ന്യൂഡൽഹി: തിരഞ്ഞെടുപ്പ് അടുത്തിരിക്കെ ബീഹാറിൽ വനിതാ വോട്ടർമാരെ ലക്ഷ്യമിട്ടുള്ള വൻ പദ്ധതിക്ക് തുടക്കമിട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി. സ്‌ത്രീകളുടെ ബാങ്ക് അക്കൗണ്ടിൽ 10,000 രൂപ നേരിട്ട് നിക്ഷേപിക്കുന്ന പദ്ധതിയാണിത്. 75 ലക്ഷം സ്ത്രീകൾക്ക് നിലവിൽ തുക ലഭിച്ചെന്ന് പദ്ധതി വീഡിയോ കോൺഫറൻസ് വഴി ഉദ്ഘാടനം ചെയ്‌ത പ്രധാനമന്ത്രി പറഞ്ഞു.
സ്വയം തൊഴിലും ഉപജീവനവും ഉറപ്പാക്കി സ്ത്രീ ശാക്തീകരണം പ്രോത്സാഹിപ്പിക്കാൻ 10,000 രൂപയും തുടർന്ന് രണ്ടു ലക്ഷം രൂപ വരെ അധിക സാമ്പത്തിക സഹായവും ലഭ്യമാക്കുന്നതാണ് പദ്ധതി. ബീഹാർ സർക്കാർ 7,500 കോടി രൂപ വകയിരുത്തിയിരുന്നു. കൃഷി, മൃഗസംരക്ഷണം, കരകൗശല വസ്തുക്കൾ, തയ്യൽ, നെയ്‌ത്ത്, ചെറുകിട സംരംഭങ്ങൾ എന്നിവയുൾപ്പെടെയുള്ള മേഖലകളിൽ സഹായം ലഭിക്കും.
ബീഹാറിലെ സ്ത്രീകൾക്ക് ഇനി പലചരക്ക് സാധനങ്ങൾ, പാത്രങ്ങൾ, സൗന്ദര്യവർദ്ധക വസ്തുക്കൾ, കളിപ്പാട്ടങ്ങൾ, സ്റ്റേഷനറി എന്നിവ വിൽക്കുന്ന കടകൾ തുറക്കാൻ കഴിയുമെന്ന് പ്രധാനമന്ത്രി പറഞ്ഞു. കന്നുകാലി വളർത്തൽ, കോഴി വളർത്തൽ തുടങ്ങിയ സംരംഭങ്ങളും തുടങ്ങാം. ഈ സംരംഭങ്ങൾക്കെല്ലാം ആവശ്യമായ പരിശീലനം നൽകും.
സാമ്പത്തിക പിന്തുണയ്‌ക്കൊപ്പം, സ്വയം സഹായ ഗ്രൂപ്പുകളുമായി ബന്ധപ്പെട്ട കമ്മ്യൂണിറ്റി റിസോഴ്‌സ് പരിശീലനം നൽകും.
മുൻ സർക്കാരുകൾ
ഒന്നും ചെയ്തില്ല
സ്‌ത്രീകളുടെ ഉത്പന്നങ്ങളുടെ വിൽപ്പനയെ പിന്തുണയ്‌ക്കാൻ സംസ്ഥാനത്ത് ഗ്രാമീൺ ഹാട്ട്-ബസാറുകൾ കൂടുതൽ വികസിപ്പിക്കും. മുൻ സർക്കാരുകളുടെ കാലത്ത് ബീഹാറിലെ സ്ത്രീകൾ നിയമലംഘനത്തിന്റെയും അഴിമതിയുടെയും ആഘാതം അനുഭവിച്ചു. വെള്ളപ്പൊക്ക സമയത്ത്, ഗർഭിണികൾക്ക് കൃത്യസമയത്ത് ആശുപത്രികളിൽ എത്താൻ കഴിയാതെ വന്നു. സ്ത്രീകളെ ഈ ദുഷ്‌കരമായ സാഹചര്യങ്ങളിൽ നിന്ന് കരകയറ്റിയത് തന്റെ സർക്കാരാണെന്ന് പ്രധാനമന്ത്രി പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |