തിരുവനന്തപുരം: സ്റ്റാൻഫോർഡ് സർവകലാശാലയുടെ 2025ലെ ഗ്ലോബൽ ഡാറ്റാബേസിൽ ഇടംപിടിച്ച് കേരളത്തിൽ നിന്നുള്ള ദന്തചികിത്സാ ഗവേഷകൻ പ്രൊഫ.അനിൽ സുകുമാരൻ. ലോകത്തിലെ മുൻനിരയിലുള്ള രണ്ട് ശതമാനത്തോളം മാത്രം വരുന്ന ശാസ്ത്രജ്ഞരുടെ പട്ടികയിലാണ് ഇടംപിടിച്ചത്. തിരുവനന്തപുരം ഗവ.ഡെന്റൽ കോളേജിലെ പൂർവ്വ വിദ്യാർത്ഥിയായ അനിൽ, ഖത്തർ സർവകലാശാലയിലെ ഹമദ് മെഡിക്കൽ കോർപ്പറേഷനിലെ ദന്തചികിത്സാ വിഭാഗത്തിൽ സീനിയർ കൺസൾട്ടന്റും പ്രൊഫസറും ഹോസ്പിറ്റൽ റിസേർച്ച് കമ്മിറ്റിയുടെ ചെയർമാനുമാണ്. ദീർഘകാലത്തെ ഗവേഷണ ഫലങ്ങളും ശാസ്ത്രീയ സംഭാവനകളും കണക്കിലെടുത്താണ് അംഗീകാരം. തിരുവനന്തപുരം ഗവ.ഡെന്റൽ കോളേജിൽ നിന്ന് പീരിയോൺഡോളജിയിൽ എംഡിഎസ് നേടിയ ശേഷം പീരിയോഡോണ്ടിക്സ്/ഓറൽ മൈക്രോബയോളജിയിൽ പി.എച്ച്ഡി കരസ്ഥമാക്കി. വിവിധ രാജ്യങ്ങളിലെ പ്രമുഖ സർവകലാശാലകളിൽ അദ്ധ്യാപകനായും ഗവേഷകനായും പ്രവർത്തിച്ചിട്ടുണ്ട്. ലണ്ടനിലെ റോയൽ കോളേജ് ഓഫ് പാത്തോളജിസ്റ്റ്,എഡിൻബർഗിലെ റോയൽ കോളേജ് ഓഫ് സർജൻസ്, ഗ്ലാസ്‌ഗോയിലെ റോയൽ കോളേജ് ഓഫ് സർജൻസ് ആൻഡ് ഫിസിഷ്യൻസ്, യു.എസ്.എയിലെ ഇന്റർനാഷണൽ കോളേജ് ഓഫ് ഡെന്റിസ്റ്റ് എന്നിവിടങ്ങളിൽ നിന്ന് ഫെലോഷിപ്പുകളും നേടിയിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |