കൊല്ലം:യു.പി ഹിന്ദി അദ്ധ്യാപകരെ എൽ.പി സ്കൂളുകളിൽ ഹെഡ്മാസ്റ്റർമാരായി നിയമിക്കുന്നത് അദ്ധ്യയന നിലവാരത്തെ ബാധിക്കുമെന്ന് ആശങ്ക.എൽ.പി സ്കൂളുകളിൽ ഹിന്ദി പഠനവിഷയമല്ല.ക്ലാസ് ടീച്ചർ ചുമതലകൂടെ ഉണ്ടാകുന്ന എൽ.പി ഹെഡ്മാസ്റ്റർ ആഴ്ചയിൽ 40 പിരീഡ് പഠിപ്പിക്കണം.വർഷങ്ങളായി ഹിന്ദി മാത്രം പഠിപ്പിച്ചിരുന്ന ഇവർ കാര്യമായ ക്ലസ്റ്റർ പരിശീലനം പോലും ലഭിക്കാതെയാണ് എല്ലാ വിഷയങ്ങളും പഠിപ്പിക്കേണ്ടിവരുന്നത്.ചിലർക്ക് ടി.ടി.സിയുമില്ല.ഇത്തരത്തിൽ സ്ഥാനക്കയറ്റം കിട്ടിയവരിൽ ചിലർ പരിചയക്കുറവും മറ്റ് തിരക്കുകൾ കൊണ്ടും രേഖകളില്ലാത്ത താത്കാലികക്കാരെ നിയോഗിച്ച് തടിതപ്പുകയാണ്.ഹിന്ദിയിൽ റെഗുലർ ബി.എഡ് ഉള്ളവർക്ക് ഹെഡ്മാസ്റ്ററായി സ്ഥാനക്കയറ്റം നൽകാമെന്ന നാല് വർഷം മുമ്പുള്ള വ്യക്തതയില്ലാത്ത സർക്കാർ ഉത്തരവാണ് ഈ സ്ഥിതി സൃഷ്ടിച്ചത്.
എൽ.പി.എസ്.ടി, യു.പി.എസ്.ടി തസ്തികകൾ നിലവിൽ വരുന്നതിന് മുമ്പുണ്ടായിരുന്ന പി.ഡി ടീച്ചർ തസ്തികയിൽ ജോലിയിൽ പ്രവേശിച്ചവർക്കാണ് ഇപ്പോൾ ജില്ലാ അടിസ്ഥാനത്തിൽ എൽ.പി,യു.പി ഹെഡ്മാസ്റ്റർമാരായി സ്ഥാനക്കയറ്റം നൽകുന്നത്.മറ്റ് യോഗ്യതയുള്ളവരും ഹിന്ദി അദ്ധ്യാപകരായി യു.പിയിൽ ജോലിയിൽ പ്രവേശിച്ചിട്ടുണ്ട്.അതുകൊണ്ട് തന്നെ നേരത്തെ യു.പിയിലെ ഹിന്ദി അദ്ധ്യാപകർക്ക് ഹെഡ്മാസ്റ്റർ നിയമനം നൽകിയിരുന്നില്ല.ഇതിനെതിരെ ബി.എഡ് ഉള്ളവരുടെ പ്രതിഷേധം ശക്തമായതോടെയാണ് ഇവരെ പരിഗണിക്കാമെന്ന ഉത്തരവിറക്കിയത്.പക്ഷെ എൽ.പി സ്കൂളുകളിൽ ഹിന്ദിയില്ലെന്ന കാര്യം മറന്നു.ഹെഡ്മാസ്റ്റർ നിയമനം നടത്തുന്ന ജില്ലകളിലെ ഡെപ്യൂട്ടി ഡയറക്ടർ ഓഫീസുകളും ഇക്കാര്യം പരിഗണിച്ചില്ല.
പുനപരിശോധിച്ചാലും പ്രശ്നം
ഹിന്ദി അദ്ധ്യാപകരെ എൽ.പി ഹെഡ്മാസ്റ്റർമാരായി നിയമിച്ച നടപടി തിരുത്തിയാലും പ്രശ്നമാകും.ഇവരുടെ ഒഴിവിൽ പി.എസ്.സി റാങ്ക് ലിസ്റ്റിൽ നിയമനം നടന്നുകഴിഞ്ഞു.ഹെഡ്മാസ്റ്റർ നിയമനം ലഭിച്ചവർ മടങ്ങിവന്നാൽ ഏറ്റവും ഒടുവിൽ ജോലിയിൽ പ്രവേശിച്ചവരുടെ തസ്തിക നഷ്ടമാകും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |