ഡൽഹി: ലഡാക്കിന് സംസ്ഥാനപദവി ആവശ്യപ്പെട്ട് പൊട്ടിപ്പുറപ്പെട്ട സംഘർഷത്തിൽ അഞ്ചു പേർ മരിച്ചതിനു പിന്നാലെ സാമൂഹിക പ്രവർത്തകൻ സോനം വാങ്‌ചുക്ക് (59) അറസ്റ്റിൽ. ദേശ സുരക്ഷാ നിയമപ്രകാരമാണ് നടപടി. അജ്ഞാത കേന്ദ്രത്തിലേക്ക് മാറ്റി.
ഇന്നലെ ഉച്ചയ്ക്ക് 2.30ന് ഡി.ജി.പി സിംഗ്‌ജാംവാളിന്റെ നേതൃത്വത്തിലാണ് കസ്റ്റഡിയിലെടുത്തത്. നേപ്പാളിലെ ജെൻ സീ പ്രതിഷേധമടക്കം പരാമർശിച്ച് വാങ്‌ചുക്ക് നടത്തിയ പ്രകോപനപരമായ പ്രസംഗങ്ങളാണ് സംഘർഷത്തിന് കാരണമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം വിലയിരുത്തിയിരുന്നു.
വാങ്‌ചുക്കുമായി ബന്ധപ്പെട്ട സന്നദ്ധ സംഘടനയായ സ്റ്റുഡന്റ്സ് എഡ്യൂക്കേഷണൽ ആൻഡ് കൾച്ചറൽ മൂവ്മെന്റ് ഒഫ് ലഡാക്കും അദ്ദേഹം സ്ഥാപിച്ച ഹിമാലയൻ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ആൾട്ടർനേറ്റീവ്‌സ് ലഡാക്കും (എച്ച്.ഐ.എ.എൽ) വിദേശ ധനസഹായവുമായി ബന്ധപ്പെട്ട് നടപടി നേരിടുന്നുണ്ട്.
പ്രക്ഷോഭത്തിന് നേതൃത്വം നൽകുന്ന ലേ അപെക്സ് ബോഡി (എൽ.എ.ബി), കാർഗിൽ ഡെമോക്രാറ്റിക് അലയൻസ് (കെ.ഡി.എ) എന്നീ സംഘടനകളുമായി കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഇന്നും നാളെയും ഡൽഹിയിൽ നടത്താനിരുന്ന ചർച്ച സെപ്‌തംബർ 29 ലേക്ക് മാറ്റി. പൊലീസ് വെടിവയ്പിൽ കൊല്ലപ്പെട്ട നാല് പേരുടെ സംസ്കാര ചടങ്ങുകൾ കണക്കിലെടുത്താണിത്. ലേ, കാർഗിൽ ജില്ലകളിലെ രാഷ്ട്രീയ, മത സംഘടനകളെ പ്രതിനിധീകരിക്കുന്ന സംഘടനകളാണ് ഇവ രണ്ടും. ചർച്ചയിൽ ഇരു സംഘടനകളിൽ നിന്നും മൂന്ന് പേർ വീതം പങ്കെടുക്കും. സംഘർഷത്തിൽ ഗുരുതരമായി പരിക്കേറ്റ നാലുപേരെ ഡൽഹിയിലേക്ക് മാറ്റും.
വാങ്‌ചുക്കിനെതിരെ കോടികളുടെ
സാമ്പത്തികാരോപണം
എഫ്.സി.ആർ.എ രജിസ്ട്രേഷൻ ഇല്ലാതെ എച്ച്.ഐ.എ.എൽ 1.5 കോടിയിലധികം രൂപയുടെ വിദേശ സംഭാവന സ്വീകരിച്ചു
സ്വന്തം സ്ഥാപനമായ ഷെഷ്യോൺ ഇന്നൊവേഷനിലേക്ക് 6.5 കോടി രൂപ വകമാറ്റി
2021-24 കാലയളവിൽ സ്വകാര്യ അക്കൗണ്ടിൽ നിന്ന് 2.3 കോടി രൂപ വിദേശത്തേക്ക് അയച്ചു.
2018-2024 കാലത്ത് വ്യത്യസ്ത അക്കൗണ്ടുകളിലായി 1.68 കോടി രൂപ വിദേശ ഫണ്ടുകൾ സ്വീകരിച്ചു
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |