ചേർത്തല:ബി.ജെ.പി നേതാവും മുൻ കേന്ദ്രമന്ത്രിയുമായ വി.മുരളീധരൻ എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ സന്ദർശിച്ചു. ഇന്നലെ രാവിലെ പത്തോടെ കണിച്ചുകുളങ്ങരയിലെ വസതിയിലെത്തിയ മുരളീധരൻ 12 മണിയോടെയാണ് മടങ്ങിയത്.തികച്ചും സൗഹൃദ സന്ദർശനമായിരുന്നുവെന്ന് ഇരുവരും പറഞ്ഞു.
ബി.ജെ.പിയോട്
പിണക്കമില്ല
ബി.ജെ.പിയോട് പിണക്കമില്ലെന്നും ഇണക്കവും പിണക്കവും വിഷയാധിഷ്ഠിതമാണെന്നും വെള്ളാപ്പള്ളി നടേശൻ പറഞ്ഞു.പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ മാറിയും മറിച്ചും അഭിപ്രായം പറയുന്നയാളാണ്.സതീശന്റെ അഭിപ്രായത്തിന് പ്രസക്തിയില്ല. വൈകിയാണ് വിവേകം ഉദിക്കുന്നത്.അയ്യപ്പ സംഗമവുമായി ബന്ധപ്പെട്ട് യഥാസമയം പ്രതികരിക്കാതിരുന്ന കോൺഗ്രസ് ഇനി അഭിപ്രായം പറഞ്ഞിട്ട് കാര്യമില്ല.അഭിപ്രായമില്ലാത്ത പാർട്ടിയായി കോൺഗ്രസ് മാറിയെന്നും വെള്ളാപ്പള്ളി പറഞ്ഞു
പെരുന്നയെയും കണിച്ചുകുളങ്ങരയെയും കൂട്ടിക്കെട്ടേണ്ടതില്ലെന്നും, വെള്ളാപ്പള്ളി രാഷിട്രീയക്കാരനല്ലെന്നും, നിലപാട് സ്വീകരിക്കാൻ അദ്ദേഹത്തിന് പൂർണ സ്വാതന്ത്ര്യമുണ്ടെന്നും വി.മുരളീധരൻ പറഞ്ഞു.
എയിംസ് : പറയേണ്ടത്
കേന്ദ്ര സർക്കാർ;
വി. മുരളീധരൻ
ആലപ്പുഴ: എയിംസ് വിവാദത്തിൽ നേതാക്കൾ പറയുന്നത് ബി.ജെ.പിയുടെ അഭിപ്രായമല്ലെന്ന് മുൻ കേന്ദ്രമന്ത്രിയും ബി.ജെ.പി നേതാവുമായ വി. മുരളീധരൻ. കണിച്ചുകുളങ്ങരയിൽ മാദ്ധ്യമങ്ങളോട് പറഞ്ഞു.
ഇക്കാര്യത്തിൽ വ്യക്തിപരമായ അഭിപ്രായങ്ങളാണ് നേതാക്കൾ പറയുന്നത്. സുരേഷ് ഗോപിയുടെ അഭിപ്രായവും അങ്ങനെ കണ്ടാൽ മതി. കേന്ദ്രമന്ത്രിയെന്ന നിലയിൽ അതിന് പ്രാധാന്യമുണ്ട്. എയിംസ് വിഷയത്തിൽ സംസ്ഥാന നേതൃത്വത്തോട് കേന്ദ്ര നേതൃത്വം നിലപാട് തേടിയിട്ട് പോലുമില്ല. എയിംസ് കേരളത്തിൽ വരുമോ എന്നത് പറയേണ്ടത് കേന്ദ്ര സർക്കാരുമായി ബന്ധപ്പെട്ടവരാണ്. വേണ്ട സമയത്ത് കേരളത്തിന് എയിംസ് കിട്ടുമെന്നും വി.മുരളീധരൻ വെളിപ്പെടുത്തി.
എം.ടി രമേശിന് പിന്നാലെ വി. മുരളീധരനും സുരേഷ് ഗോപിയുടെ നിലപാടിനെ തള്ളിയെങ്കിലും, ആലപ്പുഴയിൽ എയിംസ് വേണമെന്ന സുരേഷ് ഗോപിയുടെ നിലപാടിനെ പിന്തുണച്ച് മുതിർന്ന കോൺഗ്രസ് നേതാവും ആലപ്പുഴ എം.പിയുമായ കെ.സി വേണുഗോപാൽ രംഗത്തെത്തിയതും ചർച്ചയായി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |