ന്യൂഡൽഹി: റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്നതിന്റെ പേരിൽ യു.എസ് തീരുവ ചുമത്തിയതിനാൽ യുക്രെയിൻ വിഷയത്തിൽ ഏതു തന്ത്രം സ്വീകരിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിനോട് ചോദിച്ചെന്ന നാറ്റോ സെക്രട്ടറി ജനറൽ മാർക്ക് റുട്ടെയുടെ പ്രസ്താവന തള്ളി വിദേശകാര്യ മന്ത്രാലയം.
പ്രസ്താവന വസ്തുതാപരമായി തെറ്റും അടിസ്ഥാനരഹിതവുമാണ്. പ്രധാനമന്ത്രി മോദിയും പ്രസിഡന്റ് പുട്ടിനുമായി അത്തരമൊരു സംഭാഷണം നടന്നിട്ടില്ല. നാറ്റോ പോലുള്ള പ്രധാന സ്ഥാപനത്തിന്റെ നേതൃത്വം പൊതു പ്രസ്താവനകളിൽ കൂടുതൽ ഉത്തരവാദിത്വവും കൃത്യതയും കാട്ടുമെന്നാണ് പ്രതീക്ഷയെന്നും വക്താവ് രൺധീർ ജയ്‌സ്വാൾ പറഞ്ഞു.
പ്രധാനമന്ത്രിയുടെ ഇടപെടലുകളെ തെറ്റായി വ്യാഖ്യാനിക്കുന്നതും ഒരിക്കലും നടന്നിട്ടില്ലാത്ത സംഭാഷണങ്ങളെക്കുറിച്ച് അഭ്യൂഹം പരത്തുന്നതുമാണ് പ്രസ്‌താവന. ഇന്ത്യൻ പൗരൻമാർക്ക് കുറഞ്ഞ വിലയിൽ എണ്ണ ലഭ്യമാക്കാൻ ലക്ഷ്യമിട്ടാണ് ഇറക്കുമതി. ദേശീയ താത്പര്യങ്ങളും സാമ്പത്തിക സുരക്ഷയും സംരക്ഷിക്കാൻ ആവശ്യമായ എല്ലാ നടപടികളും ഇന്ത്യ തുടർന്നും സ്വീകരിക്കുമെന്ന് അദ്ദേഹം വിശദീകരിച്ചു.
27 ഇന്ത്യൻ പൗരന്മാർ റഷ്യൻ സൈന്യത്തിൽ സേവനമനുഷ്ഠിക്കുന്നുണ്ടെന്ന് ചോദ്യത്തിന് മറുപടിയായി രൺധീർ അറിയിച്ചു. അവരുടെ കുടുംബാംഗങ്ങളുമായി അടുത്ത ബന്ധം പുലർത്തുന്നുണ്ട്. 22 ന് യുഎൻ ജനറൽ അസംബ്ളി ഉച്ചകോടിക്കിടെ വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയയുമായി തീരുവ വിഷയം ചർച്ച ചെയ്‌തെന്ന് രൺധീർ സ്ഥിരീകരിച്ചു. ഉഭയകക്ഷി ബന്ധത്തിന്റെ മറ്റ് വശങ്ങളും അവലോകനം ചെയ്തു. എച്ച് 1 ബി വിസ ഫീസ് വർദ്ധന സംബന്ധിച്ച് വിവിധ തലങ്ങളിൽ ചർച്ചകൾ പുരോഗമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
കാശ്‌മീരിൽ തുർക്കി
ഇടപെടൽ വേണ്ട
യു.എൻ പൊതുസഭാ സമ്മേളനത്തിൽ തുർക്കി പ്രസിഡന്റ് റജബ് തയ്യിപ് എർദോഗൻ കാശ്മീർ വിഷയം ഉന്നയിച്ചത് പരാമർശിക്കവേ, ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള ഉഭയകക്ഷി പ്രശ്‌നങ്ങളിൽ മദ്ധ്യസ്ഥത വഹിക്കാൻ മൂന്നാം കക്ഷിയുടെ ആവശ്യമില്ലെന്ന് രൺധീർ ചൂണ്ടിക്കാട്ടി. ജമ്മുകാശ്‌മീർ വിഷയത്തിൽ ഇന്ത്യയുടെ നിലപാട് വളരെ വ്യക്തമാണ്, അതിൽ ഒരു മാറ്റവുമില്ല. ഇന്ത്യയുടെ ആഭ്യന്തര കാര്യങ്ങളിൽ ആക്ഷേപകരമായ പരാമർശം നടത്തിയതിലെ പ്രതിഷേധം തുർക്കി അംബാസഡറെ അറിയിച്ചിട്ടുണ്ട്. ഇന്ത്യയുടെ പ്രാദേശിക സമഗ്രതയെയും പരമാധികാരത്തെയും കുറിച്ചുള്ള ഇത്തരം അനാവശ്യ പ്രസ്താവനകൾ സ്വീകാര്യമല്ല.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |