തിരുവനന്തപുരം: മത്സര പരീക്ഷകൾ എഴുതി ചുരുക്കപട്ടികയിലെത്തുന്ന ഉദ്യോഗാർത്ഥികളുടെ സർട്ടിഫിക്കറ്റ് പരിശോധനകൾ എളുപ്പമാക്കാൻ എ.ഐ.സാങ്കേതിക വിദ്യ ഉപയോഗിക്കാനൊരുങ്ങി പി.എസ്.സി.
ഓരോ തസ്തികയുടെയും റാങ്ക് ലിസ്റ്റുകൾ തയ്യാറാക്കുന്നതിന് മുൻപായി കൂടുതൽ സമയമെടുക്കുന്ന സർട്ടിഫിക്കറ്റ് പരിശോധനയ്‌ക്ക് വേഗത വർദ്ധിപ്പിക്കാനും കൃത്യത ഉറപ്പുവരുത്താനും ലക്ഷ്യമിട്ടാണ് നിർമിത ബുദ്ധി (ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ) ഉപയോഗിക്കാൻ പി.എസ്.സി തീരുമാനിച്ചത്.കേരള ഡിജിറ്റൽ സർവകലാശാല നൽകുന്ന സാങ്കേതിക പിന്തുണയോടെയാണ് നിർമ്മിത ബുദ്ധി നടപ്പാക്കുന്നത്.
വിദ്യാഭ്യാസ യോഗ്യതാ സർട്ടിഫിക്കറ്റ്, പ്രവൃത്തിപരിചയ സർട്ടിഫിക്കറ്റ് തുടങ്ങിയവയാണ് ഇങ്ങനെ പരിശോധിക്കുക. ഉദ്യോഗാർത്ഥികൾ പി.എസ്.സിയുടെ വെബ് സൈറ്റിൽ അപ്‌ലോഡ് ചെയ്‌തിട്ടുള്ള സർട്ടിഫിക്കറ്റുകളെല്ലാം ഉദ്യോഗസ്ഥർ നേരിട്ടു പരിശോധിച്ചാണ് കൃത്യത ഉറപ്പുവരുത്തുന്നത്. ഇതിന് ദിവസങ്ങളാണ് വേണ്ടി വരുന്നത്. ഈ കാലതാമസം ഒഴിവാക്കാനാണ് നൂതന സാങ്കേതിക വിദ്യകൾ ഉപയോഗിക്കുന്നത്.
സർട്ടിഫിക്കറ്റുകളിലെ ന്യൂനതകളും വ്യാജരേഖകളും കണ്ടെത്താൻ എ.ഐയിലുടെ സാധിക്കുമെന്നാണ് കരുതുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |