ഗൂഗിളിന് ഇന്ന് ഇരുപത്തിയേഴ് വയസ്. ഒരു സാധാരണ ടെക് കമ്പനി എന്നതിലുപരി ലോകമെമ്പാടുമുള്ള കോടിക്കണക്കിന് ആളുകളുടെ ദൈനംദിന ജീവിതത്തിൽ ഒഴിച്ചുകൂടാനാവാത്ത ഘടകമായി ഗൂഗിൾ മാറിക്കഴിഞ്ഞു. ലോകം ചോദിക്കുന്ന എന്ത് ചോദ്യങ്ങൾക്കും തൽക്ഷണം ഉത്തരം നൽകുന്നത് മുതൽ, ഗൂഗിൾ മാപ്പ് ഉപയോഗിച്ച് യാത്രകൾ എളുപ്പമാക്കുന്നതിലും, ആൻഡ്രോയിഡ് വഴി സ്മാർട്ട്ഫോണുകൾക്ക് കരുത്ത് പകരുന്നതിലും, യൂട്യൂബിലൂടെ ലോക കാഴ്ചകളെ എത്തിക്കുന്നതിലും ഗൂഗിളിന് വലിയ പങ്കുണ്ട്.
ഒരു ചെറിയ ഗ്യാരേജിൽ നിന്ന് തുടങ്ങിയ ടെക് പ്ലാറ്റ്ഫോം ഇന്ന് നമ്മൾ പഠിക്കുന്നതിനും, ആശയവിനിമയം നടത്തുന്നതിനും, പരസ്പരം ബന്ധപ്പെടുന്നതിനും ഒഴിച്ചുകൂടാനാവാത്ത ഡിജിറ്റൽ സൗകര്യമായിട്ടാണ് വളർന്നു കഴിഞ്ഞിരിക്കുന്നത്. ചെറിയൊരു ഗ്യാരേജിൽ പിറവിയെടുത്ത ഗൂഗിൾ എന്ന സ്ഥാപനം എങ്ങനെയാണ് ലോകം കീഴടക്കിയതെന്ന് നോക്കാം.
'ബാക്ക്‌റബ്' എന്ന ഗവേഷണത്തിന്റെ ഭാഗമായിട്ടായിരുന്നു ഗൂഗിളിന്റെ ആദ്യ രൂപം. 1996ൽ സ്റ്റാൻഫോർഡ് യൂണിവേഴ്സിറ്റിയിലെ പിഎച്ച്ഡി വിദ്യാർത്ഥികളായിരുന്ന ലാറി പേജും സെർജി ബ്രിനും ചേർന്നാണ് ഗൂഗിൾ വികസിപ്പിച്ചത്. വെബ്‌പേജുകളെ അവയിലേക്കുള്ള ലിങ്കുകളുടെ എണ്ണം അടിസ്ഥാനമാക്കി റാങ്ക് ചെയ്യുന്ന രീതിയായിരുന്നു ഇതിൽ ഉപയോഗിച്ചിരുന്നത്. ഈ അക്കാദമിക ദൗത്യമാണ് പിന്നീട് ഗൂഗിളിന്റെ വിജയത്തിന് അടിത്തറ പാകിയത്.
പിന്നീട് 1998ലാണ് ഗൂഗിൾ ഇൻകോർപ്പറേറ്റഡ് (ഗൂഗിൾ ഐഎൻസി.) സ്ഥാപിക്കപ്പെടുന്നത്. സ്ഥാപനം രജിസ്റ്റർ ചെയ്തതിന് തൊട്ടുപിന്നാലെ, സുസൻ വോജ്സിക്കിയുടെ മെൻലോ പാർക്കിലെ ഗ്യാരേജ് പ്രതിമാസം 1,700 ഡോളറിന് അവർ വാടകയ്ക്ക് എടുത്തു. ഇതാണ് ഗൂഗിളിന്റെ ആദ്യത്തെ ഓഫീസായി മാറിയത്.
കമ്പനി ഔദ്യോഗികമായി നിലവിൽ വരുന്നതിനുമുമ്പ് തന്നെ, 1998 ഓഗസ്റ്റിൽ സൺ മൈക്രോസിസ്റ്റംസിന്റെ സഹസ്ഥാപകനായ ആൻഡി ബെച്ചോൾഷൈം ഗൂഗിൾ ഇൻകോർപ്പറേറ്റഡിന്റെ പേരിൽ 100,000 ഡോളറിന്റെ (ഒരു ലക്ഷം) ചെക്ക് നൽകിയിരുന്നു. ഈ നിക്ഷേപമാണ് പിന്നീട് ഗൂഗിൾ സ്ഥാപനം യാഥാർത്ഥ്യമാക്കുകയും കൂടുതൽ നിക്ഷേപങ്ങൾ ഉണ്ടാകുകയും ചെയ്യുന്നതിന് സഹായിച്ചത്.
മാസങ്ങൾക്കുള്ളിൽ തന്നെ ഗൂഗിൾ ടീം ഗ്യാരേജിൽ നിന്ന് പിന്നെയും വളർന്നു. ജീവനക്കാരുടെ എണ്ണം വർദ്ധിക്കുകയും നൂതന സാങ്കേതിക വിദ്യകൾക്ക് പ്രാധാന്യം നൽകുകയും ചെയ്തതോടെ 1999ന്റെ ആദ്യനാളുകളിലാണ് ഗൂഗിൾ പാലോ ആൾട്ടോയിലെ വലിയ ഓഫീസിലേക്ക് പ്രവർത്തനം മാറുന്നത്.
സർച്ച് എഞ്ചിനിൽ നിന്ന് തുടങ്ങിയ ഗൂഗിൾ പിന്നീട് ഒരു സമ്പൂർണ്ണ ടെക്നോളജി ഇക്കോസിസ്റ്റമായി പരിണമിക്കുകയായിരുന്നു. യൂട്യൂബ്, ആൻഡ്രോയിഡ്, ജിമെയിൽ, മാപ്‌സ്, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എഐ), ക്ലൗഡ് സേവനങ്ങൾ അടക്കം നിരവധി സംവിധാനങ്ങൾ ഗൂഗിളിലൂടെ അവർ വികസിപ്പിച്ചു.
വളർന്നു വരുന്ന ഒട്ടേറെ സംരംഭങ്ങളെ ഫലപ്രദമായി കൈകാര്യം ചെയ്യുന്നതിനായി, 2015ൽ ഗൂഗിളിനെ ആൽഫബെറ്റ് ഇൻക്. എന്ന കുടക്കീഴിൽ പുനഃസംഘടിപ്പിക്കുകയും ചെയ്തിരുന്നു. ക്ലാസ് ബി ഓഹരികളിലൂടെ ലാറി പേജും സെർജി ബ്രിനും തന്നെയാണ് കമ്പനിയുടെ ഭൂരിപക്ഷ നിയന്ത്രണവും നിലനിർത്തുന്നത്. നിലവിൽ, സുന്ദർ പിച്ചൈക്കാണ് ഗൂഗിളിന്റെയും ആൽഫബെറ്റിന്റെയും നേതൃത്വം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |