ചെന്നൈ: തമിഴ്നാട് പിടിച്ചെടുക്കാനായി ദിഗ്വിജയത്തിനു പുറപ്പെട്ട വിജയ് യുടെ കണക്കുകൂട്ടൽ കാരൂരിൽ തെറ്റി. 40 പേരുടെ ഉയിരാണ് വിണ്ണേറിയത്. രാജ്യത്തെയാകെ ഞെട്ടിച്ച ദുരന്തത്തിനുശേഷം ടി.വി.കെയ്ക്കു നേരെയോ വിജയ് യുടെ നേരെയോ സംഘടിതമായ രാഷ്ട്രീയ ആക്രമണം ഉണ്ടായിട്ടില്ല എന്നതാണ് ശ്രദ്ധേയം. സംഭവസ്ഥലത്തെ പൊതുജനങ്ങളിൽ ഒരു വിഭാഗം വിജയ്‌യെ കുറ്റപ്പെടുത്തുമ്പോൾ, മറ്റൊരു വിഭാഗം വിജയ്‌യെ ന്യായീകരിച്ച് ഡി.എം.കെ സർക്കാരിനെയും പൊലീസിനേയും ശക്തമായി വിമർശിക്കുകയാണ്. ഈ ദുരന്തത്തിന്റെ പ്രത്യാഘാതം ആരാകും അനുഭവിക്കേണ്ടിവരുന്നതെന്ന് വരുംനാളുകളിലേ അറിയാൻ കഴിയൂ. രാഷ്ട്രീയ തന്ത്രങ്ങൾക്ക് അതിൽ നിർണായക പങ്കുണ്ട്.
വിജയ് പെട്ടെന്ന് മടങ്ങിയത് തിരിച്ചടി
പ്രചാരണ വാഹനത്തിനു മുകളിൽ വിജയ് സംസാരിച്ചുകൊണ്ടു നിൽക്കുമ്പോൾ തന്നെ ആളുകൾ കുഴഞ്ഞു വീഴുന്നുണ്ടായിരുന്നു. ആംബുലൻസുകൾ വന്നപ്പോൾപോലും വിജയ്‌ക്ക് കാര്യം പിടികിട്ടിയിരുന്നില്ല. ദുരന്ത സൂചന കിട്ടിയതോടെ പ്രസംഗം അവസാനിപ്പിച്ച് വാഹനത്തിനുള്ളിലേക്കു പോയ വിജയ് നേരെ എത്തിയത് തിരുച്ചിറപ്പള്ളി വിമാനത്താവളത്തിലാണ്. അവിടെ നിന്നു വീട്ടിലേക്കു പോയി. അതിനുശേഷമാണ് ഹൃദയം വിങ്ങുന്നു എന്ന് പറഞ്ഞ് എക്സിൽ പോസ്റ്റിട്ടത്.
സ്ഥലത്ത് തങ്ങാതെ ചെന്നൈയിലേക്ക് മടങ്ങിയതിൽ പാർട്ടി പ്രവർത്തകർക്കു അമർഷമുണ്ട്. വിജയ് കരൂരിൽ തങ്ങി മരിച്ചവരുടെ ബന്ധുക്കളെയെങ്കിലും കണ്ട് മടങ്ങിയിരുന്നുവെങ്കിൽ മതിപ്പ് ഉളവാക്കുമായിരുന്നു എന്നാണ് ആരാധകർ ചൂണ്ടിക്കാട്ടുന്നത്. തയ്യാറാക്കിയ സ്ക്രിപ്ട് നോക്കി പ്രസംഗിക്കുകയും പ്രവർത്തിക്കുകയും ചെയ്യുന്ന വിജയ് പെട്ടെന്നൊരു സംഭവം ഉണ്ടായപ്പോൾ എന്തു ചെയ്യണമെന്നറിയാതെ സ്വന്തം തടി രക്ഷിക്കാനായി സ്ഥലം വിട്ടെന്നാണ് എതിരാളികൾ ആക്ഷേപിക്കുന്നത്.
ഓടിയെത്തി സ്റ്റാലിൻ;
വാക്കുകൾ പക്വതയോടെ
കിട്ടിയ അവസരം മുതലെടുത്ത് വിജയ്‌യെ കുറ്റക്കാരനായി ചിത്രീകരിക്കാൻ ഡി.എം.കെ ഉൾപ്പെടെയുള്ള പ്രധാന രാഷ്ട്രീയ പാർട്ടികളുടെ നേതാക്കൾ തയ്യാറായില്ല. സംഭവത്തിന്റെ ഗൗരവം ഉൾക്കൊണ്ട് പക്വതയോടെ പ്രവർത്തിക്കുകയായിരുന്നു മുഖ്യമന്ത്രി എം.കെ.സ്റ്രാലിൻ.
7.45ന് വിവരം അറിഞ്ഞയുടൻ കരൂർ എം.എൽ.എയും മുൻമന്ത്രിയുമായ സെന്തിൽ ബാലാജിയെ വിളിച്ച് ആശുപത്രിയിലേക്കു പോകാൻ നിർദ്ദേശിച്ചു. രാത്രിയിൽ തന്നെ ചെന്നൈയിൽ നിന്നു പുറപ്പെട്ട് പുലർച്ചെയോടെ എം.കെ.സ്റ്റാലിൻ ആശുപത്രിയിലെത്തി. മോർച്ചറിയിലെത്തി മരിച്ചവർക്ക് അന്തിമോപാചരം അർപ്പിച്ചു. പരിക്കേറ്റവരെയും സന്ദർശിച്ചു. ആശുപത്രിയിൽ അവലോകന യോഗവും നടന്നു.
രാഷ്ട്രീയ പാർട്ടികളുടെ യോഗത്തിൽ നടന്നിട്ടില്ലാത്ത ദുരന്തമാണെന്നും സംഭവിക്കാൻ പാടില്ലാത്തതാണെന്നും പ്രതികരിച്ചു. ജുഡിഷ്യൽ അന്വേഷണത്തിൽ കാരണം വ്യക്തമാകട്ടെയെന്നും അന്വേഷണത്തിന് ഒടുവിൽ ഉചിതമായ നടപടി ഉണ്ടാകുമെന്നും മാദ്ധ്യമങ്ങളോടു പറഞ്ഞു. വിജയ് യെ അറസ്റ്റ് ചെയ്യുമോ എന്ന് ചോദ്യത്തിന് ആരെ അറസ്റ്റ് ചെയ്യും, ചെയ്യില്ല എന്ന് ഇപ്പോൾ തനിക്ക് പറയാനാകില്ലന്നായിരുന്നു മറുപടി. പൊലീസ് വീഴ്ചയെ കുറിച്ച് ചോദ്യം ഉയർന്നപ്പോൾ, അന്വേഷണത്തിൽ സത്യം വ്യക്തമാകട്ടെ എന്നാണ് പറഞ്ഞത്.
മരിച്ചവരുടെ വീടുകൾ സന്ദർശിച്ച പ്രതിപക്ഷ നേതാവ് എടപ്പാടി പളനിസാമിയും കരുതലോടെയാണ് പ്രതികരിച്ചത്.
ആദ്യം കോടതി പറയട്ടെ...
റാലിയുമായി ബന്ധപ്പെട്ട് വിജയ്‌ക്കെതിരെയുള്ളതും വിജയ് നൽകിയതുമായ കേസുകളെല്ലാം ഇന്ന് മദ്രാസ് ഹൈക്കോടതി പരിഗണിക്കുന്നുണ്ട്. കോടതിയുടെ നിലപാടിനെ ആശ്രയിച്ചിരിക്കും ടി.വി.കെയുടെ ഭാവിപരിപാടികൾ.
വിജയ്‌യെ പേര് പറഞ്ഞ് വിമർശിക്കരുത് എന്ന നിർദേശമാണ് ഡി.എം.കെ നേതാക്കൾക്ക് നേരത്തെ സ്റ്റാലിൻ നൽകിയത്.
മാസ് ഡയലോഗുകൾ
ഇനി ഉയരുമോ?
ചെന്നൈ: ആഗസ്റ്റ് 21ന് മധുരയിൽ നടന്ന ടി.വി.കെയുടെ സമ്മേളനത്തിൽ പാർട്ടി അദ്ധ്യക്ഷൻ വിജയ് പറഞ്ഞത്
'സിംഹം ഒന്നിനേയും വെറുതെ തൊടില്ല, തൊട്ടാൽ വിടില്ല...
ഒരു സിംഹത്തിന് ആൾക്കൂട്ടത്തിൽ എങ്ങനെ ജീവിക്കണമെന്നും ഒറ്റയ്ക്ക് എങ്ങനെ ജീവിക്കണമെന്നും അറിയാം. സിംഹം വേട്ടയാടാൻ മാത്രമേ പുറത്തു വരികയുള്ളൂ, ചുമ്മാ വിനോദത്തിന് വരില്ല. അത് എല്ലായ്‌പ്പോഴും ജീവനുള്ള ഇരയെ വേട്ടയാടുന്നു...
സിംഹം ആരാണെന്ന് പറയേണ്ടതില്ലല്ലോ; അത് വിജയ് തന്നെ. തന്റെ വേട്ട ആരംഭിച്ചുവെന്ന മുന്നറിയിപ്പാണ് വിജയ് മധുര സമ്മേളനത്തിൽ നൽകിയത്. മാസ് ഡയലോഗുകൾ അടങ്ങിയ സ്ക്രിപ്ട് വേറെ ആരോ തയ്യാറാക്കുന്നതാണെന്നും സിനിമയിലെന്നപോലെ വിജയ് അത് അവതരിപ്പിക്കുകയാണ് ചെയ്യുന്നതെന്നും വിക്രവാണ്ടിയിൽ നടന്ന ആദ്യ സമ്മേളനത്തിൽ തന്നെ ആക്ഷേപം ഉയർന്നിരുന്നു. കടുത്ത ആരാധകർ അതൊന്നും ഗൗനിച്ചില്ല. അവർക്ക് 'വിജയ് അണ്ണൻ ഉയിർ".
അട്ടിമറിയെന്ന് ബി.ജെ.പിയും
അണ്ണാ ഡി.എ.കെയും
കരൂർ: ആൾക്കൂട്ട ദുരന്തം അട്ടിമറിയാണെന്ന് ബി.ജെ.പിയും അണ്ണാ ഡി.എം.കെയും ആരോപിച്ചു. എന്തോ ചതി നടന്നിട്ടുണ്ടെന്ന് തമിഴ്നാട് ബി.ജെ.പി പ്രസിഡന്റ് നൈനാർ നാഗേന്ദ്രൻ ആരോപിച്ചു. ദുരന്ത സ്ഥലം സന്ദർശിച്ചശേഷം സംസാരിക്കുകയായിരുന്നു നൈനാർ നാഗേന്ദ്രൻ. സമഗ്രമായ അന്വേഷണം വേണമെന്നും കുറ്റക്കരെ വെറുതെ വിടരുതെന്നും നേതാവിന്റെ ഗുണം ഉണ്ടായിരുന്നുവെങ്കിൽ വിജയ് വേഗത്തിൽ മടങ്ങില്ലായിരുന്നുവെന്നും വിമർശിച്ചു. വിജയ്‌ക്ക് ഒരു നേതൃഗുണവുമില്ല. പ്രസംഗം പോലെ എളുപ്പമല്ല സംഘാടനം. ദുരന്തത്തിലെ പൊലീസ് വീഴ്ചയും അന്വേഷിക്കണം .ചതി നടന്നുവെന്നും വിജയ് വന്നപ്പോൾ വൈദ്യുതി നിലച്ചെന്നും നാഗേന്ദ്രൻ ആരോപിച്ചു. അണ്ണാ ഡി.എം.കെ നേതാക്കളും ഇതേ നിലപാടാണ് സ്വീകരിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |