തൃശൂർ: സംസ്ഥാനം രൂപീകരിച്ച് 2031ൽ 75വർഷം പൂർത്തിയാകുമ്പോൾ, കേരളത്തെക്കുറിച്ചുളള കാഴ്ചപ്പാട് രൂപീകരിക്കാൻ 33 മേഖലകളിൽ സംസ്ഥാന സർക്കാർ 'വിഷൻ 2031' സെമിനാർ നടത്തും. സാമൂഹികനീതി വകുപ്പുമായി ബന്ധപ്പെട്ട ആദ്യ സെമിനാർ ഒക്ടോബർ മൂന്നിന് രാവിലെ 9.30ന് തൃശൂർ റീജിയണൽ തിയേറ്ററിൽ നടക്കുമെന്ന് മന്ത്രി ഡോ.ആർ.ബിന്ദു പത്രസമ്മേളനത്തിൽ അറിയിച്ചു. 1975 ഒക്ടോബർ രണ്ടിന് രൂപീകൃതമായ സംസ്ഥാന സാമൂഹ്യനീതി വകുപ്പിന്റെ സുവർണ്ണജൂബിലി ആഘോഷങ്ങൾക്കും ചടങ്ങിൽ തുടക്കം കുറിക്കും. സംസ്ഥാനതല വയോജനാദിനാചരണവും വയോജന സംഗമവും നടക്കും. സംസ്ഥാന രൂപീകരണത്തിന്റെ 75 വർഷം പൂർത്തീകരിക്കുന്ന 2031ൽ സാമൂഹ്യനീതിയിൽ അധിഷ്ഠിതമായ വികസിത കേരളം എന്തായിരിക്കണമെന്ന കാഴ്ചപ്പാട് മന്ത്രി ബിന്ദു അവതരിപ്പിക്കും. അഞ്ചു വേദികളിലായി സമാന്തര പാനൽ ചർച്ചകൾ നടക്കും. സാമൂഹ്യനീതി മുൻ ഡയറക്ടർ ജിതേന്ദ്രൻ, ഡോ.ജോയ് ഇളമൺ, ജി.വിജയരാഘവൻ, ഡോ.എം.കെ.ജയരാജ്, ഡോ.മോഹൻ ഗോപാൽ, വിജയരാജ മല്ലിക, ഡോ.മിനി സുകുമാർ തുടങ്ങിയവർ പങ്കെടുക്കും. ഭിന്നശേഷി വയോജന ട്രാൻസ്‌ജെൻഡർ പ്രൊബേഷൻ മേഖലകളിൽ നിന്നുള്ള വിദഗ്ദ്ധർക്കൊപ്പം വിദ്യാഭ്യാസക്ഷേമ സ്ഥാപനങ്ങളെ പ്രതിനിധീകരിച്ചുള്ളവരും 600 പ്രതിനിധികളുമുണ്ടാകും. വയോസേവന അവാർഡുകൾ നടി ഷീലയും ഗായിക പി.കെ. മേദിനിയും ഏറ്റുവാങ്ങും. വയോജന കമ്മിഷൻ അംഗം കൂടിയായ അമരവിള രാമകൃഷ്ണനെ ആദരിക്കും. മികച്ച തദ്ദേശസ്ഥാപനങ്ങൾക്കും പുരസ്‌കാരം നൽകും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |