തിരുവനന്തപുരം: കേരളത്തിൽ നിന്നും അന്യസംസ്ഥാനത്തേക്ക് സർവീസ് നടത്തുന്ന പല ഓൾ ഇന്ത്യ പെർമിറ്റ് ബസുകളുടെയും രജിസ്‌ട്രേഷൻ നമ്പർ ശ്രദ്ധിച്ചാൽ, അത് നാഗാലാൻഡ്, ആരുണാചൽ പ്രദേശ് എന്നിങ്ങനെയായിരിക്കും. കൂടാതെ പല ട്രക്കുകളും വൻതോതിൽ നാഗാലാൻഡിൽ രജിസ്റ്റർ ചെയ്ത് ഓടുന്നുണ്ട്. ഇതുവഴി സംസ്ഥാനത്തിന് നഷ്ടമാകുന്നത് കോടികളുടെ നികുതി വരുമാനമാണ്.
നികുതിയിലുള്ള കുറവും രജിസ്‌ട്രേഷൻ നടത്താൻ വാഹനം നേരിട്ട് ഹാജരാക്കേണ്ട എന്നതുമാണ് നാഗാലാൻഡിലേക്ക് വാഹന ഉടമകളെ ആകർഷിക്കുന്നത്. ഏജന്റുമാർ ഓണലൈനായി പണവും രേഖകളും അയച്ചാൽ വാഹനങ്ങൾ നാഗാലാൻഡിൽ രജിസ്റ്റർ ചെയ്യാൻ സാധിക്കും. കേരളം ആസ്ഥാനമായി പ്രവർത്തിക്കുന്ന ഒട്ടേറെ ട്രാവൽസുകളും ഇപ്പോൾ നാഗാലാൻഡ് രജിസ്‌ട്രേഷനിലാണ് വാഹനം പുറത്തിറക്കുന്നത്. ബംഗളൂരു, ചെന്നൈ, ഹൈദരാബാദ് എന്നിവിടങ്ങളിലേക്ക് സർവീസ് നടത്തുന്ന ബസുകളാണിത്.
കേരളത്തിന് പുറത്ത് രജിസ്റ്റർ ചെയ്യുന്ന വാഹനങ്ങൾ ഒരു മാസത്തിലേറെ സംസ്ഥാനത്ത് ഉപയോഗിച്ചാൽ ഇവിടത്തെ നികുതി അടയ്ക്കണമെന്ന നിബന്ധന അയഞ്ഞതാണ് നികുതി വരുമാനം നഷ്ടപ്പെടാൻ പ്രധാന കാരണം. 30 ദിവസത്തിൽ കൂടുതൽ കേരളത്തിൽ ഓടുന്നു എന്ന് സ്ഥിരീകരിച്ചാൽ മാത്രമേ പിഴയടയ്പ്പിക്കാൻ സാധിക്കുകയുള്ളൂ. ഇത് എങ്ങനെ തെളിയിക്കുമെന്നതാണ് പ്രധാന പ്രശ്നം. കേന്ദ്രസർക്കാർ നിയമം അനുസരിച്ച് ഫീസ് അടച്ച് ഓൾ ഇന്ത്യ പെർമ്മിറ്റ് ലഭിക്കുന്ന വാഹനങ്ങൾ ഈ നിബന്ധനയിൽ ഇളവുമുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |