നമ്മുടെ അടുക്കളകളിൽ സ്ഥിരമായി കാണുന്നതും എന്നാൽ ഒഴിവാക്കാൻ ആകാത്തതുമായ ഒന്നാണ് ഉള്ളി. മിക്ക വിഭവങ്ങളിലും ഉള്ളി പ്രധാന ചേരുവയാകാറുണ്ട്. ആന്റിഓക്‌സിഡന്റുകളാലും സൾഫർ സംയുക്തങ്ങളാലും സമ്പന്നമായ ഇവ കരളിന്റെ പ്രവർത്തനത്തെ മെച്ചപ്പെടുത്തുകയും ചെയ്യുന്നു. എന്നാൽ ഒരുകാര്യം ശ്രദ്ധിച്ചില്ലെങ്കിൽ ഇതേ ഉള്ളി തന്നെ കരളിനെ ദോഷമായി ബാധിക്കുകയും ചെയ്യും. അതിനാൽ തന്നെ സവാള, ചുവന്നുള്ളി എന്നിവ വാങ്ങുമ്പോൾ ചില കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതായുണ്ട്.
ഉള്ളിയിൽ കാണുന്ന കറുത്ത പൊടിയും തൊലിയും ഉപദ്രവകാരിയല്ലെന്ന് തോന്നുമെങ്കിലും കരളിനെ തകരാറിലാക്കാൻ ഇവയ്ക്ക് കഴിയും. ഫംഗസ് ബാധമൂലമാണ് ഉള്ളിയുടെ തൊലി കറുക്കുന്നതും കറുത്ത പൊടി കാണപ്പെടുന്നതും. ആസ്‌പർജില്ലസ് നൈഗർ എന്ന ഫംഗസ് മൂലമുണ്ടാകുന്ന ഈ കറുത്ത പൊടി കരളിന്റെ ആരോഗ്യത്തിന് ഹാനികരമായ മൈക്കോടോക്സിനുകൾ ഉത്പാദിപ്പിക്കുമെന്ന് ജേണൽ ഒഫ് ഡയബറ്റിസ് ആൻഡ് മെറ്റബോളിക് ഡിസോർഡേഴ്‌സിൽ പ്രസിദ്ധീകരിച്ച പഠനത്തിൽ വ്യക്തമാക്കുന്നു.
നോൺ-ആൽക്കഹോളിക് ഫാറ്റി ലിവർ ഡിസീസ് പോലുള്ള കരൾ രോഗങ്ങളെ നിയന്ത്രിക്കാൻ ഉള്ളി സഹായിക്കുമെന്ന് പഠനത്തിൽ പറയുന്നു. എന്നാൽ കറുത്തതും പൂപ്പൽ ബാധയേറ്റതുമായ ഉള്ളി പതിവായി കഴിക്കുന്നത് കരളിനെ ദോഷകരമായി ബാധിക്കുന്നു. ഈർപ്പമുള്ളതും ചൂടുള്ളതുമായ അന്തരീക്ഷത്തിലാണ് ആസ്‌പർജില്ലസ് നൈഗർ ഫംഗസ് വളരുന്നത്. ഉള്ളി ഈ അന്തരീക്ഷത്തിൽ സൂക്ഷിക്കുമ്പോൾ പൂപ്പൽ ബാധയേൽക്കുന്നു.
കറുത്ത പൂപ്പൽ പുറംതൊലിയിൽ ആരംഭിച്ച് ക്രമേണ ഉള്ളിലേക്ക് വ്യാപിക്കുകയും ഉള്ളിയുടെ ഗുണനിലവാരത്തെയും സുരക്ഷയെയും ബാധിക്കുകയും ചെയ്യുന്നു. ആസ്‌പർജില്ലസ് നൈഗർ ശരീരത്തിൽ അടിഞ്ഞുകൂടുന്ന വിഷസംയുക്തങ്ങളായ മൈക്കോടോക്സിനുകൾ ഉത്പാദിപ്പിക്കുന്നു. പൂപ്പലുള്ള ഉള്ളി പതിവായി കഴിക്കുന്നത് കാലക്രമേണ കരളിന്റെ പ്രവർത്തനത്തെയും ശരീരത്തിന്റെ ആരോഗ്യത്തെയും ബാധിക്കാനിടയുണ്ടെന്നും പഠനത്തിൽ ചൂണ്ടിക്കാട്ടുന്നു. അതിനാൽ തന്നെ കറുത്ത പൂപ്പൽ ബാധയേറ്റ, കറുത്ത തൊലിയുള്ള ഉള്ളി ഉപയോഗിക്കാതിരിക്കുക. അസാധാരാണമായ നിറമുള്ളതും ദുർഗന്ധമുള്ളതുമായ ഉള്ളിയും ഒഴിവാക്കേണ്ടതുണ്ട്. ഉള്ളിയിൽ ചെറിയ രീതിയിൽ മാത്രമാണ് പൂപ്പലേറ്റതെങ്കിൽ തൊലി മുഴുവൻ കളഞ്ഞ് നല്ല വൃത്തിയായി കഴുകിയെടുത്തതിനുശേഷം മാത്രം ഉപയോഗിക്കാം.
തണുത്ത, ഉണങ്ങിയ, വായും വെളിച്ചവും കയറുന്ന സ്ഥലത്ത് ഉള്ളി സൂക്ഷിക്കുന്നതാണ് ഏറ്റവും നല്ലത്. ഉരുളക്കിഴങ്ങിനൊപ്പം ഉള്ളി സൂക്ഷിക്കാൻ പാടില്ല. വൃത്തിയുള്ള കട്ടിംഗ് ബോർഡും കത്തിയും ഉള്ളി അരിയാനായി ഉപയോഗിക്കാം. പൂപ്പൽ ബാധയേറ്റ ഉള്ള കൈകാര്യം ചെയ്തതിനുശേഷം കൈകൾ നല്ല വൃത്തിയായി കഴുകണം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |