ന്യൂഡൽഹി: ലൈംഗികാതിക്രമ കേസിൽ അറസ്റ്റിലായ സ്വാമി ചൈതന്യാനന്ദയെ ഡൽഹി പാട്യാലാ കോടതി പൊലീസ് കസ്റ്റഡിയിൽ വിട്ടു. പീഡന പരാതികൾ പുറത്തുവന്നതോടെ ഒളിവിൽപോയ ചൈതന്യാനന്ദയെ ഡൽഹി പൊലീസ് ഇന്നലെ ആഗ്രയിൽ നിന്ന് അറസ്റ്റ് ചെയ്‌തിരുന്നു. ശ്രീ ശാരദ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ഇന്ത്യൻ മാനേജ്‌മെന്റ് ഡയറക്ടറായിരുന്ന ചൈതന്യാനന്ദയ്‌ക്കെതിരെ 17 പെൺകുട്ടികളാണ് പരാതി നൽകിയത്. സംഭവത്തിൽ ദേശീയ വനിതാ കമ്മിഷനും കേസെടുത്തു. ഇതോടെ ഒളിവിൽ പോയ ഇയാൾ നൽകിയ മുൻകൂർ ജാമ്യാപേക്ഷ ഡൽഹി പട്യാല ഹൗസ് കോടതി കഴിഞ്ഞ ദിവസം തള്ളിയിരുന്നു. വിദേശയാത്രകളിലും മറ്റും ഒപ്പം കൂട്ടി ചൈതന്യാനന്ദ ലൈംഗികമായി ചൂഷണം ചെയ്‌തെന്നാണ് വിദ്യാർത്ഥിനികളുടെ മൊഴി. ഹോസ്റ്റൽ മുറിയിൽ സി.സി ടി.വി സ്ഥാപിച്ചിരുന്നതായും ഇതിലെ ദൃശ്യങ്ങൾ പ്രതിയുടെ ഫോണിൽ ലഭ്യമായിരുന്നുവെന്നും പെൺകുട്ടികൾ പറഞ്ഞു. സ്വാമിയുടെ പീഡനവും ഭീഷണിയും സഹിക്കാനാകാതെ പഠനം ഉപേക്ഷിക്കേണ്ടിവന്നതായും ചിലർ വെളിപ്പെടുത്തി. ലൈംഗികാതിക്രമത്തിന് പുറമെ വ്യാജരേഖ ചമയ്ക്കൽ ഉൾപ്പെടെയുള്ള കേസുകൾ ചൈതന്യാനന്ദയ്‌ക്കെതിരെയുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് പൊലീസ് ജാമ്യ ഹർജിയെ എതിർത്തത്. തെളിവ് നശിപ്പിക്കാനും സാക്ഷികളെ സ്വാധീനിക്കാനുമുള്ള സാദ്ധ്യതയുണ്ടെന്നും പൊലീസ് കോടതിയെ അറിയിച്ചിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |