കൊച്ചി: ഭൂട്ടാൻ വാഹനക്കടത്തുമായി ബന്ധപ്പെട്ട് ഡൽഹിയും കേരളവും കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഇടനിലക്കാർക്കായി കസ്റ്റംസ് അന്വേഷണം വ്യാപകമാക്കും. ഇതിന്റെ ഭാഗമായി മൂവാറ്റുപുഴ സ്വദേശി മാഹിൻ അൻസാരിയെ കസ്റ്റംസ് ഇന്ന് വീണ്ടും ചോദ്യം ചെയ്യും. കുണ്ടന്നൂരിൽ നിന്ന് പിടിച്ചെടുത്ത ലാൻഡ് ക്രൂസറിന്റെ നിലവിലത്തെ ഉടമയാണ് മാഹിൻ.
കഴിഞ്ഞ ദിവസം നടന്ന ചോദ്യം ചെയ്യലിൽ മാഹിനിൽ നിന്ന് കസ്റ്റംസ് പ്രിവന്റീവ് വിഭാഗത്തിന് നിർണായക വിവരങ്ങൾ ലഭിച്ചിരുന്നു. അനധികൃതമായി വാഹനം കടത്താൻ രാജ്യത്തിന്റെ വിവിധയിടങ്ങളിൽ വൻ റാക്കറ്റുകൾ പ്രവർത്തിക്കുന്നതായാണ് കണ്ടെത്തൽ. നടൻ അമിത് ചക്കാലയ്‌ക്കലിന്റെ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തിൽ കോയമ്പത്തൂർ കേന്ദ്രീകരിച്ചുള്ള ഇടനിലസംഘത്തെക്കുറിച്ച് അന്വേഷണം പുരോഗമിക്കുകയാണ്. അതിനിടെയാണ് മാഹിനിൽ നിന്ന് ഡൽഹിയിലെ ഇടനിലക്കാരെക്കുറിച്ച് വിവരം ലഭിച്ചത്. ഡൽഹിയിലെ സംഘം വഴി കേരളത്തിലേക്ക് കൂടുതൽ വാഹനങ്ങൾ എത്തിച്ചിട്ടുണ്ടോ, സംസ്ഥാനത്ത് ഇവരുടെ ഇടനിലക്കാരുണ്ടോ എന്നതിലടക്കം മാഹിനിൽ നിന്ന് വിവരം തേടും. 200 വാഹനങ്ങൾ നികുതിവെട്ടിച്ച് എത്തിയെന്നാണ് കണ്ടെത്തൽ. ഇതിൽ 39 വാഹനങ്ങൾ മാത്രമാണ് ഓപ്പറേഷൻ നുംഖോറിന്റെ ഭാഗമായി കണ്ടെത്തിയത്. സംസ്ഥാന പൊലീസിന്റെയും മോട്ടോർ വാഹന വകുപ്പിന്റെയും സഹായത്തോടെ മറ്റ് വാഹനങ്ങൾ കണ്ടെത്താനുള്ള കസ്റ്റംസിന്റെ നടപടികൾ പുരോഗമിക്കുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |