തിരുവനന്തപുരം: കനത്ത മഴയായിരുന്നിട്ടും തിരുവനന്തപുരം ജില്ലയിൽ അവധി പ്രഖ്യാപിക്കാൻ വൈകിയെന്ന ആക്ഷേപത്തിൽ പ്രതികരിച്ച് കളക്ടര്‍ അനുകുമാരി. യെല്ലോ അലര്‍ട്ട് മുന്നറിയിപ്പ് മാത്രമായതിനാൽ ചട്ടപ്രകാരം അവധി പ്രഖ്യാപിക്കാനാവില്ല എന്നാണ് കളക്ടർ പറയുന്നത്. രാവിലെ വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടിയുമായി ആലോചിച്ചശേഷമായിരുന്നു കളക്ടർ അവധിപ്രഖ്യാപിച്ചത്.
കനത്ത മഴയായിരുന്നിട്ടും അവധി പ്രഖ്യാപിക്കാൻ വൈകിയതിന് കടുത്ത വിമർശനമാണ് സോഷ്യൽ മീഡിയയിലുൾപ്പെടെ കളക്ടർക്കെതിരെ ഉയർന്നത്. പലയിടങ്ങളിലും സ്കൂൾ ബസുകൾ പുറപ്പെട്ടതിനുശേഷമാണ് അവധി അറിയിപ്പുവന്നത്. അതിരാവിലെ ക്ലാസ് തുടങ്ങുന്ന ചില സ്കൂളുകളിൽ വിദ്യാർത്ഥികൾ എത്തുകയും ചെയ്തിരുന്നു. ഇതിൽ പലരുടെയും രക്ഷിതാക്കൾ അവധിപ്രഖ്യാപനം ഏറെ വൈകിയാണ് അറിഞ്ഞത്.
അതേസമയം, മദ്ധ്യ തെക്കൻ കേരളത്തിൽ ശക്തമായ മഴ തുടരുമെന്നാണ് മുന്നറിയിപ്പ്. തിരുവനന്തപുരം, പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകൾക്ക് നാളെ ഓറഞ്ച് അലർട്ടാണ് നൽകിയിരിക്കുന്നത്. തൃശൂര്‍, എറണാകുളം, ആലപ്പുഴ, കൊല്ലം, പാലക്കാട് ജില്ലകൾക്ക് യെല്ലോ അലർട്ടും നൽകിയിട്ടുണ്ട്. കേരളാ തീരത്ത് മത്സ്യബന്ധനത്തിനും വിലക്കുണ്ട്.
ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ന്യൂനമർദ്ദം ശക്തി കൂടിയ ന്യൂനമർദ്ദമായി മാറി.ഇത് നാളെയോടെ ആന്ധ്ര– ഒഡീഷ തീരത്തിനു സമീപം തീവ്ര ന്യൂനമർദ്ദമായി വീണ്ടും ശക്തി പ്രാപിച്ച് കരയിൽ പ്രവേശിക്കാൻ സാദ്ധ്യതയുണ്ട്. തീവ്ര ന്യൂനമർദ്ദം കരയോട് അടുക്കുന്നതിനനുസരിച്ച് മദ്ധ്യ കേരളം മുതൽ വടക്കൻ കേരളത്തിലേക്ക് മഴവ്യാപിക്കാൻ സാദ്ധ്യതയുണ്ടെന്നാണ് മുന്നറയിപ്പ്.
തലസ്ഥാനജില്ലയുൾപ്പെടെ പലയിടങ്ങളിലും മഴക്കെടുതി രൂക്ഷമാണ്. ഇടുക്കി എഴുകും വയലിൽ ഒരേക്കർ കൃഷിഭൂമി ഒലിച്ചുപോയി. കനത്തമഴയാണ് ഇവിടെ ഉണ്ടായത്. താഴ്ന്ന ഭാഗങ്ങൾ പലതും വെള്ളത്തിനടിയിലാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |