കടുത്ത ധന പ്രതിസന്ധിമൂലം ട്രഷറി നിയന്ത്രണം ഏർപ്പെടുത്തിയത് സംസ്ഥാനത്തെ പദ്ധതി പ്രവർത്തനങ്ങളെയും ക്ഷേമപ്രവർത്തനങ്ങളെയും ബാധിക്കുന്നതിലുള്ള ആശങ്ക സഭ നിറുത്തി വച്ച് ചർച്ച ചെയ്യണമെന്ന ഉപക്ഷേപമാണ് കോൺഗ്രസ് അംഗം മാത്യു കുഴൽനാടൻ ഇന്നലെ നിയമസഭയിൽ കൊണ്ടുവന്നത്. ഇത് ചർച്ചയാവാമെന്ന് ഭരണപക്ഷം സമ്മതവും മൂളി. പക്ഷെ 12 മണിക്ക് ഉപക്ഷേപം അവതരിപ്പിച്ചപ്പോഴാണ് ഇതിന്റെ ഗൗരവം ശരിക്കും ബോദ്ധ്യമായത്.
മന്ത്രിമാർക്ക് പിന്നിലുള്ള ഓഫീസേഴ്സ് ഗാലറി ഏറെക്കുറെ ശൂന്യം. വിഷയത്തിൽ ഉത്സാഹം കാട്ടേണ്ട പ്രതിപക്ഷത്തെ സീറ്റുകളിൽ നല്ലൊരു പങ്കും ഒഴിഞ്ഞു കിടന്നു. പ്രതിപക്ഷത്തെ കുത്താൻ സി.പി.എം അംഗം യു.പ്രതിഭ തന്റെ പ്രസംഗത്തിനിടെ ഇത് ചൂണ്ടിക്കാട്ടുകയും ചെയ്തു. ഭരണപക്ഷ ബഞ്ചിലെ സ്ഥിതിയും അത്ര മെച്ചമായിരുന്നില്ല. രണ്ട് പക്ഷത്തും ആളില്ലെന്ന് ഒരു ഘട്ടത്തിൽ സ്പീക്കറുടെ ആത്മഗതം .
സംസ്ഥാനത്തിന്റെ സമ്പദ്ഘടന ടേക്ക് ഓഫിലാണെന്ന് ധനമന്ത്രി പറഞ്ഞത്, ദുരന്തമുണ്ടായ അഹമ്മദാബാദിലെ എയർഇന്ത്യ വിമാനത്തിന്റെ ടേക്ക് ഓഫ് പോലെയായെന്നാണ് മാത്യു കുഴൽനാടൻ ഉപമിച്ചത്. സർണക്കടകളിലെയും ബാറുകളിലെയും നികുതി പിരിവ് കാര്യക്ഷമമല്ലാത്തതാണ് കുഴൽനാടനെ കുഴക്കുന്നത്. വെള്ളമില്ലാത്തിടത്ത് മുങ്ങാൻ പറയും പോലെയാണ് ഫണ്ടില്ലാത്ത തദ്ദേശ സ്ഥാപനങ്ങളുടെ അവസ്ഥ. പട്ടികജാതി വിഭാഗത്തിലെ മികച്ച വിദ്യാർത്ഥികൾക്ക് നൽകാറുള്ള അരപ്പവൻ സ്വർണമെഡൽ അഞ്ചു വർഷമായി സർക്കാർ തടഞ്ഞു വച്ചിരിക്കുന്നു എന്ന് സ്ഥാപിക്കാൻ കവി കടമ്മനിട്ടയുടെ കുറത്തി എന്ന കവിതയെയും കുഴൽനാടൻ കൂട്ടു പിടിച്ചു . 'നിങ്ങളവരുടെ ഇറ്റു സ്വർണം
കവർന്നെടുക്കുന്നോ?'.
മുഖ്യമന്ത്രി പിണറായി വിജയന്റെ ഇരട്ടച്ചങ്കിനെ എത്ര പ്രകീർത്തിച്ചാലും സി.പി.എം അംഗം കെ.ബാബു വിന് തൃപ്തിയാവില്ല. ഇന്നലെ ഹൃദയദിനം കൂടിയായതിനാൽ ചങ്കിൽ തൊട്ടായിരുന്നു ബാബുവിന്റെ കളിയത്രയും. ചങ്കാണ് ചങ്കിടിപ്പാവുക, ഇരട്ടച്ചങ്കുള്ള മുഖ്യമന്ത്രി നേതൃത്വം കൊടുക്കുന്ന എൽ.ഡി.എഫ് സർക്കാർ ജനങ്ങളുടെ ചങ്കാണ്. അടുത്ത മേയ് ആവുമ്പോൾ യു.ഡി.എഫിന്റെ ചങ്കിടിപ്പ് നിലയ്ക്കുമെന്നു കൂടി ബാബു കാച്ചി.
വിലക്കയറ്റം ലാഭകരമെന്ന് പറയേണ്ട ന്യായീകരണ തൊഴിലാളികളുടെ അവസ്ഥയിലാണ് ഭരണപക്ഷ എം.എൽ.എമാരെന്ന് കോൺഗ്രസ് അംഗം എ.പി.അനിൽകുമാറിന്റെ പരിഹാസം. മന്ത്രിയിൽ നിന്ന് ഒറ്റക്കാര്യമാണ് അനിൽകുമാറിന് അറിയേണ്ടിയിരുന്നത്. സാമ്പത്തിക പ്രതിസന്ധി ഉണ്ടോ ഇല്ലയോ. പ്രതിസന്ധിയില്ലെങ്കിൽ സർക്കാർ ജീവനക്കാരുടെ ക്ഷാമബത്ത കുടിശിക എന്നു കൊടുക്കും. ശമ്പളപരിഷ്കരണം എന്ന് നടക്കും.കിഫ്ബിയെക്കുറിച്ച് ആക്ഷേപം പറഞ്ഞിട്ട് കുട്ടനാട്ടിൽ പോയി കുത്തിത്തിരിപ്പ് സമരം നടത്തുകയാണ് ചിലരെന്ന യു.പ്രതിഭയുടെ ആക്ഷേപം ആർക്കൊക്കെയോ കൊണ്ടു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |