
കൊച്ചി: വൈറ്റിലയിലെ ബാറിൽ വടിവാളും കത്തിയുമായെത്തി ഭീകരാന്തരീക്ഷം സൃഷ്ടിച്ച സംഭവത്തിൽ യുവതിയടക്കം മൂന്നുപേർ മരട് പൊലീസിന്റെ പിടിയിൽ. തിരുവനന്തപുരം സ്വദേശിനി അലീന, കൊല്ലം സ്വദേശികളായ ഷഹിൻ ഷാ, അൽ അമീൻ എന്നിവരെയാണ് മരട് പൊലീസ് അറസ്റ്റ് ചെയ്തത്. സംഘത്തിലെ മറ്റുരണ്ടുപേർക്കായി അന്വേഷണം നടക്കുന്നു. അലീന സീരിയൽ നടിയാണെന്നാണ് വിവരം. ബാർജീവനക്കാർ നൽകിയ പരാതിയിലാണ് മൂവരെയും അറസ്റ്റ് ചെയ്തത്. വെള്ളിയാഴ്ച വൈകിട്ട് ബാറിലെത്തിയ അഞ്ചംഗ സംഘം മദ്ധ്യവയസ്കനുമായി വാക്കുതർക്കത്തിലായി. ഇത് കൈയ്യാങ്കളിയിലേക്ക് കടന്നതോടെ ബാർജീവനക്കാർ ഇടപെട്ടു. സംഘർഷം ഒഴിവാക്കാൻ ആവശ്യപ്പെട്ടെങ്കിലും സംഘം കൂട്ടാക്കിയില്ല. തുടർന്ന് ബാർ ജീവനക്കാരനെ മർദ്ദിച്ചതോടെ കൂട്ടയടിയായി. മർദ്ദനമേറ്റ് പുറത്തേക്കു പോയ സംഘം രാത്രിയോടെ ആയുധങ്ങളുമായി തിരിച്ചെത്തി ഭീകരാന്തരീക്ഷം സൃഷ്ടിച്ച് ബാർ ജീവനക്കാരനെ കത്തിമുനയിൽ നിറുത്തി മർദ്ദിച്ചു. പിറ്റേന്ന് മർദ്ദനമേറ്റ സംഘത്തിലെ മൂന്നുപേരും ഒരു സ്വകാര്യ ആശുപത്രിയിൽ ചികിത്സയ്ക്കായെത്തിയപ്പോഴാണ് പിടിയിലാകുന്നത്. രണ്ടുതവണ ബാറിലെത്തി അക്രമം അഴിച്ചുവിട്ടെന്നും ജീവനക്കാരെ മർദ്ദിച്ചെന്നുമാണ് ഇവർക്കെതിരെയുള്ള പരാതി. അക്രമിസംഘം ബാറിലേക്ക് വരുന്നതിന്റെ സിസി.ടിവി ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |