തിരുവനന്തപുരം: 300 കോടി രൂപയുടെ നാനോ എക്സൽ തട്ടിപ്പ് കേസിൽ ഒളിവിലായിരുന്ന പ്രധാന പ്രതികളെ തൃശൂർ ക്രൈംബ്രാഞ്ച് ചെന്നൈയിൽ നിന്ന് അറസ്റ്റ് ചെയ്തു. പ്രശാന്ത് സുന്ദർ രാജ്, രാധ സുന്ദർ രാജ്, കുമാരി രാജ, മീര ഹരീഷ് എന്നിവരാണ് അറസ്റ്റിലായത്. തൃശൂർ അഡിഷണൽ ചീഫ് ജുഡിഷ്യൽ മജിസ്‌ട്രേറ്റ് കോടതിയിലെ വിചാരണയ്‌ക്ക് ഹാജരാകാതെയാണ് ഇവർ ഒളിവിൽ പോയത്.
ഹൈദരാബാദിൽ സ്ഥിര താമസക്കാരായിരുന്ന പ്രതികൾ അതിസമ്പന്നർ താമസിക്കുന്ന ചെന്നൈയിലെ ഫ്ളാറ്റുകളിലാണ് ഒളിവിൽ കഴിഞ്ഞത്. തൃശൂർ ക്രൈംബ്രാഞ്ച് എസ്.പി ടി.കെ. സുബ്രഹ്മണ്യന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. ഇൻസ്‌പെക്ടർ റിയാസ് രാജ, സബ് ഇൻസ്‌പെക്ടർമാരായ തോംസൺ ആന്റണി, ലിജോ, അസി.സബ് ഇൻസ്‌പെക്ടർ സുബീർകുമാർ എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്.
പ്രതികൾക്കെതിരെ 640 കേസുകൾ
നാനോ എക്‌സൽ തട്ടിപ്പുമായി ബന്ധപ്പെട്ട് 640 കേസുകളാണ് കേരളത്തിൽ രജിസ്റ്റർ ചെയ്തത്. പ്രതികൾ നാനോ ടെക്‌നോളജി ഉപയോഗിച്ച് നിർമ്മിച്ചതാണെന്ന് തെറ്റിദ്ധരിപ്പിച്ച് ഹെൽത്ത് കാർഡ്, ബയോകൂർ, വാട്ടർ ബോട്ടിൽ, നാനോ ഫാബ് ക്ലോത്ത്‌സ്, ബ്രേയ്‌സ്‌ലെറ്റ്, ജുവൽസ് തുടങ്ങിയവ വിതരണം ചെയ്തെന്നും മണി ചെയിൻ സാമ്പത്തിക തട്ടിപ്പ് നടത്തിയെന്നുമാണ് കേസ്.
2011 നവംബർ 15നാണ് നാനോ എക്‌സൽ ഗ്രൂപ്പിന്റെ മാനേജിംഗ് ഡയറക്ടർ ഹരീഷ് ബാബു മദിനേനി, ഭാര്യ മീര എന്നിവർ ഉൾപ്പെടെ 62 പേർക്കെതിരെ തൃശൂർ ചീഫ് ജുഡിഷ്യൽ മജിസ്‌ട്രേറ്റ് കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത്. മദിനേനി ഒന്നാം പ്രതിയും കമ്പനി ഡയറക്ടർ പാട്രിക് തോമസ് രണ്ടാം പ്രതിയുമാണ്. 2011 നവംബർ 28നാണ് കേസിന്റെ വിചാരണ തുടങ്ങിയത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |