിനാൽ കാട്ടുമൃഗങ്ങളുടെ ഉപദ്രവം അധികമായിട്ടും പ്രജകൾക്കു സങ്കടമായിട്ടും വന്നിരിക്കുന്നൂ എന്നു നാം കെൾവിപ്പടുകകൊണ്ടും ഇപ്പൊൾ വിളംബരം പ്രസിദ്ധപ്പെടുത്തുന്നതെന്തന്നാൽ...

കുടിയാനവന്മാരുടെ കൃഷികളിൽ കാട്ടുമൃഗങ്ങൾ വന്നിറങ്ങി വിളവുദൊഷം വരുത്താതെ വെടിവച്ചു അമർച്ചവരുത്തുന്നതിനു വെണ്ടുന്ന വെടിമരുന്നും ഉണ്ടയും തീക്കല്ലും മണ്ടപത്തുംവാതുക്കൽതൊറും കൊടുത്തയച്ചിരിക്കകൊണ്ടു കുടികളിടെപക്കൽ മുദ്ര‌യില്ലാതെയിരിക്കുന്ന തൊക്കുകൾ ഒക്കെയും യാതൊരു ഭയവും കൂടാതെ ഹജ്ജുരിൽ കൊണ്ടുചെന്നു മുദ്ര‌യും കുത്തിച്ചു മണ്ടപത്തും വാതുക്കൽനിന്നും ആവശ്യംപോലെ വെണ്ടുന്ന ഉണ്ടയും മരുന്നും തീക്കല്ലും വാങ്ങിച്ചു മൃഗശല്യങ്ങൾ തീർത്തുകൊള്ളുകയും വെണം. കുടിയാനവന്മാരുടെ നന്മക്കും കൂടുതലിനുമായിട്ടു ഈ വകക്കു വെണ്ടുന്ന ഉണ്ടയും മരുന്നും തീക്കല്ലും പണ്ടാരവകയിൽനിന്നും വിലയില്ലാതെ ഇനാമായിട്ടു കുടികൾക്കു കൊടുക്കുന്നതാകകൊണ്ടു ആ വകയ്ക്കു വിലകൊടുപ്പാൻ ആവിശ്യവും ഇല്ലാ.

TAGS: KADUVA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN OPINION
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.