മട്ടാഞ്ചേരി: വെർച്വൽ അറസ്റ്റിലൂടെ വീട്ടമ്മയുടെ 2.88 കോടി രൂപ തട്ടിയെടുത്ത കേസിൽ മുഖ്യപ്രതി മഹാരാഷ്ട്ര സ്വദേശി സന്തോഷ് (50) അറസ്റ്റിൽ. മഹാരാഷ്ട്ര ഗോനിഡയിൽ നിന്ന് മട്ടാഞ്ചേരി എസ്.ഐ ജിമ്മി ജോസിന്റെ നേതൃത്വത്തിലാണ് ഇയാളെ പിടികൂടിയത്.
മട്ടാഞ്ചേരി ആനവാതിൽ സ്വദേശിയായ വീട്ടമ്മയാണ് തട്ടിപ്പിനിരയായത്. മുംബയ് പൊലീസ് എന്ന വ്യാജേന ഫോണിൽ വിളിച്ച് കള്ളപ്പണം, ക്രിപ്‌റ്റോ കറൻസി ഇടപാടുമായി ബന്ധപ്പെട്ട് മുംബയ് തിലക് നഗർ സ്റ്റേഷനിൽ വീട്ടമ്മയെ പ്രതിയാക്കി കേസെടുത്തിട്ടുണ്ടെന്നും തുടർനടപടികളിൽ നിന്നൊഴിവാകാൻ പണം വേണമെന്നും ആവശ്യപ്പെടുകയായിരുന്നു. വീട്ടമ്മയുടെ വാട്ട്‌സാപ്പ് നമ്പറിലേക്ക് സന്തോഷിന്റെ ഫോൺ നമ്പറിൽ നിന്നാണ് വീഡിയോ കാൾ ചെയ്തതത്. വീഡിയോ കാളിൽ വ്യാജ കോടതിയും പൊലീസ് സ്റ്റേഷനും സൃഷ്ടിച്ചാണ് വെർച്വൽ അറസ്റ്റ് ചെയ്തതായി വീട്ടമ്മയെ തെറ്റിദ്ധരിപ്പിച്ചത്.
ജൂലായ് 10 മുതൽ ആഗസ്റ്റ് 11 വരെ വീട്ടമ്മയുടെയും ഭർത്താവിന്റെയും അക്കൗണ്ടുകളിൽ നിന്ന് പ്രതികൾക്ക് പണം കൈമാറി. സ്വർണം പണയം വച്ചും തുക നൽകി. അടുത്തുള്ള പൊലീസ് സ്റ്റേഷനിൽ നിന്ന് ക്ലിയറൻസ് സർട്ടിഫിക്കറ്റ് വേണമെന്നും തട്ടിപ്പുകാർ വീട്ടമ്മയോട് പറഞ്ഞു. ഇതിനായി സ്റ്റേഷനിൽ എത്തിയപ്പോഴാണ് തട്ടിപ്പിനിരയായതായി വീട്ടമ്മയും ഭർത്താവും അറിയുന്നത്.
മഹാരാഷ്ട്ര നവി മുംബയ് സ്വദേശികളായ സാക്ഷി അഗർവാൾ, സന്തോഷ്, വിജയ് ഖന്ന, സഞ്ജയ് ഖാൻ, ശിവ സുബ്രഹ്‌മണ്യം എന്നിവരെ പ്രതികളാക്കി മട്ടാഞ്ചേരി പൊലീസ് കേസ് രജിസ്റ്റർ ചെയ്തിരുന്നു.
നാല് പ്രതികൾ കൂടി പിടിയിലാകാനുണ്ട്. പൊലീസ് ഉദ്യോഗസ്ഥരായ വി.ഡി സനീഷ്, സുബിത്ത്, ഫെബിൻ, മാത്യു, സുധീഷ് എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |