ലണ്ടൻ : പരിക്കിൽ നിന്ന് മോചിതനാകാത്തതിനെത്തുടർന്ന് ആഷസ് പരമ്പരയ്ക്കുള്ള ടീമിൽ നിന്ന് ഒഴിവാക്കപ്പെട്ടതിന് പിന്നാലെ ഇംഗ്ളീഷ് ആൾ റൗണ്ടർ ക്രിസ് വോക്സ് അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചു.14 വർഷം നീണ്ട കരിയറിനാണ് 36കാരനായ വോക്സ് കർട്ടനിടുന്നത്. ജൂലായ്‌യിൽ ഇന്ത്യയ്ക്ക് എതിരായ പരമ്പരയിലെ അഞ്ചാം ടെസ്റ്റിലാണ് വോക്സിന് പരിക്കേറ്റിരുന്നത്. തോളിന് പരിക്കേറ്റിട്ടും തോൽവി ഒഴിവാക്കാൻ ഒറ്റക്കയ്യിൽ ബാറ്റുമായിറങ്ങി വോക്സ് വാർത്തകളിൽ ഇടം പിടിച്ചിരുന്നു. വോക്സ് പുറത്താകാതെ നിന്നിട്ടും ഇംഗ്ളണ്ട് ആറുറൺസിന് ആ മത്സരത്തിൽ തോറ്റിരുന്നു.
ഇംഗ്ളണ്ടിനായി 62 ടെസ്റ്റുകളും 122 ഏകദിനങ്ങളും 33 ട്വന്റി -20കളും കളിച്ചിട്ടുണ്ട് വോക്സ്.
2013ൽ ഓസ്ട്രേലിയയ്ക്ക് എതിരെ ഓവലിലാണ് ടെസ്റ്റ് അരങ്ങേറ്റം.ഇതേവേദിയിലായിരുന്നു ഈ വർഷം അവസാന ടെസ്റ്റും.
ഒരു സെഞ്ച്വറിയും ഏഴ് അർദ്ധസെഞ്ച്വറികളുമടക്കം 2034 റൺസും 192 വിക്കറ്റുകളുമാണ് ടെസ്റ്റിലെ സമ്പാദ്യം.
2011ൽ ഓസ്ട്രേലിയ്ക്ക് എതിരെ സിഡ്നിയിൽ ഏകദിന അരങ്ങേറ്റം.2023 ലോകകപ്പിൽ കൊൽക്കത്തയിൽ പാകിസ്ഥാനെതിരെയാണ് അവസാനമായി ഏകദിനത്തിൽ കളിച്ചത്.ആറ് അർദ്ധസെഞ്ച്വറികളടക്കം1524 റൺസും 173 വിക്കറ്റുകളുമാണ് ഏകദിനത്തിലെ സമ്പാദ്യം.
2011ൽ ഓസ്ട്രേലിയ്ക്ക് എതിരെ അഡ്‌ലെയ്ഡിലാണ് ട്വന്റി-20 അരങ്ങേറ്റം.2023ൽ വിൻഡീസിനെതിരെ ടൗറോബയിൽ അവസാന ട്വന്റി-20. 147 റൺസും 33 വിക്കറ്റുകളുമാണ് സമ്പാദ്യം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |