തിരുവനന്തപുരം: കൈക്കുഞ്ഞുങ്ങളുമായി ഭിക്ഷയെടുക്കുന്നവരുടെ എണ്ണം തലസ്ഥാനത്ത് വര്‍ദ്ധിക്കുന്നു. തിരക്കേറിയ പ്രധാന ജംഗ്ഷനുകളില്‍,സിഗ്‌നല്‍ കാത്തുകിടക്കുന്നവര്‍ക്ക് അരികിലേക്കാണ് കുഞ്ഞുങ്ങളുമായെത്തി ഭിക്ഷ യാചിക്കുന്നത്. ഉത്തരേന്ത്യയില്‍ നിന്നുള്ള നാടോടി കുടുംബങ്ങളാണ് ഇത്തരത്തില്‍ കൈക്കുഞ്ഞുങ്ങളുമായി ഭിക്ഷയാചിക്കുന്നത്. കൂട്ടത്തിലെ 6 മുതല്‍ 10 വയസുള്ള പെണ്‍കുട്ടികള്‍ തനിച്ചും ഭിക്ഷയാചിക്കുന്നുണ്ട്.
വെയിലേറ്റ് വലഞ്ഞ മട്ടില്‍ ദയനീയമായാണ് ഭിക്ഷയാചിക്കുന്നത്.കൊടുത്തില്ലെങ്കില്‍ സിഗ്‌നലില്‍ പച്ചകത്തും വരെ പിന്നാലെ കൂടും. ഭക്ഷണം നല്‍കിയാലും പൈസ മതിയെന്ന് പറയും.
കിഴക്കേകോട്ട,പാളയം,കുമാരപുരം,പള്ളിമുക്ക്,പേട്ട,ചാക്ക,മെഡിക്കല്‍ കോളേജ് തുടങ്ങിയ ജംഗ്ഷനുകളിലാണ് ഇവരുടെ ശല്യം രൂക്ഷം. കൂടുതല്‍ പണം ലഭിക്കാന്‍ കുട്ടികളുടെ ദേഹത്ത് മുറിപ്പാടുകള്‍ വരുത്തുന്ന സംഭവങ്ങളുമുണ്ട്.ഉത്സവ സീസണുകളിലാണ് കൂട്ടത്തോടെ ഇവര്‍ കേരളത്തിലേക്കെത്തുന്നത്. ഓണത്തിനെത്തിയ പല സംഘങ്ങളും ഇതുവരെ മടങ്ങിയിട്ടില്ല. നവരാത്രിയാഘോഷങ്ങള്‍ ആരംഭിച്ചതോടെ ക്ഷേത്ര പരിസരങ്ങളിലും തമ്പടിക്കുന്നുണ്ട്.
ബാലഭിക്ഷാടനം ബാലനീതി നിയമം 2015 പ്രകാരം അഞ്ചുവര്‍ഷം വരെ തടവും ഒരു ലക്ഷം വരെ പിഴയും ലഭിക്കുന്ന കുറ്റകൃത്യമാണെങ്കിലും പലരും നിയമം അനുശാസിക്കുന്നില്ല. കീചെയിന്‍,കമ്മല്‍,ബൊമ്മ തുടങ്ങിയ വിവിധതരം ഉത്പന്നങ്ങളുമായാണ് സംഘം ആദ്യം തലസ്ഥാനത്തെത്തിയത്. പിന്നീടാണ് ഭിക്ഷാടനത്തിലേക്ക് തിരിഞ്ഞത്.സിഗ്‌നലില്‍ കിടക്കുന്ന കാറുകളുടെ ഗ്ലാസുകള്‍ ഉടമകള്‍ ആവശ്യപ്പെടാതെ തന്നെ തുടച്ചും മുതിര്‍ന്നവര്‍ പണം ആവശ്യപ്പെടുന്നുണ്ട്.
പരാതികള്‍ അനവധി
കുട്ടികളെയും ഒക്കത്തുവച്ച് സ്ത്രീകളും ഭിക്ഷയെടുക്കുന്നുണ്ട്.അടുത്തകാലത്ത് നിരവധി പരാതികള്‍ ലഭിച്ചതായി ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ഷാനിബ ബീഗം കേരളകൗമുദിയോട് പറഞ്ഞു. തങ്ങളെക്കൊണ്ട് ചെയ്യാന്‍ പറ്റുന്നതിന്റെ പരമാവധി ചെയ്യുന്നുണ്ട്.അടുത്തിടെ ഇത്തരത്തില്‍ രണ്ട് കുട്ടികളെയും അമ്മയെയും രക്ഷിച്ചു.എന്നാല്‍, സ്ത്രീ വല്ലാതെ ബഹളം വയ്ക്കുന്നുണ്ടായിരുന്നു. അവരെ മാനസിക ചികിത്സാകേന്ദ്രത്തിലേക്കും കുട്ടികളെ ഷെല്‍റ്റര്‍ ഹോമിലേക്കും മാറ്റിയെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. പൊലീസ് വിലക്കുമ്പോള്‍ മറ്റ് ഇടങ്ങളിലേക്ക് ചേക്കേറും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |