പാക് മന്ത്രി മൊഹ്‌സിൻ നഖ്‌വിയിൽ നിന്ന് ട്രോഫി വാങ്ങാതെ ഇന്ത്യ
എന്നാൽ മറ്റാരും കൊടുക്കേണ്ടെന്ന് വാശിപിടിച്ച് നഖ്‌വി
ഇന്ത്യയുടെ ട്രോഫിയുമായി നഖ്‌വി ഹോട്ടലിലേക്ക് പോയി
കപ്പില്ലാതെ ഇന്ത്യയുടെ വിജയാഘോഷം
ഐ.സി.സിക്ക് പരാതി നൽകുമെന്ന് ബി.സി.സി.ഐ
ദുബായ് : തുടങ്ങുംമുന്നേ വിവാദങ്ങളിൽ നിറഞ്ഞുനിന്ന ഏഷ്യാകപ്പിന്റെ സമ്മാനദാനച്ചടങ്ങിലും വിവാദകോലാഹലം. പാകിസ്ഥാൻ മന്ത്രികൂടിയായ ഏഷ്യൻ ക്രിക്കറ്റ് കൗൺസിൽ ചെയർമാൻ മൊഹ്‌സിൻ നഖ്‌വിയിൽ നിന്ന് കിരീടം ഏറ്റുവാങ്ങില്ലെന്ന് ഇന്ത്യൻ നായകൻ സൂര്യകുമാർ യാദവ് മത്സരത്തിന് മുന്നേതന്നെ പറഞ്ഞിരുന്നു. കളി കഴിഞ്ഞപ്പോൾ സൂര്യ നിലപാടിൽ ഉറച്ചുനിന്നു. മറ്റാരിൽനിന്നും ട്രോഫി വാങ്ങാൻ തയ്യാറാണെന്നും അറിയിച്ചു. ഇതോടെ സമ്മാനദാനച്ചടങ്ങ് ഒരുമണിക്കൂറിലേറെ വൈകി.മാച്ച്ഒഫിഷ്യൽസും ഇന്ത്യൻ താരങ്ങളും തമ്മിൽ ദീർഘനേരം നടന്ന ചർച്ചയിൽ യു.എ.ഇ ക്രിക്കറ്റ് ബോർഡ് വൈസ് ചെയർമാൻ ഖാലിദ് അൽ സറൂണി ട്രോഫി സമ്മാനിക്കാൻ തയ്യാറായെങ്കിലും മൊഹ്‌സിൻ നഖ്‌വി അതിന് വഴങ്ങിയില്ല. താനല്ലാതെ മറ്റാരും വിജയികൾക്കുള്ള ട്രോഫി സമ്മാനിക്കേണ്ടെന്ന് വാശിപിടിച്ചു. ഒടുവിൽ കിരീടദാനം ഇല്ലാതെയാണ് സമാപനച്ചടങ്ങ് നടന്നത്.
ആദ്യം പാക് താരങ്ങൾ വ്യക്തിഗത മെഡലുകൾ ഏറ്റുവാങ്ങി. റണ്ണേഴ്സ് അപ്പിനുള്ള ചെക്ക് വലിച്ചെറിഞ്ഞ ശേഷമാണ് പാക് ക്യാപ്ടൻ സൽമാൻ ആഗ അവതാരകനായ സൈമൺ ഡള്ളുമായി അഭിമുഖത്തിന് എത്തിയത്.
ഇന്ത്യൻ താരങ്ങളിൽ നിന്ന് പ്ളേയർ ഒഫ് ദ മാച്ചായ തിലക് വർമ്മയും വാല്യുവബിൾ പ്ളേയറായ കുൽദീപ് യാദവും പ്ളേയർ ഒഫ് ദ ടൂർണമെന്റായ അഭിഷേക് ശർമ്മയും കാഷ് അവാർഡ് ഏറ്റുവാങ്ങി. ഇവരാരും വേദിയിലുണ്ടായിരുന്ന മൊഹ്‌സിൻ നഖ്‌വിക്ക് ഷേക് ഹാൻഡ് നൽകുകയോ ശ്രദ്ധിക്കുകയോ ചെയ്തില്ല. ഇന്ത്യൻ ടീം മൊത്തമായി മെഡലും ക്യാപ്ടൻ സൂര്യകുമാർ ട്രോഫിയും ഏറ്റുവാങ്ങാൻ എത്തിയില്ല. സമ്മാനദാനച്ചടങ്ങ് അവസാനിച്ചതായി പ്രഖ്യാപിച്ചശേഷം ഇന്ത്യൻ താരങ്ങൾ വേദിയിലെത്തി ട്രോഫിയില്ലാതെ ആഹ്ളാദപ്രകടനം നടത്തി. ട്രോഫിയുമായി പോഡിയത്തിലേക്ക് ചുവടുവച്ച് എത്തുന്നതായി അഭിനയിച്ച് സൂര്യ ആഘോഷങ്ങൾക്ക് നേതൃത്വം നൽകി.
ചടങ്ങുകഴിഞ്ഞ് മടങ്ങിയ നഖ്‌വി തന്റെ ഹോട്ടൽമുറിയിലേക്ക് ട്രോഫിയുമായി പോയെന്നാണ് റിപ്പോർട്ടുകൾ. ഇന്ത്യയ്ക്ക് അവകാശപ്പെട്ട ട്രോഫിയുമായി നഖ്‌വി കടന്നുകളഞ്ഞത് ഗുരുതരമായ തെറ്റാണെന്നും ഇതിനെതിരെ ഇന്റർനാഷണൽ ക്രിക്കറ്റ് കൗൺസിലിന് പരാതി നൽകുമെന്നും ബി.സി.സി.ഐ സെക്രട്ടറി ദേവ്ജിത്ത് സൈക്കിയ അറിയിച്ചു. ആദ്യമായാണ് കളി ജയിച്ചിട്ടും കപ്പ് കിട്ടാത്തതെന്ന് സൂര്യകുമാർ യാദവ് പറഞ്ഞു.
ആവേശമായി മോദിയുടെ ട്വീറ്റ്
ഇന്ത്യൻ താരങ്ങളെ അഭിനന്ദിച്ചുകൊണ്ട് പ്രധാനമന്ത്രിയുടെ ട്വീറ്റും വൈറലായി.'' ഇത് കളിക്കളത്തിലെ ഓപ്പറേഷൻ സിന്ദൂർ. അതിർത്തിയിലും കളിക്കളത്തിലും ഇന്ത്യയ്ക്ക് ഒരേ വിജയം. ഇന്ത്യൻ ടീമിന് അഭിനന്ദനങ്ങൾ""- എന്നായിരുന്നു മോദിയുടെ ട്വീറ്റ്. സൂര്യകുമാർ യാദവ് പ്രധാനമന്ത്രിക്ക് നന്ദി അർപ്പിക്കുകയും ചെയ്തു. രാജ്യത്തിന്റെ നായകൻ ഫ്രണ്ട്ഫുട്ടിൽ ബാറ്റ് ചെയ്യുമ്പോൾ ആവേശത്തിന് മറ്റെന്തുവേണമെന്നാണ് സൂര്യ പ്രതികരിച്ചത്.
3-0
മത്സരശേഷം ബി.സി.സി.ഐ സോഷ്യൽ മീഡിയയിൽ ഇട്ട 3-0 പോസ്റ്റ് വൈറലായി. മൂന്ന് ആക്രമണങ്ങൾ, 0 മറുപടി എന്നായിരുന്നു ബി.സി.സി.ഐ പോസ്റ്റ്. ഏഷ്യാകപ്പ് മത്സരത്തിനിടെ ഓപ്പറേഷൻ സിന്ദൂറിൽ ആറ് ഇന്ത്യൻ യുദ്ധവിമാനങ്ങൾ വെടിവച്ചിട്ടു എന്ന പാകിസ്ഥാൻ താരം ആസാദ് റൗഫിന്റെ പ്രകോപനപരമായ 6-0 ആംഗ്യത്തിന് മറുപടിയാണ് ഈ പോസ്റ്റ്. ഇന്നലെ റൗഫ് മെഡൽ വാങ്ങാൻ വന്നപ്പോൾ കൊഹ്‌ലി എന്ന് വിളിച്ചും പാക് ടീം വന്നപ്പോൾ ഇന്ത്യ എന്നുവിളിച്ചും ഗാലറിയിൽ നിന്ന് കളിയാക്കിയിരുന്നു.സൽമാൻ ആഗയേയും ഇന്ത്യൻ കാണികൾ കൂകി വിളിച്ചിരുന്നു.
21 കോടി സമ്മാനം
ഏഷ്യാകപ്പ് ജേതാക്കളായ ഇന്ത്യൻ ടീമിനും സപ്പോർട്ടിംഗ് സ്റ്റാഫിനും ബി.സി.സി.ഐ 21 കോടി രൂപസമ്മാനം പ്രഖ്യാപിച്ചു.
സൂര്യയുടെ മാച്ച് ഫീസ് സൈന്യത്തിന്
തന്റെ മാച്ച് ഫീസ് മുഴുവനായി ഇന്ത്യൻ സൈന്യത്തിനും പഹൽഗാം ആക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ കുടുംബങ്ങൾക്കുമായി സമർപ്പിക്കുന്നുവെന്ന് സൂര്യകുമാർ യാദവ് പറഞ്ഞു. ട്രോഫി കൈമാറാതിരുന്നതിലെ നിരാശയും സൂര്യ പ്രകടമാക്കി. തന്നെ സംബന്ധിച്ചിടത്തോളം യഥാർത്ഥട്രോഫികൾ ഡ്രെസിംഗ് റൂമിലെ 14 സഹതാരങ്ങളാണെന്നും സൂര്യ പറഞ്ഞു. പത്രസമ്മേളനത്തിൽ പ്രകോപനപരമായ ചോദ്യങ്ങൾ ഉന്നയിച്ച പാക് പത്രപ്രവർത്തകരെ തഴയുകയും ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |