നെടുമങ്ങാട്: മലഞ്ചരക്ക് ഉത്പന്നങ്ങൾക്കും കാർഷിക വൃത്തിക്കും പേരുകേട്ട നെടുമങ്ങാട് സ്മാർട്ട് ഫാമിംഗിലേക്ക് ചുവടുവയ്ക്കുന്നു. കൃഷി ലളിതവും ആയാസരഹിതവും ലാഭകരവുമാക്കുകയാണ് ലക്ഷ്യം. നെടുമങ്ങാട് ബ്ലോക്ക് പഞ്ചായത്ത് തിരഞ്ഞെടുത്ത 40 കർഷകർ ഓരോ സെന്റ് വീതം ഭൂമിയിൽ പരമ്പരാഗത കാർഷിക രീതിയിലും സ്മാർട്ട് ഫാമിംഗ് രീതിയിലും ഒരേസമയം കൃഷി ചെയ്താണ് എ.ഐ വിളവിന്റെ മികവ് തിരിച്ചറിഞ്ഞത്. നൂതനാശയം വിജയം വരിച്ചതിന്റെ ആത്മവിശ്വാസത്തിൽ നെടുമങ്ങാട് ബ്ലോക്ക് പഞ്ചായത്തിന്റെ സഹായത്തോടെ വ്യാപക എ.ഐ കൃഷിക്ക് ഒരുങ്ങുകയാണ് കർഷകർ. പരീക്ഷണക്കൃഷിയിൽ സ്മാർട്ട് ഫാമിംഗ് വിളവുല്പാദനം 200 ശതമാനത്തിലധികമായിരുന്നു. മധുരക്കിഴങ്ങ്- 220%, മരിച്ചീനി-215%, വാഴ-206%, ചേന-163% എന്നീ രീതിയിൽ വൻ വർദ്ധനവുണ്ട്. വളം ഉപയോഗം പരമ്പരാഗത രീതിയിലേക്കാൾ കുറയ്ക്കാനായെന്നും കർഷകർ പറഞ്ഞു. കിലയുടെയും സംസ്ഥാന ഹോർട്ടികൾച്ചർ മിഷന്റെയും സഹകരണത്തോടെ പനവൂർ,ആനാട്,അരുവിക്കര,കരകുളം,വെമ്പായം ഗ്രാമപഞ്ചായത്തുകളിലാണ് മൊബൈൽ ആപ്പ് ഉപയോഗിച്ച് സ്മാർട്ട് ഫാമിംഗ് നടപ്പാക്കിയത്. ബ്ലോക്കിന് കീഴിലുള്ള 98 തദ്ദേശ വാർഡിലും സ്മാർട്ട് ഫാമിംഗ് നടപ്പിലാക്കുമെന്ന് ബ്ലോക്ക് പ്രസിഡന്റ് വി.അമ്പിളി പറഞ്ഞു.
ഗതിമാറ്റുന്നത് ഇ-ക്രോപ്പ്,ഫെർട്ടിഗേഷൻ ഡിവൈസുകൾ !
കർഷകരുടെ ആയാസം ലഘൂകരിച്ച്, കൃഷിയിടങ്ങൾ കൈകാര്യം ചെയ്യുന്ന രീതിയാണ് സ്മാർട്ട് ഫാമിംഗ്. ഡാറ്റാ അനലിറ്റിക്‌സ് വഴി രാസവളങ്ങളുടെയും ജലത്തിന്റെയും അമിത ഉപയോഗവും വായു,മണ്ണ്,ജലം മുതലായവയുടെ മലിനീകരണവും തടയുന്നതിന് സാധിക്കും. വിപണിസാദ്ധ്യത കൃത്യമായി അറിയാനും ആവശ്യത്തിലധികം കൃഷി ചെയ്യുന്നതുമൂലമുള്ള നഷ്ടം കുറയ്ക്കാനും സ്മാർട്ട് ഫാമിംഗ് സഹായിക്കും. കേന്ദ്ര കിഴങ്ങുവിള ഗവേഷണ സ്ഥാപനത്തിലെ പ്രിൻസിപ്പൽ സയന്റിസ്റ്റ് വി.എസ്. സന്തോഷ് മിത്ര വികസിപ്പിച്ചെടുത്ത ഇ-ക്രോപ്പ് ഡിവൈസും സ്മാർട്ട് ഫെർട്ടിഗേഷൻ ഡിവൈസുമാണ് സ്മാർട്ട് ഫാമിംഗിനുള്ള ഉപകരണങ്ങൾ.
സ്മാർട്ട് ഫെർട്ടിഗേഷൻ ഡിവൈസ്
ഇ-ക്രോപ്പ് ഡിവൈസിലൂടെ 20 കി.മീറ്റർ ചുറ്റളവിലെ കാലാവസ്ഥയും മൂലകങ്ങളുടെയും ജലത്തിന്റെയും അളവ്, പരിപാലന രീതി എന്നീ വിവരങ്ങളും കർഷകരുടെ മൊബൈലിൽ ലഭിക്കും. ഡേറ്റ അനുസരിച്ച് സ്വയം നിയന്ത്രിത സംവിധാനത്തിലൂടെ ആവശ്യമായ വെള്ളവും വളവും നല്കുന്നതാണ് സ്മാർട്ട് ഫെർട്ടിഗേഷൻ ഡിവൈസ്. പൂർണമായും സൗരോർജ്ജത്തിലാണ് ഉപകരണങ്ങൾ പ്രവർത്തിക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |