കടയ്ക്കൽ: മോഷണക്കേസിലെ പ്രതികളായ അച്ഛനും മകനും, മൂത്രമൊഴിക്കാനെന്ന പേരിൽ പൊലീസ് ജീപ്പിൽ നിന്നിറങ്ങി, കൈവിലങ്ങുമായി ഇരുട്ടിൽ ഓടി രക്ഷപ്പെട്ടു. കടയ്ക്കൽ ചുണ്ടയിൽ ഇന്നലെ പുലർച്ചെ നാലരയോടെയാണ് സംഭവം. പാലോട് വാടകയ്ക്കു താമസിക്കുന്ന വയനാട് സുൽത്താൻ ബത്തേരി സ്വദേശികളായ അയൂബ് ഖാൻ, മകൻ സെയ്‌തലവി (20) എന്നിവരാണ് രക്ഷപ്പെട്ടത്.
മോഷണക്കേസുമായി ബന്ധപ്പെട്ട് സുൽത്താൻ ബത്തേരിയിൽ നിന്ന് കസ്റ്റഡിയിൽ എടുത്ത് പാലോട് സ്റ്റേഷനിലേക്ക് കൊണ്ടുവരുന്നതിനിടെ പാലോട് പോലീസിന്റെ ജീപ്പിൽ നിന്നാണ് ഇവർ രക്ഷപ്പെട്ടത്. കൊല്ലം അഞ്ചൽ കടയ്ക്കൽ റോഡിൽ ചുണ്ടയ്ക്ക് സമീപം എത്തിയപ്പോഴാണ് മൂത്രം ഒഴിക്കണമെന്ന് ആവശ്യപ്പെട്ടത്. വിലങ്ങ് അഴിക്കുന്നതിനിടെ ഇവർ രക്ഷപ്പെടുകയായിരുന്നു. അടുത്തിടെ പാലോടും പരിസരങ്ങളിലും ആറോളം കടകളിൽ മോഷണം നടന്നിരുന്നു. അതിനുശേഷം സെയ്തലവി യും അയൂബ് ഖാനും അവരുടെ മാരുതി സെൻ കാറിൽ നാട്ടിലേക്കു കടക്കുകയായിരുന്നു. മൊബൈൽ ഫോൺ ലൊക്കേഷൻ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിനൊടുവിൽ പ്രതികളെ സുൽത്താൻ ബത്തേരിയിൽ നിന്നു കസ്റ്റഡിയിലെടുത്ത പൊലീസ് സംഘത്തിൽ എസ്.ഐ. ഉൾപ്പെടെ നാലുപേരാണ് ഉണ്ടായിരുന്നത്. പ്രതികൾക്കായി കടയ്ക്കൽ, ചിതറ, ചടയമംഗലം. പാലോട് സ്റ്റേഷനുകളിലെ സി.ഐമാരുൾപ്പെടെയുള്ള ഉദ്യോഗസ്ഥരും നാട്ടുകാരും പൊതുപ്രവർത്തകരും തിരച്ചിൽ തുടരുകയാണ്. കോട്ടുക്കൽ ജില്ലാ കൃഷിത്തോട്ടത്തിൽ പ്രതികളിൽ ഒരാളെ കണ്ടതായി സംശയിച്ചു ഡ്രോൺ ഉപയോഗിച്ചും തിരച്ചിൽ നടത്തി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |